ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്‌ക്ക് കത്തയച്ചു. കോവിഡിന്റെ ബി.1.617 വകഭേദത്തെ ‘ഇന്ത്യന്‍ വകഭേദം’ എന്ന് ട്വീറ്റില്‍ ഉപയോഗിച്ച തിരുവനന്തപുരം എംപി ‘ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റത്തിന്റെ എല്ലാ അതിര്‍വരമ്പുകളും കടന്നു’വെന്ന് കത്തില്‍ പറയുന്നു. നിരവധി വിഷയങ്ങളില്‍ ശശി തരൂരിന്റെ നിലപാടുകളെ ശക്തമായി എതിര്‍ത്തിട്ടുള്ള വ്യക്തിയാണ് എംപി കൂടിയായ ദുബെ. തരൂര്‍ അധ്യക്ഷനായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷങ്ങളിലായിരുന്നു പലപ്പോഴും ഇത്. ദുബെ കൂടി അംഗമായ സമിതിയുടെ തലപ്പത്തുനിന്ന് തരൂരിനെ നീക്കണമെന്നും അദ്ദേഹം നിരവധിതവണ ആവശ്യമുന്നയിച്ചിരുന്നു.
‘വലിയ നയതതന്ത്ര പരിചയമുള്ള പാര്‍ലമെന്റ് അംഗമായ ശശി തരൂര്‍ ഇന്ത്യന്‍ വകഭേദമെന്ന വാക്ക് ഉപയോഗിച്ചു, അത്തരത്തിലൊരു വകഭേദമില്ലെന്ന് ഡബ്ലൂഎച്ച്ഒ തന്നെ പറഞ്ഞിട്ടുള്ളപ്പോള്‍. ഡബ്ലൂഎച്ച്ഒ നല്‍കുന്ന വിവരമനുസരിച്ച് ഈ വകഭേദത്തിന്റെ പേര് ബി.1.617 എന്നാണ്. ഇന്ത്യക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതും അശാസ്ത്രീയവുമായ വാക്ക് ഒരു ഇന്ത്യന്‍ എംപി എന്തുകൊണ്ട് ഉപയോഗിക്കുന്നുവെന്ന് എനിക്കറിയില്ല. ഈ വാക്കിന്റെ ഉപയോഗം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എല്ലാ സമൂഹമാധ്യമങ്ങള്‍ക്കും ഇതിനോടകം കത്ത് നല്‍കിയിട്ടുള്ളപ്പോള്‍ രാജ്യത്തെയും ജനങ്ങളെയും നാണംകെടുത്താന്‍ നമ്മുടെ മഹത്തായ ലോക്‌സഭയിലെ ഒരംഗം ഇത്തരം ഭാഷ ഉപയോഗിക്കുന്നുവെന്നത് അമ്പരപ്പിക്കുന്നു’.-കത്തില്‍ പറയുന്നു.
‘ഇപ്പോള്‍, അടുത്തിടെ നടത്തിയ ട്വീറ്റിലൂടെ ‘ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റത്തിന്റെ എല്ലാ അതിര്‍വരമ്പുകളും അദ്ദേഹം കടന്നു. ഒരു കാഴ്‌ച്ചപ്പാടുമില്ലാത്ത, കഴിവുകെട്ട രാജ്യമായി അന്തര്‍ദേശീയ വേദികളില്‍ നമ്മുടെ രാജ്യത്തെ അവതരിപ്പിക്കാന്‍ ശത്രുരാജ്യത്തെ സഹായിക്കും വിധത്തിലാണിത്. അതുകൊണ്ട് അടുത്തിടെയുണ്ടായ അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളെല്ലാം ലോക്‌സഭാംഗത്വത്തില്‍നിന്ന് അടിയന്തരമായി അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്നു’.-നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: