ടൂറിന്: പോര്‍ച്ചുഗലിന്റെ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയ്ക്ക് അപൂര്‍വ റെക്കോഡ്. യുറോപ്പിലെ അഞ്ചു പ്രധാനപ്പെട്ട ലീഗുകളില്‍ മൂന്നിലും ടോപ്പ് സ്കോറാറാകുന്ന ആദ്യ താരമായി ഈ യുവന്റസ് സ്ട്രൈക്കര്‍. ഈ സീസണില്‍ സീരീ എയില്‍ ടോപ്പ് സ്കോറായതോടെയാണ് റൊണോക്ക് ഈ റെക്കോഡ് സ്വന്തമായത്. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും ടോപ്പ് സ്കോററായിട്ടുണ്ട്.
ഇന്റര്‍ മിലാന്റെ റൊമേലു ലുകാകു, അറ്റ്ലാന്റയുടെ ലൂയിസ് മൂറീല് എന്നിവരെ മറികടന്നാണ് റൊണാള്‍ഡോ ഗോള്‍വേട്ടയില്‍ മുന്നിലെത്തിയത്. ആന്ദ്രെ പിര്‍ലോയുടെ യുവന്റസിനായി 29 ഗോളുകള്‍ നേടി . ഇതാദ്യമായാണ് ഈ മുപ്പത്തിയാറുകാരന് സീരീ എ യില്‍ ടോപ്പ് സ്കോററാകുന്നത്. കഴിഞ്ഞ രണ്ട് സീസണില്‍ യുവന്റസിനായി കളിച്ചെങ്കിലും ഗോള്‍ അടിയില്‍ മുന്നിലെത്തിയില്ല. പക്ഷെ കഴിഞ്ഞ രണ്ട് സീസണിലും സീരീ എയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ചു തവണ ബാലണ്‍ ഡി ഓര് പുരസ്കാരം സ്വന്തമാക്കിയ റൊണാള്‍ഡോ 2007-08 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 31 ഗോളുകള്‍ നേടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ്പ് സ്കോററായി. 2006-07, 2007-08 സീസണുകളില്‍ കളിയെഴുത്തുകാരുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ലാ ലിഗ ടീമായ റയല്‍ മാഡ്രിഡില്‍ ചേര്‍ന്ന റൊണാള്‍ഡോ മൂന്ന് തവണ ഗോള്‍ വേട്ടയില്‍ ഒന്നാമനായി. 2010-11 സീസണില്‍ 40 ഗോളുകള്‍ നേടിയും 2013-14 സീസണില്‍ 31 ഗോളുകള്‍ അടിച്ചും 2014-15 സീസണില്‍ 48 ഗോളുകള്‍ നേടിയുമാണ് റൊണാള്‍ഡോ സ്പാനിഷ് ലീഗില്‍ ഗോള്‍ അടിയില്‍ മുന്നിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: