ന്യൂദല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ വലിയ നേട്ടമെന്ന് സര്‍വേ. എബിപി-സി വോട്ടര്‍ മോദി 2.0 റിപ്പോര്‍ട്ട് കാര്‍ഡിലാണ് ഈ വിവരമുള്ളത്. എബിപി-സി വോട്ടര്‍ സര്‍വേയില്‍ പ്രതികരിച്ച 47.4 ശതമാനം ആളുകളും 370-ാം വകുപ്പ് നീക്കം ചെയ്ത നടപടിയാണ് വലിയ നേട്ടമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ തീരുമാനമാണ് വലുതെന്ന് പ്രതികരിച്ച 23.7 ശതമാനം കരുതുന്നു. 543 ലോക്സഭാ മണ്ഡലങ്ങളിലായി 1.39 ലക്ഷം പേരിലാണ് സര്‍വേ നടത്തിയത്.
ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ മെയ് 28 വരെ വിവരശേഖരണം നടത്തി. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ ജനം പിന്തുണയ്ക്കുന്നതായും സര്‍വേ കണ്ടെത്തി. കഴിഞ്ഞവര്‍ഷം രാജ്യം മുഴുവന്‍ അടച്ചിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്ന് 68.4 ശതമാനം പറയുന്നു. ഈ വര്‍ഷം ലോക്ഡൗണ്‍ ഏര്‍പ്പെടുത്താത്ത മോദി സര്‍ക്കാരിന്റെ തീരുമാനത്തെ ശരിവയ്ക്കുന്നത് 53.4 ശതമാനം. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കും ജനപിന്തുണയുണ്ട്.
കോവിഡ് വ്യാപനത്തിനിടെ പദ്ധതി തുടങ്ങാനും തുടരാനുമുള്ള കേന്ദ്രതീരുമാനത്തെ അനുകൂലിക്കുന്നത് 41.8%. വാക്സിന് കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്തത് ശരിയായ രീതിയിലെന്ന് 44.9 ശതമാനം. വാക്സിന് കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിനും വിശാലമായ പിന്തുണ ലഭിച്ചു, 47.9 ശതമാനം. 370-ാം വകുപ്പ് നീക്കം ചെയ്തത് ജമ്മുകാശ്മീരിലെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായെന്ന് സര്‍വേയില്‍ 51 ശതമാനം ആളുകള്‍ പറഞ്ഞു. കാശ്മീരിലെ സാഹചര്യങ്ങള്‍ രണ്ടുവര്‍ഷത്തിനിടയില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തുന്നതാകട്ടെ 59.3 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: