തൃശൂര്‍: പോലീസ് കുപ്പായമൂരി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിടപറയുന്ന പാപ്പച്ചനും മെഹബൂബും സുധീറും കളിക്കളത്തില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. കാല്‍പ്പന്തു കളിയിലെ പരിചയസമ്പത്ത് പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയാണ് മൂവരുടെയും ഇനിയുള്ള ദൗത്യം, വിശ്രമജീവിതം ഇല്ലെന്ന് ചുരുക്കം.
പറപ്പൂര് സ്വദേശിയ സി.വി പാപ്പച്ചന് കേരള വര്‍മ്മ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമില്‍ കളിച്ചാണ് ശ്രദ്ധേയനായത്. മികച്ച പ്രകടനം 1985ല്‍ പോലീസില്‍ എത്തിച്ചു. 14 വര്‍ഷം പോലീസ് ടീമില്‍ കളിച്ചു. പാപ്പച്ചന് നയിച്ച ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ നടന്ന പ്രീസ്റ്റോള് ഫ്രീഡം കപ്പില്‍ ജേതാക്കളായി. 1992ലും 1993ലും സന്തോഷ് ട്രോഫി നേടിയ കേരള ടീമിലും രണ്ട് തവണ ഫെഡറേഷന് കപ്പ് നേടിയ പോലീസ് ടീമിലും അംഗമായിരുന്നു. 1985ല്‍ എസ്ഐ ആയി സേനയിലെത്തിയതു മുതല്‍ നീണ്ട 13 വര്‍ഷം ഫുട്ബോള്‍ മൈതാനത്ത് നിറഞ്ഞ് നിന്നു. 1986 മുതല്‍ 96 വരെ എട്ട് തവണ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 87 മുതല്‍ 94 വരെ ദേശീയ ടീമംഗം, സാഫ് ഗെയിംസ്, നെഹ്റു കപ്പ്, ലോകകപ്പ് യോഗ്യതാ മത്സരം തുടങ്ങിയവ കളിച്ചു. പല രാജ്യങ്ങളില്‍ നിന്നുപോലും വന്‍ ഓഫറുകള്‍ പാപ്പച്ചനെ തേടി എത്തിയെങ്കിലും കേരള പോലീസ് ടീം വിടാന്‍ അദ്ദേഹം തയാറായില്ല. കേരള പോലീസിനും കേരള ഫുട്ബോളിനും പാപ്പച്ചന് നല്കിയ സംഭാവന ഏറെയാണ്.
ജി.വി രാജ പുരസ്കാരം, ഡ്യൂറാന്റ് കപ്പില്‍ മികച്ച താരം, ഫെഡറേഷന് കപ്പില്‍ മികച്ച കളിക്കാരന്, മികച്ച കളിക്കാരനുള്ള കേരള ഫുട്ബോള്‍ അസോസിയേഷന് പുരസ്കാരം, ജിമ്മി ജോര്‍ജ് അവാര്‍ഡ്, ഇ.സി. ഭരതന് അവാര്‍ഡ് അടക്കം പത്തിലധികം ബഹുമതികള്‍ സ്വന്തമാക്കി. 2020ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചു. തൃശൂര്‍ കേന്ദ്രീകരിച്ച് ഗോള്‍ കീപ്പര്‍മാര്‍ക്കായി അക്കാദമി തുടങ്ങാണ് പദ്ധതി. സംഗീത പ്രേമിയായ പാപ്പച്ചന് വിരമിച്ച ശേഷം ആ മേഖലയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സംഗീതവും ചെണ്ടയും സാക്സഫോണും പഠിക്കുന്നുണ്ട്.
കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയ പി.ടി. മെഹബൂബ് 1982ല്‍ സബ് ജൂനിയര്‍ ദേശീയ കിരീടം നേടിയ കേരള ടീമില്‍ അംഗമായിരുന്നു. ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും അദ്ദേഹം കളിച്ചു. 1985ല്‍ പോലീസിലെത്തി. 1992ല്‍ കേരളം സന്തോഷ് ട്രോഫി നേടിയ ടീമില്‍ അംഗമായിരുന്നു. രണ്ട് തവണ (1991, 1992) ഫെഡറേഷന് കപ്പ് നേടിയ പോലീസ് ടീമിലും അംഗം. ഇന്ത്യന്‍ പോലീസ് ടീമിലും ഇടംപിടിച്ചു. 1986ല്‍ ജി.വി. രാജ പുരസ്കാരവും 2020ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചു. പോലീസ് കുപ്പായം അഴിച്ചാലും പരിശീലകനായി മെഹബൂബ് കളിക്കളത്തില്‍ ഉണ്ടാകും.
കണ്ണൂര്‍ മാമ്പറം കായലം സ്വദേശിയായ സി.എം. സുധീര്‍കുമാര്‍ പോലീസിന്റെ മുന്‍നിര താരമായിരുന്നു. നാല് വര്‍ഷം കെല്‍ട്രോണിന്റെ ബൂട്ട് കെട്ടിയ ശേഷം 1988ലാണ് പോലീസില്‍ എഎസ്ഐയായി എത്തുന്നത്. ഫെഡറേഷന് കപ്പ് നേടിയ പോലീസ് ടീമിലും ദേശീയ പോലീസ് കിരീടം നേടിയ ടീമിലും അംഗമായിരുന്നു. 2016ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചു. വിരമിച്ച ശേഷം കൂത്തുപറമ്പ് കേന്ദ്രീകരിച്ച് ഫുട്ബോള്‍ അക്കാദമി തുടങ്ങാനുള്ള ആലോചനയിലാണ് സി.എം. സുധീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: