ഇടുക്കി: ഇന്നലെ പുലര്‍ച്ചെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ വീണ്ടും ശക്തിപ്പെട്ട് തീവ്രമാകും. പിന്നാലെ അതി തീവ്ര ചുഴലിക്കാറ്റായി മാറും. ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ ആദ്യ ഘട്ട മുന്നറിയിപ്പായ യെല്ലോ മെസേജ് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. യാസിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ഇന്ന് രാത്രി മുതല്‍ പ്രതീക്ഷിക്കാം.
ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായ യാസ് 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരതൊടുമെന്നാണ് നിഗമനം. ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 490 കിലോ മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. ഏഴു കിലോമീറ്ററാണ് മണിക്കൂറിലെ സഞ്ചാരവേഗം. വടക്ക്- വടക്ക്പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് ഇതില്‍ കാര്യമായ യാതൊരും മാറ്റവുമില്ലാതെയാണ് 26ന് പുലര്‍ച്ചെ തീരത്തേക്ക് എത്തുക. പിന്നീട് വൈകിട്ടോടെ പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയിലൂടെ കര കയറും. ഈ സമയം 185 കിലോ മീറ്റര്‍ വരെ വേഗമാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് 27 ന് ദുര്‍ബലമായി ഝാര്‍ഖണ്ഡിലെ റാഞ്ചിയുടെ മുകളിലെത്തി ന്യൂനമര്‍ദമാകും.
ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒഡീഷയില്‍ മുന്നൊരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു. ബംഗാളിലും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ സിക്കിം, ഝാര്‍ഖണ്ഡ്, ബീഹാര്‍, ആസാം, മേഘാലയ എന്നിവിടങ്ങളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഒഡീഷയിലെ പുരി, ജഗത്സിംഗപൂര്‍, കട്ടക്ക്, ബലാസോര്‍ ജില്ലകളിലും ബംഗാളില്‍ ഹൗറ, മിഡ്‌നാപൂര്‍, ഹൂഗ്ലി, കൊല്‍ക്കത്ത, മുര്‍ഷിദാബാദ് എന്നിവിടങ്ങളിലുമാണ് കൂടുതല്‍ നാശത്തിന് സാധ്യത. അതേസമയം കരതൊടുന്നതിന് മുന്നോടിയായി കാറ്റിന്റെ വേഗം 125 കി.മീ. വരെയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















