ആഗ്രഹിച്ചതുപോലെ ഭരണത്തുടര്‍ച്ച ലഭിച്ചിരിക്കുന്നു. ഇനി അഞ്ച് വര്‍ഷം അധികാരത്തില്‍ തുടരാമെന്ന ഉറപ്പുണ്ട്. തന്നിഷ്ടം പോലെ ഭരിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷം ദുര്‍ബലമാണ്. ചോദിക്കാനും പറയാനും തല്ക്കാലം ആരുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂട്ടരുടെയും ഈ അലസ മനോഭാവമാണ് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ തെളിഞ്ഞുകാണുന്നത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളോടും നിരുത്തരവാദപരമായ സമീപനമാണ് നയപ്രഖ്യാപനത്തിലുള്ളതെന്ന് പ്രത്യക്ഷത്തില്‍തന്നെ വ്യക്തമാണ്. കൊവിഡ് രണ്ടാം തരംഗത്തില്‍ മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഗുരുതരമായ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്നതായാണ് പറയുന്നതെങ്കിലും മരണങ്ങള് വര്‍ധിക്കുകയാണ്. പരിശോധനയുടെ കുറവുകൊണ്ടു മാത്രമാണ് രോഗികളുടെ എണ്ണം കുറയുന്നതായി തോന്നുന്നതെന്ന് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാവരും ഭയപ്പെടുന്ന മൂന്നാം തരംഗം സംഭവിച്ചാല്‍ സ്ഥിതിഗതികള്‍ വഷളാകും. പക്ഷേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കാന്‍ കാണിക്കുന്ന താല്പര്യം കൊവിഡ് പ്രതിരോധത്തിന്റെയും മറ്റും കാര്യങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ല.
ഇടതുമുന്നണിക്ക് ലഭിച്ചിരിക്കുന്നത് ഭരണത്തുടര്‍ച്ചയാണെങ്കിലും അധികാരമേറ്റിരിക്കുന്നത് പുതിയ സര്‍ക്കാരാണ്. പക്ഷേ ഈ മാറ്റം നയപ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നില്ല. പേരിനു മാത്രമുള്ള പ്രഖ്യാപനങ്ങളാണ് അധികവും. കൊവിഡിന്റെ കാര്യംതന്നെ എടുത്താല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് നയപ്രഖ്യാപനത്തില്‍ സ്ഥാനംപിടിച്ചിട്ടുള്ളത്. കൊവിഡ് മരണസംഖ്യ കുറച്ചുകാണിച്ചിരിക്കുന്നു. ആഗോള ഉല്‍പ്പാദകര്‍ സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് വാക്സിന് നല്‍കില്ലെന്ന് പഞ്ചാബ് അതിന് ശ്രമിച്ചപ്പോള്‍തന്നെ വ്യക്തമായതാണ്. കേന്ദ്രത്തിനു മാത്രമേ വാക്സിന് ലഭിക്കൂ. സ്ഥിതി ഇതായിരിക്കെ മൂന്നു കോടി കൊവിഡ് വാക്സിന് ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണെന്നും, വാക്സിന് സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നുമൊക്കെയുള്ള എടുത്താല്‍ പൊങ്ങാത്ത അവകാശവാദങ്ങള്‍ പരിഹാസ്യമാണ്. ഈ സര്‍ക്കാര്‍ മഹാകാര്യങ്ങള്‍ ചെയ്യാന്‍ പോവുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാനുള്ള പദ്ധതികളോ നിര്‍ദ്ദേശങ്ങളോ നയപ്രഖ്യാപനത്തിലില്ലാത്തത് കുറ്റകരമായ അനാസ്ഥയാണ്. ക്ഷേമ പെന്‍ഷനുകള്‍ കൊവിഡ് പാക്കേജിന്റെ ഭാഗമായി കാണിച്ച് കയ്യടി നേടാനുള്ള ശ്രമം തട്ടിപ്പാണ്.
ഉദ്ദേശ്യശുദ്ധിയില്ലാത്ത നയപ്രഖ്യാപനമാണ് ഗവര്‍ണറെക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തിച്ചിട്ടുള്ളത്. അടിസ്ഥാനരഹിതമായ കാരണങ്ങള്‍ കണ്ടുപിടിച്ച് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കാണിച്ചിട്ടുള്ള താല്പര്യം തരംതാണ രാഷ്ട്രീയമാണ്. സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടും കടമെടുക്കുന്നതിന് കേന്ദ്രം അനുവദിക്കുന്നില്ലെന്ന കുറ്റപ്പെടുത്തല്‍ ഒരുതരത്തിലും നീതീകരിക്കാവുന്നതല്ല. തോന്നിയപോലെ വായ്പയെടുത്ത് സംസ്ഥാനത്തെ കടക്കെണിയിലകപ്പെടുത്താനാണ് തോമസ് ഐസക് ധനമന്ത്രിയായിരുന്ന കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. ആര്‍ബിഐയുടെ അനുമതിയില്ലാതെ കിഫ്ബി വഴി കടമെടുത്തതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. ഇക്കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് നയപ്രഖ്യാപനം. ചുരുക്കത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനപ്പുറം സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാനോ ജനക്ഷേമം ഉറപ്പുവരുത്താനോ നിര്‍ദ്ദേശങ്ങളൊന്നുമില്ലാത്ത നയപ്രഖ്യാപനം യാന്ത്രികവും ദിശാബോധമില്ലാത്തതുമാണ്. പഴയ വീഞ്ഞ് പഴയ കുപ്പിയില്‍തന്നെ വിളമ്പിയിരിക്കുന്നു എന്നര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: