അമ്പലപ്പുഴ: ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കുളമ്പുരോഗം വ്യാപകമായതോടെ പ്രതിദിനം നിരവധി പശുക്കളാണ് ചാകുന്നത്. നിലവില്‍ ചമ്പക്കുളം, വെളിയനാട്, അമ്പലപ്പുഴ ബ്ലോക്കുകളില്‍ കുളമ്പുരോഗം വ്യാപകമായി. മാവേലിക്കര ബ്ലോക്കിന്റെ ചില ഭാഗങ്ങളിലും രോഗം പടര്‍ന്നിട്ടുണ്ട്. ജില്ലയില്‍ 232 ക്ഷീരസംഘങ്ങളില്‍ നിന്നാണ് പുന്നപ്ര മില്‍മ ഡയറിയില്‍ പാല് സംഭരിക്കുന്നത്. ലോക്ക് ഡൗണിനു മുന്‍പ് 91,000 ലിറ്റര്‍ പാലാണ് പ്രതിദിനം സംഭരിച്ചിരുന്നത്. ഇതിപ്പോള്‍ 86,000 ലിറ്ററായി കുറഞ്ഞു. പാല് സംഭരണത്തില്‍ നാല്പതു ശതമാനത്തോളം കുറവാണ് വന്നിരിക്കുന്നതെന്ന് മില്‍മ പറയുന്നു.
1.05 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മയില്‍ നിന്നും പ്രതിദിനം വിറ്റഴിക്കുന്നത്. കുളമ്പുരോഗം വ്യാപകമായതോടെ പ്രതിദിന സംഭരണം കുറഞ്ഞതുമൂലം എറണാകുളം, മലബാര്‍ മേഖലകളില്‍ നിന്നായി അധികം പാല് ശേഖരിച്ചാണ് പ്രതിസന്ധിയെ അതിജീവിക്കുന്നത്. പ്രതിദിന സംഭരണത്തില്‍ ശരാശരി ആയിരം ലിറ്റര്‍ പാലിന്റെ കുറവാണ് നിലവിലുള്ളത്. ഭരണിക്കാവ് ബ്ലോക്കില്‍ നിന്നാണ് പുന്നപ്ര മില്‍മ ഡയറിയില്‍ ഏറ്റവും കൂടുതല്‍ പാല് സംഭരിക്കുന്നത്. ഈ ബ്ലോക്കില്‍ കുളമ്പുരോഗം പടര്‍ന്നിട്ടില്ല. രോഗം ഇവിടെ വ്യാപകമായാല്‍ പാല് സംഭരണവും വിതരണവും കൂടുതല്‍ പ്രതിസന്ധിയിലാകും. 42 ഓളം ക്ഷീര സംഘങ്ങളെയാണ് ഇപ്പോള്‍ കുളമ്പുരോഗം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
കന്നുകാലികള്‍ക്കുള്ള വാക്സിനേഷന് മുടങ്ങിയതാണ് ഇപ്പോള്‍ വീണ്ടും കുളമ്പുരോഗം വ്യാപകമാകാന്‍ കാരണമായത്. ഒരു വര്‍ഷത്തില്‍ രണ്ടുതവണയാണ് വാക്സിനേഷന് നടത്തേണ്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വാക്സിനേഷന് നടത്തിയ ശേഷം പിന്നിട് കോവിഡ് മൂലം നടന്നില്ല. പശുക്കള്‍ക്ക് പ്രതിരോധ ശേഷി കുറഞ്ഞ് ഇവ ചാകുന്നതു മൂലം പാല് ഉല്പാദനവും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: