തിരുവനന്തപുരം: വടകര എംഎല്‍എ കെ.കെ. രമയുടെ സത്യപ്രതിജ്ഞ സംപ്രേക്ഷണം ചെയ്യാതെ കൈരളി ചാനല്‍. രമയുടെ സത്യപ്രതിജ്ഞയുടെ സമയത്ത് സംപ്രേഷണം തടസ്സപ്പെട്ടത് സാമൂഹ്യമാധ്യമത്തിലടക്കം ചര്‍ച്ചയാവുന്നു. മറ്റു ചാനലുകളിലൊന്നും സാങ്കേതിക പ്രശ്‌നമില്ലാതെ സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോള്‍ കൈരളി ചാനലില്‍ മാത്രം ദൃശ്യങ്ങള്‍ മരവിക്കപ്പെട്ടു. ഇതോടെ ചാനലിന് ഷോക്കടിച്ചതാണോ? എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ കളം നിറഞ്ഞു.
സംഭവം ട്രോളര്‍മാരും ഏറ്റെടുത്തതോടെ അക്ഷരാര്‍ത്ഥത്തില്‍ സത്യപ്രതിജ്ഞയുടെ ശ്രദ്ധേയ ബിന്ദു കെ.കെ. രമയായി മാറി. രമേശ് ചെന്നിത്തലക്ക് ശേഷം തോട്ടത്തില്‍ രവീന്ദ്രന്‍ അതിന് ശേഷം കെ.കെ. രമ എന്ന ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. എന്നാല്‍ രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ദൃശ്യങ്ങള്‍ മരവിപ്പിച്ച കൈരളി ചാനല്‍ പിആര്‍ഡി നല്‍കുന്ന വീഡിയോക്ക് സാങ്കേതിക പ്രശ്‌നമെന്നാണ് വിശദീകരിച്ചത്. മറ്റു ചാനലുകള്‍ക്കൊന്നും സാങ്കേതികപ്രശ്‌നമുണ്ടായിരുന്നില്ല. എല്ലാ ചാനലുകള്‍ക്കും പിആര്‍ഡിയാണ് ദൃശ്യങ്ങള്‍ നല്‍കിയത്.
കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ മറ്റെല്ലാ ചാനലുകളും സംപ്രേഷണം ചെയ്തപ്പോള്‍ കൈരളി ടിവിയില്‍ മാത്രം അതുണ്ടായില്ല. ദൃശ്യങ്ങള്‍ പിആര്‍ഡി നേരിട്ട് നല്‍കുന്നതാണെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും പറഞ്ഞ് അവതാരകന്‍ ഇടവേളയിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ഈ സമയം മറ്റു ചാനലുകളില്‍ ടി.പി. ചന്ദ്രശേഖരന്റെ ചിത്രം നെഞ്ചില്‍ ചേര്‍ത്ത് തല ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞചെയ്യുന്ന കെ.കെ. രമയുടെ ദൃശ്യമാണ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നത്. ഇതോടെയാണ് സാങ്കേതിക പ്രശ്നമല്ല കൈരളിയുടെ നിലപാടിന്റെ ഭാഗമാണിതെന്ന് പലര്‍ക്കും ബോധ്യമായത്. സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയപ്പോഴാണ് വീണ്ടും കൈരളിയില്‍ സംപ്രേഷണം തിരിച്ചുവന്നത്. രമയ്‌ക്ക് അപ്രഖ്യാപിതവിലക്ക് ഏര്‍പ്പെടുത്തുകയാണ് സിപിഎം ചാനലായ കൈരളി എന്നതാണ് ഉയരുന്ന വാദം. ചിലര്‍ വൈകാരികമായും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചു.
സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജും പതിച്ചാണ് മുഖ്യ രാഷ്‌ട്രീയ ശത്രുവായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നില്‍ കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ എംഎല്‍എമാര്‍ വരെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തപ്പോള്‍ ഒരു ഭാവവ്യത്യാസവുമില്ലാതെ കെ.കെ. രമ നേരെ തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: