കണ്ണൂര്‍: കേരളത്തിലെ നേതാക്കളുടെ അഭിപ്രായത്തെ മാനിക്കാതെ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യ പ്രകാരം കെപിസിസി പ്രസിഡന്റായി നിയമിതനായ മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന് പൂര്‍ണ്ണമായും അതൃപ്തി. മുല്ലപ്പള്ളിക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ഇപ്പോള്‍ രാഹുലിന്റെ പോലും പിന്തുണയില്ല.
രാഹല്‍ ഗാന്ധിയെ എഐസിസി പ്രസിഡന്റാക്കുന്നതിനുള്ള സംഘടനാ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. ഇതിനുള്ള ഉപകാര സ്മരണയെന്ന നിലയിലായിരുന്നു രാഹുല്‍ ഗാന്ധി മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കിയത്. കേരളത്തിലെ സംഘടനാ സംവിധാനത്തില്‍ സജീവമല്ലാതിരുന്ന മുല്ലപ്പള്ളിയുടെ വരവിനെ കേരളത്തിലെ ഭൂരിഭാഗം നേതാക്കളും അംഗീകരിച്ചിരുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഇഷ്ടപ്രകാരം കെപിസിസി പ്രസിഡന്റായി നിയമിതനായ മുല്ലപ്പള്ളിയെ പരസ്യമായി എതിര്‍ക്കാന്‍ കേരളത്തിലെ നേതാക്കള്‍ തയ്യാറിയില്ല.
തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന് നേരിടേണ്ടി വന്ന ദയനീയ പരാജയമാണ് മുല്ലപ്പള്ളിക്ക് വിനയായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷവും മുല്ലപ്പള്ളിയെ സംരക്ഷിച്ച രാഹുല്‍ ഗാന്ധിയും ഇപ്പോള്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്. നിയമ സഭയിലെ പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ കൊണ്ടുവന്നപ്പോള്‍ തന്നെ മുല്ലപ്പള്ളിയുടെ സ്ഥാനവും തുലാസിലായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായുള്ള അടുത്ത ബന്ധം തനിക്ക് തുണയാകുമെന്ന പ്രതീക്ഷയിലായിരുന്നു മുല്ലപ്പള്ളി. സംഘടനാ തലത്തില്‍ തലമുറ മാറ്റമെന്നും ഊര്‍ജ്ജസ്വലരായ നേതാക്കള്‍ വേണമെന്നുമുള്ള മുറവിളികള്‍ കണ്ടില്ലെന്ന് നടിക്കാന്‍ രാഹുല്‍ ഗാന്ധിക്കും സാധിക്കില്ല.
മുല്ലപ്പള്ളിയെ മാറ്റി കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കാന്‍ നേരത്തെ നീക്കം നടന്നപ്പോള്‍ അതിന് വിലങ്ങ് തടിയായി നിന്നത് കെ.സി. വേണുഗോപാലായിരുന്നു. മുല്ലപ്പള്ളിയെ മാറ്റുന്നതിനെക്കാള് സുധാകരന് കെപിസിസി പ്രസിഡന്റാകുന്നതായിരുന്നു കെ.സി. വേണുഗോപാലിന്റെ നിലപാടിന് പിന്നില്‍. എന്നാല്‍ ഇപ്പോള്‍ വേണുഗോപാലിനും കൃത്യമായ നിലപാടെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയതു പോലെ ഏകപക്ഷീയമായി ഹൈക്കമാന്റ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും പുതിയ ആളെ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സില്‍ ചെന്നത്തലയെക്കെതിരെ നടന്നത് ഗൂഡാലോചനയാണെന്നും വി.ഡി. സതീശന് സാഹചര്യം മുതലാക്കിയെന്നുമുള്ള ആരോപണം നിലനില്‍ക്കെയാണ് മുല്ലപ്പള്ളിയെയും മാറ്റാനുള്ള നീക്കം നടക്കുന്നത്.
പുതിയ നിലപാടുകള്‍ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം ഇല്ലാതാക്കുന്നതിന് പകരം പുതിയ ശാക്തിക ചേരികളുണ്ടാക്കുകയാണ് ചെയ്യുകയെന്നുറപ്പാണ്. മുല്ലപ്പള്ളിയെ മാറ്റിയാലും പുതിയ സാഹചര്യത്തില്‍ അദ്ദേഹം എന്ത് നിലപാടെടുക്കും ഏത് ഗ്രൂപ്പ് സമവാക്യത്തിന്റെ ഭാഗമാകും എന്ന് മാത്രമേ അറിയാനുള്ളു. പ്രതിപക്ഷ നേതാവിനെ മാറ്റിയത് പോലെ ധൃതി പിടിച്ച് കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ ഹൈക്കമാന്റ് നീക്കമില്ലെന്നതാണ് മാത്രമാണ് മുല്ലപ്പള്ളിക്ക് താല്‍ക്കാലിക ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: