തിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശന വിധിയില്‍ മറിച്ചൊന്ന് ആലോചിക്കാതെ വിധി നടപ്പാക്കാനിറങ്ങിയ പിണറായി വിജയനെ മറ്റൊരു വിഷയത്തിലെ ഹൈക്കോടതി വിധി തിരിഞ്ഞു കൊത്തുന്നു. ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിലൂടെ ത്രിശങ്കുവിലായത് ന്യൂനപക്ഷ വകുപ്പ് കൂടി ഇത്തവണ ഏറ്റെടുത്ത മുഖ്യമന്ത്രിയാണ്. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കണമെന്ന് മുസ്ലിം സംഘടനകള്‍ ഒന്നടങ്കം ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വിധി സ്വാഗതം ചെയ്തും ഉടന്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടും ക്രൈസ്തവ സഭകളും സംഘടനകളും രംഗത്തെത്തി. ഇതോടെ, വിഷയത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് പിണറായി സര്‍ക്കാര്‍.
ഹൈന്ദവവിശ്വാസികളുടെ വികാരമായിരുന്ന ശബരിമലയില്‍ യുവതിപ്രവേശന വിധിയില്‍ അപ്പീല്‍ നല്‍കണമെന്ന് ഹിന്ദു സംഘടനകള്‍ ഒന്നാകെ ശക്തമായി ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളതിരുന്ന പിണറായി ആചാരലംഘത്തിന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ കൂട്ടുനിന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതേ പിണറായി തന്നെയാണ് ഇപ്പോഴത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ ഹൈക്കോടതി വിധിയില്‍ അപ്പീല്‍ നല്‍കണെന്ന് മുസ്ലിം വിഭാഗവും വിധി നടപ്പാക്കണമെന്നും ക്രൈസ്തവരും സ്വീകരിച്ച നിലപാടില്‍ അന്തിമതീരുമാനം എടുക്കേണ്ടത്.
ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ഏറെ നാളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് കെസിബിസി വ്യക്തമാക്കി. ജനസംഖ്യാനുപാതമായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്നത് ക്രൈസ്തവ സഭകളുടെ ഏറെ നാളായുള്ള ആവശ്യമാണെന്ന് കെസിബിസി വക്താവ് ഫാ ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു. അതേസമയം വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിവിധ മുസ്ലീം സംഘടനകളും രംഗത്തെത്തി. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് മുസ്ലി ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു. മുസ്ലീങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവും തൊഴില്‍പരവുമായ ഉന്നതിയാണ് ഈ ക്ഷേമപദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയുടെ വിധി മുസ്ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലം മനസിലാക്കാതെയുള്ളതാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണം. ഈ ആനൂകൂല്യം നൂറ് ശതമാനവും മുസ്ലീം സമുദായത്തിന് അവകാശപ്പെട്ടതാണ്. പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികള്‍ വീതം വെക്കണമെന്ന വിധി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ വിധിയില്‍ ന്യൂനപക്ഷങ്ങള്‍ തന്നെ രണ്ടു തട്ടിലായതോടെ എന്തുചെയ്യാനാകുമെന്ന് അറിയാന്‍ നിയമോപദേശം അടക്കം തേടാനുള്ള നീക്കത്തിലാണ് പിണറായി. അതേസമയം, ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നതായിരുന്നു എല്‍.ഡി.എഫ്. നിലപാട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, നിലവില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നും സിപഎം നേതാവും മുന്മന്ത്രിയുമായി പാലോളി മുഹമ്മദ് കുട്ടിയുടെ പ്രതികരണവും പിണറായിക്ക് തലവേദനയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: