കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആര്‍എസ്പി നേതാവും ചവറ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഷിബി ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തിരിന്നില്ല. അതിനു പിന്നാലെയാണ് അവധിയെടുത്തിരിക്കുന്നത്.
ഇതോടെ ആര്എസ്പിക്കുള്ളിലെ പൊട്ടിത്തെറിയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. യുഡിഎഫ് വിജയം ഉറപ്പിച്ച സീറ്റുകളില്‍ ഒന്നായിരുന്നു ചവറ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 2016-ലേത് പോലെ ആര്‍എസ്പിക്ക് സീറ്റൊന്നും ലഭിച്ചില്ല. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ യുഡിഎഫിനോടും പാര്‍ട്ടിയോടും ഷിബു ബേബി ജോണിന് അതൃപ്്തിയുണ്ട്. പാര്‍ട്ടിയില്‍ തന്റെ തീരുമാനങ്ങള്‍ക്ക് വേണ്ടത്ര വിലകല്‍പ്പിക്കുന്നില്ലെന്ന പരാതിയും ഷിബു ജോണ്‍ ഉയര്‍ത്തുന്നുണ്ട്.
യുഡിഎഫിലെ ഐക്യമില്ലായ്മയാണ് ചവറയിലടക്കം ആര്‍എസ്പിയുടെ മത്സരിച്ച അഞ്ചു സീറ്റിലും പരാജയപ്പെടാന്‍ കാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ചവറ കൂടാതെ കുന്നത്തൂരും ഇരവിപുരത്തും മികച്ച വിജയസാധ്യതയും പാര്‍ട്ടി കണക്കാക്കിയിരുന്നു. അതും ഇത്തവണ നഷ്ടമായി. തുടര്‍ച്ചയായി രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആര്‍എസ്പിക്ക് പ്രാതിനിധ്യമില്ലാതായതോടെ കീഴ്ഘടകങ്ങള്‍ കൊഴിഞ്ഞുപോകുന്നതിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ യുഡിഎഫ് വിടണമെന്ന് ഒരു വിഭാഗം അറിയിച്ചെങ്കിലും നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കുന്നത് അപക്വമാകുമെന്ന് വിലയിരുത്തലില്‍ താരുമാനം പിന്നീടത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. പാര്‍ട്ടി യുഡിഎഫ് വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ജൂണ്‍ ഒന്നിന് നടക്കുന്ന നേതൃയോഗത്തില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത് വ്യക്തിപരമായ കാരണങ്ങളാലെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല, അവധി പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് ദോഷമാകുന്ന ഒന്നും ചെയ്യില്ല. ആര്എസ്പിക്കാരനായി തുടരും. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പാര്‍ട്ടി കടന്നുപോവുന്നതെന്നും ഷിബു പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി, കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ടുകള്‍ ചോര്‍ന്നു. ചവറയില്‍ യുഡിഎഫ് അനുഭാവികളെ കൂടെനിര്‍ത്താന്‍ പറ്റിയില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലയിലേക്ക് കേരളം മാറി. ആളുകള്‍ സമുദായ അടിസ്ഥാനത്തില്‍ വോട്ടു ചെയ്യുന്ന നിലയിലേക്ക് എത്തി. സമയബന്ധിതമായി തീരുമാനങ്ങളെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയണമെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: