അലിഗഡ്: വാക്സിനോടുള്ള വിമുഖതയാണ് ക്യാംപസിലുണ്ടായ കോവിഡ് വ്യാപനത്തില്‍ വലിയ പങ്കുവഹിച്ചതെന്ന് അലിഗഡ് മുസ്ലിം സര്‍വകലാശാല(എഎംയു) വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂര്‍. ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ 40 അധ്യാപകര്‍ കോവിഡ് പോലുള്ള രോഗലക്ഷണങ്ങള്‍മൂലം കഴിഞ്ഞയാഴ്ചകളില്‍ മരിച്ചതിനു പിന്നാലെയാണ് പ്രതികരണം. ‘സര്‍വകലാശാല ജീവനക്കാരിലും കുടുംബാംഗങ്ങളിലും വലിയ രീതിയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതിലും മരണങ്ങളിലും നിര്‍ണായക പങ്കുവഹിച്ചത് വാക്സിനോടുള്ള വിമുഖതയാണെന്ന് എഎംയുവിനുള്ള തുറന്ന കത്തില്‍ വൈസ് ചാന്‍സിലര്‍ പറയുന്നു.
ഗുരുതര രോഗങ്ങളില്‍നിന്നും ആശുപത്രിവാസത്തില്‍നിന്നും മരണത്തില്‍നിന്നും വാക്സിന് സംരക്ഷണം നല്‍കുന്നതായി എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നുവെന്നും കത്തിലുണ്ട്. രണ്ടു വാക്സിനേഷന് കേന്ദ്രങ്ങള്‍ ഇപ്പോള്‍ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ ക്യാംപസ് സന്ദര്‍ശിച്ചിരുന്നുവെന്നും കുത്തിവയ്പ് എടുത്തിരുന്നുവെങ്കില്‍ ജീവന് രക്ഷിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് ലക്ഷണങ്ങളോടെ മരിച്ചവരില്‍ 19 അധ്യപകരും 21 വിരമിച്ച അധ്യാപകരും ഉള്‍പ്പെടുന്നു. ജനിതക ശ്രേണീകരണത്തിനായി സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജയിലേക്ക് സ്വന്തം കോവിഡ് പരിശോധന കേന്ദ്രത്തില്‍നിന്ന് സ്ഥാപനം സാംപിളുകള്‍ അയച്ചുനല്‍കിയിരുന്നു. പുതിയ വകഭേദമെന്നാണ് സംശയം. 30,000 വിദ്യാര്‍ഥികള്‍ എഎംയുവില്‍ പഠിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ 16,000-ഓളം പേര് ഹോസ്റ്റലുകളില്‍ തങ്ങുന്നു. അയ്യായിരത്തോളം അനധ്യാപകരും ഏകദേശം 1,700 അധ്യാപകരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: