ബീജിംഗ്: ചൈനയിലെ ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ അക്രമം തുടര്‍ന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. സാങ്കേതിക വിദ്യ ഉപയോഗിച്ച് മുസ്ലിംകളുടെ മുഖം നോക്കി മനോവികാരം മനസ്സിലാക്കാനുള്ള പരീക്ഷണങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. സിന്‍ജിയാങ് പ്രവിശ്യയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ സജീവമാണെന്ന് ബിബിസി റിപ്പോര്‍ട്ട ചെയ്യുന്നു.
സോഫ്റ്റ്വെയര് എന്‍ജിനീയറെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന പരിമിതികളുള്ള ചൈനയില്‍ നിന്നും ബിബിസി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ മനോവികാരം പരിശോധിക്കപ്പെട്ട അഞ്ചോളം ഉയിഗുര്‍ മുസ്ലിംകളുടെ ചിത്രവും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. താജിക്കിസ്ഥാന്‍, കസാഖിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍ എന്നീ മുസ്ലീം രാജ്യങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ചൈനയിലെ പ്രവശ്യയാണ് സിന്‍ജിയാങ്. ഭാഷാ പരമായും സാമൂഹ്യ പരമായും ഹാന്‍ ചൈനീസ് വംശവുമായി ഒരു ബന്ധവുമില്ലാത്ത ഇവര്‍ക്ക്നേരെ ഹാന്‍ ചൈനീസ് ഭരണകൂടം കടുത്ത പീഡനമാണ് അഴിച്ചുവിടുന്നത്.
സിന്‍ജിയാങ് പ്രവശ്യയില്‍ മുസ്ലീംങ്ങള്‍ക്കായി കോണ്സെന്ട്രേഷന് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നുള്ളത് രാജ്യാന്തര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. തടങ്കല്‍ പാളയത്തില്‍ കഴിയുന്ന ഉയിഗൂര്‍ മുസ്ലീമുകളുടെ അഞ്ച് ലക്ഷത്തിലധികം വരുന്ന കുട്ടികളെ ബോര്ഡിങ്ങിലേക്ക് മാറ്റിയത് അടുത്തിടെ വാര്‍ത്തായായിരുന്നു. കുട്ടികളുടെ മനസില്‍ മുതിര്‍ന്നവരില്‍ നിന്നും മതചിന്ത പകരാതിരിക്കാനും തീവ്രവാദസ്വഭാവം തുടച്ചുനീക്കാനുമാണ് സര്‍ക്കാരിന്റെ പദ്ധതി. ഉയിഗൂര്‍ മുസ്ലിംകളെ പാര്‍പ്പിക്കാന്‍ തടങ്കല്‍പാളയങ്ങള്‍ തുടങ്ങിയതിന് പിന്നാലെയാണ് ഇവരുടെ മക്കളെ ബോര്‍ഡിങ് സ്കൂളുകളിലേക്ക് ചൈനീസ് ഭരണകൂടം മാറ്റിയത്. ചൈനീസ് സര്‍ക്കാറിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് ഇതുവരെ ഏകദേശം അഞ്ച് ലക്ഷം കുട്ടികളെയാണ് ബോര്‍ഡിങ് സ്കൂളിലേക്ക് മാറ്റിയിട്ടുള്ളത്.
ഇതിലൂടെ കുട്ടികളുടെ പട്ടിണി മാറ്റുകയാണെന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ കുട്ടികളില്‍ കുടുംബത്തിന്റെ സ്വാധീനമില്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പുറമേ നിന്നുള്ള സന്ദര്‍ശകരെ വിലക്കി കര്‍ശന നിയന്ത്രണത്തോടെയാണ് ചൈനയില്‍ കുട്ടികള്‍ക്കുള്ള ബോര്‍ഡിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയത ഇല്ലാതാക്കുകയെന്ന പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ നയത്തിന് അനുസൃതമായാണ് ചൈനയില്‍ സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ചെറുപ്പകാലത്തില്‍ തന്നെ കുട്ടികള്‍ക്ക് പരിശീലനം നല്കി മുസ്ലീം മതത്തോടുള്ള ആഭിമുഖ്യം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: