മൈനാഗപ്പള്ളി: കോവൂര്‍ കിഴക്ക് പെട്രോള്‍ പമ്പിന് വടക്ക് ഭാഗത്തുള്ള ‘ഉരുമാളൂര്‍ പഞ്ചായത്ത് കുളം’ നാടിന് ഉപകാരപ്പെടാതെ പോകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധൃതിപിടിച്ച് പൂര്‍ത്തിയാക്കിയ കുളത്തിന്റെ പുനരുദ്ധാരണം കാരണം നാട്ടുകാര്‍ക്ക് വഴി നടക്കേണ്ട റോഡ് പോലും അപ്രത്യക്ഷമാകുന്ന സ്ഥിതയാണിപ്പോള്. ത്രിതല പഞ്ചായത്തിന്റെ ഏതോ ഒരു തലത്തില്‍ ഫണ്ട് ഉള്‍ക്കൊള്ളിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് പണിതീര്‍ത്ത കുളത്തിന് സമീപത്ത് കൂടി വാഹനയാത്ര പോയിട്ട് കാല്‍നടയാത്ര പോലും ദുസ്സഹമായി.
അശാസ്ത്രീയമായ നിര്‍മാണമാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. കുളത്തിന്റെ വശങ്ങളിലുള്ള റോഡുകളിലൂടെ ഒഴുകിവരുന്ന മഴവെള്ളം വഴിതിരിച്ച് വിടാനുള്ള ഓട പണിയാത്തത് കാരണം നേരെ കുളത്തിലെത്തുകയാണ്. കുളത്തില്‍ നിന്ന് തന്നെ കുഴിച്ചെടുത്ത പൂഴിമണ്ണിട്ടാണ് കുളത്തിന്റെ ഭിത്തിക്കും റോഡിനും ഇടയിലുള്ള ഭാഗം നികത്തിയത്. അടിത്തട്ടില്‍ നിന്നും ഭൂനിരപ്പ് വരെയുള്ള ഭിത്തി നിര്‍മാണത്തിന് സിമന്റോ കോണ്‍ക്രീറ്റോ ഉപയോഗിച്ചിട്ടില്ല.
പകരം ചെറിയ പാറച്ചീളുകള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കുളത്തിലെ അധികജലം പുറത്തേക്കൊഴുകാനായി പടിഞ്ഞാറ് ഭാഗത്ത് നിര്‍മിച്ച ഒരു ഓട ജലവിതാനത്തിന് വളരെ മുകളിലായതിനാല്‍ ഉപയോഗമില്ലാത്ത അവസ്ഥയിലാണ്. കുളത്തിന്റെ വടക്കും കിഴക്കും വശങ്ങളില് മഴവെള്ളമൊഴുകാനായി എത്രയും വേഗം ഓട നിര്‍മിക്കണമെന്നാണ് ആവശ്യം. അധികൃതര്‍ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ കുളത്തിന്റെ ഭിത്തികളും സമീപത്തെ റോഡുകളും കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ തകരുമെന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: