ലക്ഷദ്വീപില്‍ ദ്വിതല പഞ്ചായത്ത് സംവിധാനമാണ് നിലവിലുള്ളത് വില്ലേജ് ദ്വീപ് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയാണവ. ജനവാസമുള്ള പത്ത് ദ്വീപുകളിലായി പത്ത് വില്ലേജ് ദ്വീപ് പഞ്ചായത്തുകളും കവരത്തി ആസ്ഥാനമായി ലക്ഷദ്വീപിനാകെ ഒരു ജില്ലാ പഞ്ചായത്തുമാണ് ഇപ്പോള്‍ നിലവിലുള്ള സംവിധാനം. എന്നാല്‍ ലക്ഷദ്വീപില്‍ ഒരു നഗര്‍ പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ പോലും നിലവിലില്ല. മാത്രമല്ല, മുനിസിപ്പാലിറ്റി രൂപീകരണത്തിന് പിന്‍ബലമേകുന്ന നിയമവും നിലവിലില്ല.
പഞ്ചായത്തുകളുടെ രൂപീകരണവും പ്രവര്‍ത്തനവും സംബന്ധിച്ച് ഇപ്പോള്‍ ലക്ഷദ്വീപില്‍ നിലവിലുള്ള നിയമം Lakshaweep panchayat Regulation 1994 ആണ്. ഈ നിയമത്തിന്റെ പോരായ്മകള്‍ മനസിലാക്കി അതിന് സമൂലമായ മാറ്റം ആവശ്യമാണ് എന്ന് കണ്ടതുകൊണ്ടാണ് Lakshaweep panchayat Regulation 2021 എന്ന കരട് നിയമം തയ്യാറാക്കിയത്. ഈ കരട് നിയമത്തിലെ വകുപ്പ് 14 ഉപവകുപ്പ് (എന്‍) ആണ് പ്രധാനമായും വിവാദവിഷയമാക്കിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ പഞ്ചായത്ത് മെമ്പര്മാരാകുന്നതിന് അയോഗ്യരായിരിയ്ക്കും. എന്നാല്‍ പുതിയ റഗുലേഷന് നിലവില്‍ വരുന്ന ദിവസം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് അയോഗ്യത ബാധകമല്ല. മാത്രമല്ല പുതിയ നിയമം നിലവില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ജനിയ്ക്കുന്ന കുട്ടികള്‍ അയോഗ്യതയ്ക്ക് കാരണമാകില്ല എന്നും പ്രത്യേകം പറഞ്ഞിരിയ്ക്കുന്നു. അതായത് ഈ നിയമത്തിന് മുന്‍കാല പ്രാബല്യം ഇല്ല. ഇതൊക്കെ മറച്ചുവെച്ചുകൊണ്ടാണ് നിലവിലുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കാനും മത്സരത്തില്‍ നിന്ന് വിലക്കാനുമാണ് പുതിയ റഗുലേഷന് കൊണ്ടുവരുന്നത് എന്ന് ആരോപിയ്ക്കുന്നത്.
മേല്‍ പറഞ്ഞ വകുപ്പ് ദേശീയ ജനസംഖ്യാനയം 2000 ത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഇത്തരത്തിലൊരു നിയമം നിര്‍മ്മിയ്ക്കുന്ന ഇന്ത്യയിലെ ആദ്യ പ്രദേശമാണ് ലക്ഷദ്വീപ് എന്ന് രീതിയിലാണ് പ്രചാരവേലകള്‍ നടക്കുന്നത്. എന്നാല്‍ വസ്തുത ഇതില്‍ നിന്ന് ഏറെ വിഭിന്നമാണ്. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി, രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിയ്ക്കുന്നതില്‍ നിന്ന് വിലക്കണം എന്ന ശുപാര്‍ശ ആദ്യമായി സര്‍ക്കാരിന് സമര്‍പ്പിച്ചത് 1992 ല്‍ ദേശീയവികസന സമിതി (National Development Council) നിയോഗിച്ച കെ. കരുണാകരന്റെ (അന്നത്തെ കേരള മുഖ്യമന്ത്രി) അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയാണ്. ഈ കമ്മറ്റിയുടെ നിര്‍ദ്ദേശം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും നടപ്പിലാക്കി. രാജസ്ഥാന്, ആന്ധ്രാപ്രദേശ്, ഹരിയാന, ഒറീസ, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സ ംസ്ഥാനങ്ങള് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കളെ തദ്ദേശസ്ഥാപനങ്ങളില്‍ മത്സരിയ്ക്കുന്നതില്‍ നിന്ന് വിലക്കികൊണ്ടുള്ള നിയമം നിലവിലുള്ള സംസ്ഥാനങ്ങളാണ്. സത്യം ഇതായിരിയ്ക്കെ ലക്ഷദ്വീപില്‍ ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവരുന്നതിനെതിരെ ഇത്രമാത്രം കോലാഹലം ഉണ്ടാക്കുന്നതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ ലക്ഷ്യം എന്താണ്?
ലക്ഷദ്വീപ് ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിംഗ് റഗുലേഷന്
ലക്ഷദ്വീപില്‍ വികസന അതോറിറ്റി (Development Authority) രൂപീകരിയ്ക്കുവാനുള്ള ശ്രമം കൊടുംപാതകമാണ് എന്ന രീതിയിലുള്ള കുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. വികസന അതോറിറ്റികള്‍ ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും ഉള്ളതാണ്. കേരളത്തില്‍ വിശാലകൊച്ചി വികസന അതോറിറ്റി,ട്രിവാന്‍ഡ്രം വികസന അതോറിറ്റി, തുടങ്ങിയ വികസന അതോറ്റിറ്റികള് രൂപീകരിച്ചിട്ട് പതിറ്റാണ്ടുകളായി. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ആസൂത്രിതമായ വികസനം വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനുവേണ്ടിയാണ് ഇത്തരം അതോറ്റികള്‍ രൂപീകരിയ്ക്കുന്നത്.
നേരത്തെ സൂചിപ്പിച്ചതു പോലെ ലക്ഷദ്വീപില്‍ ഒരു അര്‍ബന്‍ ലോക്കല്‍ ബോഡിപോലും നിലവിലില്ലാത്ത സാഹചര്യത്തില്‍ ലക്ഷദ്വീപിന്റെ സമസ്ത മേഖലകളുടേയും സമഗ്രവികസനം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് Lakshweep Town and country Planning Regulation 2021 എന്ന കരട് നിയമം തയ്യാറാക്കിയിരിയ്ക്കുന്നത്. ഇതിന് സമാനമായി കേരള നിയമസഭപാസാക്കിയിട്ടുള്ള നിയമമാണ് Kerala Town and Country Planning Act 2016 പ്രസ്തുത നിയമത്തിന് കീഴിലാണ് വികസന അതോറിറ്റികള്‍ രൂപീകരിയ്ക്കുന്നത്.
വികസനത്തില്‍ ലക്ഷദ്വീപ് വളരെ പിന്നില്‍ നില്ക്കുന്ന ഒരു ഭൂപ്രദേശമാണ്. വന്‍കരയിലെ ജനങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള സൗകര്യങ്ങളുടെ പത്ത് ശതമാനം പോലും ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ജീവിതത്തിലെ നിസ്സാര ആവശ്യങ്ങള്‍ക്ക് പോലും വന്‍കരയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ലക്ഷ്വദ്വീപിലെ ജനങ്ങള്‍ ഇന്നും ജീവിയ്ക്കുന്നത്.
ലക്ഷദ്വീപിന്റെ അനന്തമായ ടൂറിസം സാദ്ധ്യതകള്‍ നാളിതുവരെയായിട്ടും പ്രയോജനപ്പെടുത്തുവാന്‍ നമുക്കായിട്ടില്ല. ലോകത്തിലെ തന്നെ അതിമനോഹരമായ ഒരു ഭൂപ്രദേശമാണ് ലക്ഷദ്വീപ്. ഇന്ത്യയിലെ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ ഇപ്പോഴും സന്ദര്‍ശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന സ്ഥലം. എന്നാല്‍ വളരെ കുറച്ച് വിനോദസഞ്ചാരികള്‍ മാത്രമാണ് ലക്ഷ്വദ്വീപ് സന്ദര്‍ശിയ്ക്കുന്നത്.
ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയോ, ഫോര്‍ ജി നെറ്റ് വര്‍ക്കോ, സിനിമാശാലകളോ എന്തിന് പെട്രോള്‍ പമ്പുകള്‍ പോലുമില്ലാത്ത ദ്വീപ് സമൂഹമാണ് ഇന്ന് ലക്ഷദ്വീപ്. ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്താന്‍ പതിനെട്ട് മണിക്കൂര്‍ കപ്പല്‍ യാത്രവേണം. അഗത്തി എയര്‍ പോര്‍ട്ടില്‍ എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ സര്‍വ്വീസ് മാത്രമാണുള്ളത്. 2017 ജൂണ്‍ ഒന്നിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ഐഡിഎ (ഐയലന്റ് ഡെവലപ്മെന്റ് ഏജന്‍സി) ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ദ്വീപ് സമൂഹങ്ങളുടെ സമഗ്രവികസനം ലക്ഷ്യം വെച്ചുള്ളതാണ്. അടിസ്ഥാന സൗകര്യവികസനം മുതല്‍ മത്സ്യബന്ധനത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും മേഖലകളിലെ വികസനം ലക്ഷ്യം വെച്ചുള്ളതാണിത്. ലക്ഷദ്വീപിന്റെ വാര്‍ത്താ വിനിമയ ബന്ധത്തിന് വിപ്ലവകരമായ മാറ്റമുണ്ടാക്കുന്നതാണ് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ പദ്ധതി. അഗത്തി എയര്‍ പോര്‍ട്ട് വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്കുന്നു. കവരത്തി ഒരു സ്മാര്‍ട്ട് സിറ്റിയാകാന്‍ പോകുന്നു. വികസനാധിഷ്ഠിതമായ സമഗ്രസമീപനത്തെ വിവാദങ്ങളില്‍ കുരുക്കി തകര്‍ക്കാന്‍ ആരാണ് ടൂള്‍കിറ്റ് തയ്യാറാക്കിയതെന്ന് കണ്ടെത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: