തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80% മുസ്ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നല്‍കിയിരുന്നത് റദ്ദാക്കിയ ഹൈക്കോടതി വിധിയെ വെല്ലുവിളിച്ച് എംഇഎസ്.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ ഹൈക്കോടതി വിധിയോടുള്ള പ്രതികരണം. ഈ പ്രസ്താവന വഴി ന്യൂനപക്ഷക്ഷേമപദ്ധതികളിലുള്ള അവകാശം തുല്യനീതിയോടെ വിതരണം ചെയ്യപ്പെടണമെന്ന് വാദിച്ച ക്രിസ്ത്യന്‍ സമൂഹത്തെയും എംഇഎസ് വെല്ലുവിളിക്കുകയാണ്.
പാലൊളി കമ്മിറ്റി ശുപാര്‍ശപ്രകാരം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, മദ്രസ അധ്യാപകര്‍ക്കുള്ള സ്കോളര്‍ഷിപ്പ്, കോച്ചിങ് സെന്ററുകള്‍ എന്നിവയ്ക്കാണ് ഫണ്ട് നീക്കിവെച്ചത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഫണ്ടല്ലെന്നും ഫസല്‍ ഗഫൂര്‍ വാദിക്കുന്നു.
“2015ലെ സര്‍ക്കാര്‍ ഉത്തരവില്‍ മറ്റുവിഭാഗങ്ങള്‍ക്ക് 20 ശതമാനം കൊടുക്കണമെന്നത് കടന്നുകൂടിയത് എങ്ങിനെയാണെന്ന് പരിശോധിക്കപ്പെടണം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നടപ്പാക്കിയ പദ്ധതിയെ മുസ്ലിങ്ങളല്ലാത്ത മറ്റു വിഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നത് എങ്ങിനെയാണ്”- ഗഫൂര്‍ ചോദിക്കുന്നു.
ഈ കേസില്‍ എംഇഎസ് കക്ഷി ചേരുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും വീതംവെക്കുന്നത് സംബന്ധിച്ച് വിവിധ ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള തുറന്ന നിയമയുദ്ധത്തിന് വഴിയൊരുങ്ങുകയാണ്. ഇത് മുസ്ലിംന്യൂനപക്ഷത്തെ പ്രീണിപ്പിച്ച് അധികാരത്തിലേറിയ പിണറായി വിജയന് രണ്ടാം സര്‍ക്കാരിന് വലിയെ വെല്ലുവിളിയാകും.
80% മുസ്ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന് പള്ളിവാതുക്കല്‍ നല്കിയ ഹര്‍ജിയിലാണ് വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവുണ്ടായത്. ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും പരിഗണനയില്‍ എടുത്താണ് കോടതി നടപടി.
വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ ജനസംഖ്യാ കണക്ക് ഇതിനു പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ രീതിയില്‍ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാ അനുപാതത്തില്‍ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്ജിക്കാരന് ഉയര്‍ത്തിയത്. പൊതുവായ പദ്ധതികളില്‍ 80% വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: