ദുബായ്: എഎസ്ബിസി ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 12 മെഡലുകള്‍ ഉറപ്പിച്ചു. 10 വനിതകളും രണ്ട് പുരുഷന്മാരും ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യ ഇത്രയും മെഡലുകള്‍ ഉറപ്പിച്ചത്. മെഡല്‍ ഉറപ്പിച്ചവരില്‍ സൂപ്പര്‍ താരം മേരി കോം, ശിവ് ഥാപ്പ, സിമ്രാന്‍ജിത് തുടങ്ങിയവരും ഉള്‍പ്പെടുന്നു.
വനിതകളുടെ 60 കി.ഗ്രാം വിഭാഗത്തില്‍ സിമ്രാന്‍ജിത്, 54 കി.ഗ്രാം വിഭാഗത്തില്‍ സാക്ഷി, 57 കി.ഗ്രാം വിഭാഗത്തില്‍ ജെയ്സ്മിന്‍ എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. 51 കി.ഗ്രാം വിഭാഗത്തില്‍ സൂപ്പര്‍ താരം മേരി കോം, 64 കി.ഗ്രാമില്‍ ലാല്ബുത്സായിഹി, 69 കി.ഗ്രാം വിഭാഗത്തില്‍ ലോവ്ലിന ബോര്ഗോഹെയ്ന്, 75 കി.ഗ്രാം വിഭാഗത്തില്‍ പൂജ റാണി, 48 കിലോഗ്രാം വിഭാഗത്തില്‍ മോണിക്ക, 81 കി.ഗ്രാമില്‍ സ്വീറ്റി, 81 കി.ഗ്രാമില്‍ കൂടുതല്‍ വിഭാഗത്തില്‍ അനുപമ എന്നിവര്‍ നേരിട്ട് സെമിയിലേക്ക് യോഗ്യത നേടിയും മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ ജയിച്ച് സെമിയിലേക്ക് മുന്നേറി പുരുഷ വിഭാഗം 64 കി.ഗ്രാം വിഭാഗത്തില്‍ ശിവ് ഥാപ്പ, 91 കി.ഗ്രാം വിഭാഗത്തില്‍ സഞ്ജീതും മെഡല്‍ ഉറപ്പിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായ പഞ്ചാബിന്റെ സിമ്രാന്‍ജിത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉസ്ബെക്ക് താരം റെയ്ഖോണ കൊഡിറോവയെ 4-1ന് പരാജയപ്പെടുത്തിയാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം മെഡല്‍ ഉറപ്പിച്ചത്. ഇന്ന് നടക്കുന്ന സെമിയില്‍ സിമ്രാന്‍ജിത് കസാക്കിസ്ഥാനിലെ റിമ്മ വോലോസെന്കോയെ നേരിടും.
2016 ലോക ചാമ്പ്യനും കസാക്കിസ്ഥാന്കാരിയുമായ ദിന സോളമാനെ 5-0ന് പരാജയപ്പെടുത്തിയാണ് സാക്ഷി സെമിയില്‍ കടന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കന്നി മെഡല്‍ ഉറപ്പിച്ച ജെയ്സ്മിന്‍ 4-1ന് മംഗോളിയയുടെ ഒയിന്സെറ്റ്സെഗ് യെസുഗനെ പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് കുതിച്ചത്. സെമി ഫൈനലില്‍ ജെയ്സ്മിന്‍ കസാക്കിസ്ഥാന്റെ വ്ളാഡിസ്ലവ കുക്തയെ നേരിടും. 17 രാജ്യങ്ങളില്‍ നിന്നുള്ള 150 ബോക്സര്‍മാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: