കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് കുറച്ചു ദിവസങ്ങളായി. വിവിധങ്ങളായ വിലയിരുത്തലുകളും വിശകലനങ്ങളും പുറത്തുവന്നുകഴിഞ്ഞു. വിജയവും പരാജയവും ആഘോഷിക്കുന്നവരെയും നാം കാണുന്നുണ്ട്. പരാജയത്തെത്തുടര്‍ന്ന് ചില മുന്നണികളില്‍, കക്ഷികളില്‍, ചിലര്‍ക്ക് സ്ഥാനമാനങ്ങള്‍ നഷ്ടമാവുന്നതും മറ്റുചിലര്‍ കയറിവരുന്നതുമൊക്കെ നാം കണ്ടുവല്ലോ. ഇടതുമുന്നണിക്കുണ്ടായ വിജയത്തേക്കാളുപരി യുഡിഎഫിനുണ്ടായ പരാജയമാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്. അതുപോലെയാണ് ബിജെപിക്ക് സംഭവിച്ച പരാജയം. നിയമസഭയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണം തന്നെയാണ്. എന്നാല്‍ ഇവിടെ ബിജെപിക്ക് സംഘടനാപരമായി അത്രവലിയ ക്ഷീണം സംഭവിച്ചോ, ആഘാതം അത്രക്ക് കനത്തതാണോ, ഇനി നടുവ് നിവര്‍ത്താന്‍ കഴിയാത്ത വിധത്തിലേക്ക് ആ പാര്‍ട്ടി ചെന്നെത്തി എന്നും മറ്റുമുള്ള പ്രതിയോഗികളുടെ വിമര്‍ശനത്തില്‍ എത്രത്തോളം കഴമ്പുണ്ട്? അതിനേക്കാളേറെ, മത ന്യൂനപക്ഷ വിഭാഗം സംഘടിതമായി വോട്ട് ചെയ്ത് വിധി നിര്‍ണ്ണയിക്കുന്ന ഏറെ അപകടകരമായ ഒരു ചിത്രവും കേരളത്തില്‍ ഇതാദ്യമായി കണ്ടു.
ബിജെപിയിലേക്ക് വരാം. ഇത്തവണ മൂന്ന് സീറ്റില്‍ എങ്കിലും വിജയിക്കാനാവും എന്നതായിരുന്നല്ലോ ബിജെപിയുടെ കണക്കുകൂട്ടല്‍; സാധ്യമായാല്‍ ആ എണ്ണം കൂടിക്കൂടായ്കയില്ല എന്നതും പലരും കണക്കുകൂട്ടി, ആഗ്രഹിച്ചു. അതിനാവശ്യമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്തു. നേമം, പാലക്കാട്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ വിജയത്തിനരികില്‍ ബിജെപിയെത്തുകയും ചെയ്തു. പക്ഷെ, അവിടെ വിജയം അസാധ്യമാക്കാന്‍ ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് സാധിച്ചു. മുന്‍പ് സൂചിപ്പിച്ച പദ്ധതി അവിടെയൊക്കെ പ്രാവര്‍ത്തികമാക്കി എന്നത് എല്ലാവരും മനസിലാക്കിയ കാര്യവുമാണ്. ബിജെപിയെ പരാജയപ്പെടുത്താനായി ഒരു വലിയ പദ്ധതി തന്നെ ആസൂത്രണം ചെയ്തിരുന്നു എന്നത് പിന്നീട് പുറത്തുവരുന്നതും ശ്രദ്ധിക്കണം. നേമം അതിനൊരു ഉദാഹരണം. 10,000-ഓളം കൂടുതല്‍ വോട്ട് ബിജെപിക്ക് കരസ്ഥമാക്കാന്‍ സാധിച്ചിട്ടും മഞ്ചേശ്വരത്ത് എന്താണ് സംഭവിച്ചത് എന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.
ഇത് ബിജെപി ചിന്തിക്കേണ്ടുന്ന പ്രശ്നമാണ്. ഓര്‍ക്കുന്നു, അമിത് ഷാ ബിജെപി അധ്യക്ഷനായ വേളയില്‍ അദ്ദേഹം കുറെ സംസ്ഥാന ഘടകങ്ങള്‍ക്ക് നല്കിയ നിര്‍ദ്ദേശം ‘നിങ്ങളുടെ വോട്ട് 50 ശതമാനത്തിലെത്തിക്കൂ’ എന്നതാണ്. അനവധി സംസ്ഥാനങ്ങള്‍ക്ക് ഇന്നിപ്പോള്‍ 50% വോട്ട് സൃഷ്ടിക്കാനായില്ലെങ്കിലും അതിനടുത്തെത്തിക്കാനായി. ബംഗാളില്‍ ഇത്തവണ ഉണ്ടായത് കൂടി സ്മരിക്കേണ്ടതുണ്ട്; ഏതാണ്ടൊക്കെ ത്രികോണ മത്സരമായിരുന്നല്ലോ അവിടെ ഉണ്ടായിരുന്നത്. മമത ഒരു ഭാഗത്ത്, കോണ്‍ഗ്രസും സിപിഎമ്മും അടങ്ങുന്ന മറ്റൊരു സഖ്യം, പിന്നെ ബിജെപിയും. കോണ്‍ഗ്രസ്- സിപിഎം മുന്നണി അത്ര ശക്തമല്ലെങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് ഏതാണ്ട് 12-15% വോട്ട് നേടാനായിരുന്നു. അതിത്തവണ ആവര്‍ത്തിക്കുമെന്ന് ബിജെപി കണക്കുകൂട്ടി. എന്നാല്‍ എന്താണുണ്ടായത്, കോണ്‍ഗ്രസും സിപിഎമ്മും പരസ്യമായി മമത ബാനര്‍ജിയുടെ കക്ഷിക്ക് വോട്ട് മറിച്ചു. 47. 9% വോട്ട് അവര്‍ക്ക് ലഭിച്ചു. കോണ്‍ഗ്രസിന് 2.9% സിപിഎമ്മിന് വെറും 4.7% എന്നതാണ് കിട്ടിയത്. ബിജെപിക്ക് ലഭിച്ചത് 38.13% വോട്ടും. ഹിന്ദുത്വ ശക്തികള്‍ ഏറെ ഗൗരവത്തിലെടുക്കേണ്ടുന്ന രാഷ്ട്രീയമാണിത് എന്നര്‍ത്ഥം.
ഇനി കേരളത്തിലേക്ക് വരാം; ഇവിടെ ബിജെപി ഒരു ഹിന്ദു പാര്‍ട്ടിയാണ് എന്നതിലാര്‍ക്കെങ്കിലും സംശയമുണ്ട് എന്ന് തോന്നുന്നില്ല. സംഘ പ്രസ്ഥാനങ്ങളുടെ മനസ്സ് പേറുന്ന പാര്‍ട്ടി എന്ന നിലക്കാണ് ജനങ്ങള്‍ അതിനെ വിലയിരുത്തുന്നത്. മത ന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ ഇവിടെ ആ പാര്‍ട്ടിയിലില്ല എന്നല്ല, എന്നാല്‍ ആ മത വിഭാഗങ്ങള്‍ക്കിടയിലേക്ക് ഗണ്യമായി ഇറങ്ങിച്ചെല്ലാന്‍ അതിന് ഇനിയും സാധിച്ചിട്ടില്ല. അനവധി കാരണങ്ങള്‍ അതിനുണ്ട്; പലവട്ടം അത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. മുന്‍പ് സൂചിപ്പിച്ചത് പോലെ, മതാധിഷ്ഠിതമായി കക്ഷികള്‍ രൂപീകൃതമായത് ബിജെപിക്ക് മാത്രമല്ല പരമ്പരാഗതമായി ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി ഏതിനും എന്തിനും തയ്യാറാവുന്ന കോണ്‍ഗ്രസിനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും പോലും വിഷമങ്ങളുണ്ടാക്കിയിട്ടുണ്ടല്ലോ. ചില ഘട്ടങ്ങളില്‍ അതിലെ ചിലരെ പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. എല്ലാ ഘട്ടങ്ങളിലും മത ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിട്ടുണ്ട്; എന്നാല്‍ അതൊന്നും വിചാരിച്ചത്ര വിജയം കണ്ടിട്ടില്ല.
ഇനി ബിജെപിക്ക് തകര്‍ച്ച സംഭവിച്ചോ? ഇല്ല എന്ന് തന്നെ ഞാന്‍ പറയും. അത് വിശദീകരിക്കുന്നത് കണക്കുകളുടെ പിന്‍ബലത്തോടെയാണ്; ഈ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശേഖരത്തില്‍നിന്നും എടുത്തതുമാണ്. അഞ്ചു തിരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്; 2011 മുതല്‍ 2021 വരെ. നിയമസഭാ ലോകസഭാ തെരഞ്ഞെടുപ്പുകള്‍ മാത്രം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം മാറ്റിവെക്കാം; പലപ്പോഴും അത് ബിജെപിക്ക് കരുത്തു പകര്‍ന്നതാണെങ്കിലും. കേരളത്തിലെ മൊത്തം പോള്‍ ചെയ്യുന്ന വോട്ടില്‍ ഏതാണ്ട് 50 ശതമാനം ഹിന്ദു വോട്ടാണ് എന്നതാണ് ഒരു പൊതുവിലയിരുത്തല്‍; ബാക്കി അന്‍പത് ശതമാനം മതന്യൂനപക്ഷ വോട്ടുകളും; ഇവിടുത്തെ ജനസംഖ്യയുടെ ഏറെക്കുറെയുള്ള പരിച്ഛേദം. ആ ഹിന്ദു വോട്ടില്‍ ആര് എത്ര നേടുന്നു, അതില്‍ ബിജെപിയുടെ പങ്കെത്ര? ക്രിസ്ത്യന്‍ -മുസ്ലിം വോട്ടില്‍ ഗണ്യമായി ലഭിച്ചില്ല എന്നത് ഇവിടെ ബിജെപിയുടെ പരാജയമായി കണ്ടുകൂടാ എന്നതുമോര്‍ക്കേണ്ടതുണ്ട്.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത് 1.746 കോടി വോട്ടാണ്; അതിന്റെ 50 ശതമാനം ഹിന്ദു വോട്ട്; അതായത് ഏതാണ്ട് 87 ലക്ഷം. ബിജെപിക്ക് അന്നിവിടെ കിട്ടിയത് 10.53 ലക്ഷം വോട്ട്; ഹിന്ദു വോട്ടിന്റെ എട്ട് ശതമാനം. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പായപ്പോള്‍ പോള്‍ ചെയ്ത വോട്ട് 1.776 കോടിയായി. അതില്‍ ഹിന്ദു വോട്ട് ഏതാണ്ട് 88.8 ലക്ഷം. ബിജെപി നേടിയത് 18. 54 ലക്ഷം; ഇത് ഹിന്ദുവോട്ടിന്റെ 21 ശതമാനം വരും. 2016 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ട് 2.012 കൂടിയായി; ഹിന്ദുവോട്ട് ഏതാണ്ട് 1. 06 കോടി. ഇത്തവണ ബിജെപി 21.29 ലക്ഷം വോട്ട് കരസ്ഥമാക്കി. അതായത് 20% ഹിന്ദു വോട്ട്. ഇനി 2019 -ലെത്തുമ്പോള്‍ വോട്ട് 2.02 കോടിയാവുന്നു. അതിലെ ഹിന്ദു വോട്ട് 1.014 കോടിയും. ഇത്തവണ ബിജെപി കരസ്ഥമാക്കിയത് 26.35 ലക്ഷം വോട്ടാണ്; അത് ഹിന്ദു വോട്ടിന്റെ ഏതാണ്ട് 26% വരുമല്ലോ. ഈ തെരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ബിജെപിക്ക് ഏറ്റവുമധികം ഹിന്ദു വോട്ട് കരസ്ഥമാക്കാന്‍ സാധിച്ചത് എന്നും വിലയിരുത്താമെന്ന് തോന്നുന്നു. നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയ തെരഞ്ഞെടുപ്പ്. മോഡി പ്രഭാവം ഏറ്റവുമധികം പ്രകടമായ ജനവിധിയും. അതൊക്കെ അന്ന് ബിജെപിയെ സഹായിച്ചിരുന്നു എന്ന് തീര്‍ച്ച.
ഇനി ഇത്തവണത്തെ തെരഞ്ഞെടുപ്പിലേക്കെത്താം; ആകെ പോള്‍ ചെയ്തത് 2. 08 കോടിയാണ്; ഇത് കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് ആണുതാനും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിങ് കുറഞ്ഞപ്പോഴും വോട്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധിച്ചു. നമ്മുടെ കണക്കനുസരിച്ച് ഹിന്ദുവോട്ട് അപ്പോഴും ഏതാണ്ട് 1.04 കൂടിയുണ്ട്; ബിജെപി നേടിയത് 23.54 ലക്ഷം. (ഇത് എന്‍ഡിഎ വോട്ടാണെങ്കില്‍ 25.89 ലക്ഷം). ബിജെപിക്ക് തനിച്ചു ലഭിച്ചത് നോക്കിയാല്‍ അത് 23 ശതമാനം വരും; എന്‍ഡിഎയുടെ വോട്ട് ആണെങ്കില്‍ 25 ശതമാനത്തോളവും. അതായത് 2019-ലെ മോഡി തരംഗത്തില്‍ ലഭിച്ചതുമായി താരതമ്യം ചെയ്താല്‍ ഹിന്ദു വോട്ടില്‍ തങ്ങളുടെ വിഹിതം ഏതാണ്ട് ബിജെപിക്ക് ഇത്തവണ കാത്തുസൂക്ഷിക്കാനായി. ഒന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്, ലോകസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന വോട്ട് നിയമസഭാ തെിരഞ്ഞെടുപ്പില്‍ സാധാരണ ലഭിക്കാറില്ല എന്നതാണത്. ഹിന്ദു വോട്ട് ബാങ്കില്‍ വിള്ളലുണ്ടായിട്ടില്ല എന്നര്‍ത്ഥം. മറ്റൊന്ന്, കേരളത്തിലെ രണ്ടു പ്രമുഖ സമുദായ സംഘടനകള്‍, എന്‍എസ്എസും എസ്എന്‍ഡിപിയും ഇത്തവണ പരസ്യമായി നിലപാടെടുത്തിരുന്നുവല്ലോ. ഒരാള്‍ യുഡിഎഫിനൊപ്പമായിരുന്നു എങ്കില്‍ മറ്റെയാള്‍ ഇടതുപക്ഷത്തിനൊപ്പവും. എന്നിട്ടും ബിജെപിക്ക് ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്ക് അതിന്റെ ശക്തി സമാഹരിക്കാന്‍ സാധിച്ചു.
എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ സംഘടനാപരമായി ചില പോരായ്മകള്‍, പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടാവാം. അത് എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവര്ക്കും ഉണ്ടാവാറുണ്ട്. അത് പരിശോധിക്കേണ്ടത് പാര്‍ട്ടി തന്നെയാണ്. ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ അതൊക്കെ പരിശോധിക്കാനും തിരുത്തലുകള്‍ വരുത്താനും കെല്പ്പുള്ളതുതന്നെയാണല്ലോ. അവര്‍ അത് ചെയ്യുന്നുണ്ടാവും, തീര്‍ച്ച. എന്നാല്‍ ഇവിടെ ബിജെപിക്കൊപ്പമുള്ള ഹിന്ദു വോട്ട് ബാങ്ക് കഴിഞ്ഞ ഒരു ദശാബ്ദത്തില്‍, 2011 മുതല്‍ 2021 വരെ, വര്‍ധിച്ചിട്ടേയുള്ളു. 2011-ലേതിനേക്കാള്‍ മൂന്നിരട്ടി വര്‍ധനയാണ് 2021-ലെത്തുമ്പോള്‍ കാണുക. അത് ബിജെപിയുടെ മാത്രമല്ല മുഴുവന്‍ സംഘ പ്രസ്ഥാനങ്ങളുടെയും കരുത്തുകൂടിയാണ് കാണിക്കുന്നത്. ഇതെങ്ങിനെ ഇനിയും വര്‍ധിപ്പിക്കണം എന്നതാവണം ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങളുടെ ചിന്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: