ഗ്ഡാന്‍സ്ക് (പോളണ്ട്): അര്‍ജന്റീനിയന്‍ ഗോള്‍ കീപ്പര്‍ ജെറോനിമോ റുള്ളിയുടെ മിന്നുന്ന പ്രകടനത്തില്‍ ലാ ലിഗ ടീമായ വിയാറയലിന് യുറോപ്പ ലീഗില്‍ കന്നിക്കിരീടം. ചരിത്രം കുറിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പത്തിനെതിരെ പതിനൊന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിയാ റയല്‍ ഇതാദ്യമായി യുറോപ്പ ലീഗ് ചാമ്പ്യന്മാരായത്. ആവേശകരാമായ കലാശപ്പോരാട്ടത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പിടിച്ചു. തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ ജേതാക്കളെ നിശ്ചയിച്ചത്.
ഷൂട്ടൗട്ടില്‍ ഗോള്‍ അടിക്കുകയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഗീയുടെ സ്പോട് കിക്ക് രക്ഷപ്പെടുത്തുകയും ചെയ്ത ഗോള്‍ കീപ്പര്‍ ജെറോനിമോയാണ് വിയാ റയലിന്റെ വിജയശില്‍പ്പി. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ വിയാ റയലിന്റെ ആദ്യ കിരീടമാണിത്. അതേസമയം വിയാ റയല്‍ കോച്ച് യുനയ് എമരിയുടെ നാലാം യൂറോപ്പ കിരീടമാണിത്. നേരത്തെ മറ്റ് മൂന്ന് ടീമുകള്‍ക്കൊപ്പം എമരി യുറോപ്പ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഒരു കിരീടം പോലും ലഭിക്കാതെ പോകുന്ന തുടര്‍ച്ചയായ നാലാം സീസണാണിത്. 1980 നുശേഷം ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. 2017 ലാണ് യുണൈറ്റഡ് അവസാനമായി യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയത്.
തുടക്കത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്നേറ്റമാണ് കണ്ടത്. എന്നാല്‍ ആദ്യം ഗോള്‍ നേടിയത് വിയാ റയലും. ഒരു ഫ്രീ കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. ജെറാര്‍ഡ് മൊറേനോയുടെ ഷോട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലയില്‍ കയറി. ഈ സീസണില്‍ മൊറേനോയുടെ മുപ്പതാം ഗോളാണിത. ഇതോടെ മൊറേനോ ,വിയാ റയലിന്റെ എക്കാലത്തെയും മികച്ച ടോപ്പ് സ്കോററായ ഗ്യുസെപ്പ് റോസിക്കൊപ്പം എത്തി.
ഗോള്‍ മടക്കാനായി മാഞ്ചസ്റ്റര്‍ പൊരുതിയെങ്കിലും ആദ്യ പകുതിയില്‍ ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയില്‍ അവര്‍ ഗോള്‍ നേടി വിയാ റയലിനൊപ്പം എത്തി. റാഷ്ഫോര്‍ഡിന്റെ പാസ് മുതലാക്കി സ്ട്രൈക്കര്‍ എഡിസന് കവാനിയാണ് സ്കോര്‍ ചെയ്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1). എക്സ്ട്രാ ടൈമിലും സ്കോര്‍ തുല്യമായതിനെ തുടര്‍ന്നാണ് ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
എതിരാളികളുടെ കരുത്ത് മനസ്സിലാക്കി അവരെ പൂട്ടിയ കോച്ച് എമരിയുടെ തന്ത്രമാണ് വിയാ റയലിന് യുറോപ്പ കിരീടം നേടിക്കൊടുത്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കരുത്തനായ ബ്രൂണോ ഫെര്‍ണാണ്ടസിനെയും അപകടകാരിയായ എഡിസണ് കവാനിയേയും കൂച്ചുവിലങ്ങിനാടനുള്ള തന്ത്രം എമരി തന്റെ കളിക്കാര്‍ക്ക് ഓതിക്കൊടുത്തു. പരിശീലകന്റെ തന്ത്രം ഫലപ്രദമായി പ്രയോഗിച്ച വിയാ റയല്‍ പ്രതിരോധതാരങ്ങള്‍ ടീമിന് കിരീട വിജയവും സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: