ന്യൂദല്‍ഹി: കോവിഡ് വൈറസിന്റെ ഉല്പത്തി സംബന്ധിച്ച് ഉറച്ച നിഗമനത്തിലെത്താന്‍ കൂടുതല്‍ പഠനം കൂടി വേണമെന്ന് ആവശ്യമുന്നയിച്ച് ഇന്ത്യ.
കോവിഡ് ഉത്ഭവത്തെപ്പറ്റി ലോകാരോഗ്യസംഘടന നടത്തിയ ആഗോള പഠനത്തിന്റ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരുന്നു ഇന്ത്യ ഇക്കാര്യത്തില്‍ തുടര്‍അന്വേഷണം ആവശ്യപ്പെട്ടത്. ഇതാദ്യമായാണ് ഇന്ത്യ കോവിഡ് ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണോ എന്ന തര്‍ക്കവിഷയത്തില്‍ പരസ്യമായി പ്രതികരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി പഠനം ആവശ്യമില്ലെന്നും വിദഗ്ധസംഘം നടത്തിയ പഠനത്തില്‍ ജീവികളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നതാണ് കോവിഡ് വൈറസെന്നും ഉള്ള നിലപാടാണ് ചൈനയ്ക്കുള്ളത്.
വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദാം ബാഗ്ചി ഇന്ത്യയുടെ നിലപാട് ട്വീറ്റിലൂടെ വ്യക്തമാക്കി:
17 ചൈനീസ് വിദഗ്ധരും 17 അന്താരാഷ്ട്ര വിദഗ്ധരും ഉള്‍പ്പെട്ട സംഘമാണ് 2021 ജനവരി 14 മുതല്‍ ഫിബ്രവരി10 വരെ ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ച് ആദ്യഘട്ടത്തില്‍ ലോകാരോഗ്യസംഘടനയ്ക്ക് വേണ്ടി യോജിച്ച് പഠനം നടത്തിയത്. പഠനത്തിന് ശേഷം മാര്‍ച്ച് 20നാണ് ഇവര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതനുസരിച്ച് കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാകാന്‍ വിദൂരസാധ്യത പോലുമില്ലെന്ന റിപ്പോര്‍ട്ടാണ് ഈ സംഘം പ്രസിദ്ധപ്പെടുത്തിയത്. പകരം മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നതാണ് ഈ വൈറസ് എന്ന ചൈനയുടെ നിലപാട് ആവര്‍ത്തിക്കുന്നതായിരുന്നു ഈ പഠനത്തിന്റെ നിഗമനം.
എന്നാല്‍ ചൈനയെ ഞെട്ടിച്ചുകൊണ്ട് വുഹാനിലെ ലാബില്‍ നിന്നും വൈറസ് ചോര്‍ന്നതാണോ എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് ഗെബ്രെയെസസ് അഭിപ്രായപ്പെട്ടത്. ഇത് സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും 90 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് തനിക്ക് നല്‍കാനുമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് മെയ് 26ന് ഇന്റലിജന്‍സ് സമൂഹത്തിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ സുതാര്യവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ അന്വേഷണത്തില്‍ പങ്കെടുക്കാന്‍ ചൈനയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലോകമെമ്പാടുമുള്ള സമാനമനസ്കരുമായി ചേര്‍ന്ന് യുഎസ് പ്രവര്‍ത്തിക്കുമെന്നും ബൈഡന് പ്രഖ്യാപിച്ചു. പ്രസക്തമായ ഡേറ്റ പരിശോധിക്കാന്‍ ചൈന സഹകരിക്കണമെന്നും ബൈഡന് അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: