തിരുവനന്തപുരം: ലക്ഷദ്വീപില്‍ എയര്‍ആംബുലന്‍സ് നിയന്ത്രണം അഡ്മിനിസ്‌ട്രേറ്റര്‍ കടുപ്പിച്ചെന്ന പ്രചാരണത്തിലെ വസ്തുത എന്തെന്ന് വ്യക്തമാക്കി സംവാദകന്‍ ശ്രീജിത് പണിക്കര്‍. ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ ചേര്‍ന്ന് തീരുമാനം എടുക്കുന്നതിനു പകരം നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന വിദഗ്ധ സമിതി തീരുമാനം എടുക്കുന്നതിനെ നിയന്ത്രണം കടുപ്പിക്കലായാണോ കണക്കാക്കേണ്ടത്? ഡോക്ടര്‍മാര്‍ക്കും അവരുടെ തീരുമാനത്തിനും വിലയില്ലേ?
അതോ ഡോക്ടര്‍മാരൊക്കെ അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നാണോ? അതൊക്കെ ഡോക്ടര്‍ കമ്യൂണിറ്റിയെ അപമാനിക്കുന്നതിനു തുല്യമായ ആരോപണമാണെന്നും ശ്രീജിത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ലക്ഷദ്വീപിൽ നിന്നും രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനു കടുത്ത നിയന്ത്രണങ്ങളുമായി അഡ്മിനിസ്ട്രേറ്റർ.
[1] എന്താണ് വസ്തുത?
കൊച്ചി, കവരത്തി, അഗത്തി എന്നിവിടങ്ങളിലേക്ക് രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള തീരുമാനം എടുക്കാൻ ഒരു നാലംഗ സമിതിയെ നിയമിച്ചു.
[2] ആരൊക്കെയാണ് അംഗങ്ങൾ?
നാല് ഡോക്ടർമാർ. ചെയർമാൻ ലക്ഷദ്വീപിലെ ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ. എം കെ സൗദാബി. അംഗങ്ങൾ ഇന്ദിരാഗാന്ധി ആശുപത്രിയിലെ സർജൻ ഡോ. സി ജി മുഹമ്മദ് ജലീൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ നൗഷിദ, ഇന്ദിരാഗാന്ധി ആശുപത്രിയിലെ ബന്ധപ്പെട്ട വകുപ്പിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർ.
[3] ഇവർ എന്താണ് ചെയ്യുന്നത്?
രോഗിയുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ അതാത് ദ്വീപുകളിൽ നിന്നും മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഓൺലൈൻ ആയി സമർപ്പിക്കുന്നു. പ്രസ്തുത രേഖകൾ നാലു ഡോക്ടർമാർ അടങ്ങിയ വിദഗ്ധ സമിതി പരിശോധിക്കുന്നു. എയർലിഫ്റ്റ് ചെയ്യേണ്ട കേസുകൾ തീരുമാനിച്ച് അത് എങ്ങോട്ട് വേണമെന്ന് തീരുമാനിക്കുന്നു.
[4] ആരാണ് ഓർഡർ ഇറക്കിയത്?
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതിയോടെ ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ. എം കെ സൗദാബി.
[5] അഡ്മിനിസ്ട്രേറ്റർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനെ കണക്കാക്കാമോ?
ഒന്നോ രണ്ടോ ഡോക്ടർമാർ ചേർന്ന് തീരുമാനം എടുക്കുന്നതിനു പകരം നാല് ഡോക്ടർമാർ ചേർന്ന വിദഗ്‌ധ സമിതി തീരുമാനം എടുക്കുന്നതിനെ നിയന്ത്രണം കടുപ്പിക്കലായാണോ കണക്കാക്കേണ്ടത്? ഡോക്ടർമാർക്കും അവരുടെ തീരുമാനത്തിനും വിലയില്ലേ? അതോ ഡോക്ടർമാരൊക്കെ അഡ്മിനിസ്ട്രേറ്റർ പറയുന്നതുപോലെ പ്രവർത്തിക്കുന്നവർ ആണെന്നാണോ? അതൊക്കെ ഡോക്ടർ കമ്യൂണിറ്റിയെ അപമാനിക്കുന്നതിനു തുല്യമായ ആരോപണമാണ്.
[6] എയർലിഫ്റ്റ് ചെയ്യാൻ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അന്തിമ അനുമതിയും വേണോ?
ഉത്തരവിന്റെ അവസാനം പറഞ്ഞിരിക്കുന്നത്, ഇത് പുറത്തിറക്കുന്നത് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതിയോടെയാണ് എന്നാണ്. അല്ലാതെ എയർലിഫ്റ്റ് ചെയ്യുന്നതിന് ഉപദേഷ്ടാവിന്റെ അനുമതി വേണമെന്നല്ല.
[7] എയർ ആംബുലൻസ് സൗകര്യം അഡ്മിനിസ്ട്രേറ്റർ കുറയ്‌ക്കുകയാണോ?
കൊച്ചിയിലേക്ക് കൂടുതൽ എയർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്താനുള്ള താല്പര്യം ക്ഷണിച്ചുകൊണ്ട് ദ്വീപിലെ പോർട്ട് ഷിപ്പിങ് ഏവിയേഷൻ വകുപ്പ് ഡയറക്ടർ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്, പത്തു ദിവസം മുൻപ്.
[8] അപ്പോൾ ഈ ഉത്തരവിൽ തെറ്റുകൾ ഒന്നുമില്ലേ?
ഉണ്ട്, ഒരു തെറ്റുണ്ട്. ഈ ഉത്തരവിന് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതി ലഭിച്ചത് 2021 ജൂൺ 21ന് ഡയറി നമ്പർ 1457 വഴി ആണെന്നാണ് പറഞ്ഞിരിക്കുന്നത്. 2021 മെയ് 21ന് എന്നാവണം അവർ ഉദ്ദേശിച്ചത്. അതുകൊണ്ട് ഉത്തരവിൽ ഒരു തെറ്റുണ്ട് എന്നു പറയാം — ടൈപ്പ് ചെയ്തയാളുടെ തെറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: