”എഴുത്തുകാരനായി സ്വയം ജ്ഞാനസ്‌നാനം ചെയ്ത ഒരാള്‍ സൃഷ്ടി അപൂര്‍വ വസ്തുവായിരിക്കാന്‍ വേണ്ടി നടത്തുന്ന ബാഹ്യപ്രേരണകളുടെ കലര്‍പ്പില്ലാത്ത കലാസാധനയാണ് സ്വാതന്ത്ര്യം.” പ്രശസ്ത നിരൂപകനായിരുന്ന കെ.പി അപ്പന്റെ ഈ വാക്കുകള്‍ ഓര്‍ത്തുപോവുകയാണ് അനീഷ് കെ. അയിലറയുടെ കളിപ്പാട്ടക്കണ്ണ് എന്ന കവിതാ സമാഹാരം വായിക്കുമ്പോള്‍. അനീഷ് എന്ന കവിയുടെ സര്‍ഗസ്വാതന്ത്ര്യം ദാര്‍ശനികമായ അന്തഃസത്തയുടെ സുപ്രധാനമായ പ്രഖ്യാപനമാണ്. കവിതാ രചന അവബോധാത്മകമായ ഒരു പ്രക്രിയയാണ്. അത് ഒരു ദിവ്യസാന്നിദ്ധ്യവുമാണ്. ഈ സത്യത്തിലേക്ക് ആസ്വാദകനെ എത്തിക്കുന്നു കളിപ്പാട്ടക്കണ്ണിലെ അന്‍പത്തിയൊന്നു രചനകളും.
ഈ രചനകളില്‍ കവിയുടെ കാവ്യ സ്വാതന്ത്ര്യം നിരുപമവും നിരങ്കുശവുമാണ്. അതുകൊണ്ടാണ് മലയാളത്തിലെ ശ്രേഷ്ഠ കവി വി. മധുസൂദനന്‍ നായര്‍ ഇങ്ങനെ കുറിച്ചത്. ”കവിതയുടെ അഗ്‌നിബീജങ്ങള്‍ ജ്വലിപ്പിക്കുവാന്‍ സഹജവീര്യവും വാക്കിന്റെ വിശുദ്ധിയും ഛന്ദസ്സിന്റെ ഭദ്രതയും വര്‍ധമാനമായി ആര്‍ജ്ജിക്കാന്‍ പോന്നതാണ് അനീഷിന്റെ കവി മനസ്സ്. അനീഷിന്റെ കവിതകള്‍ക്കുള്ളില്‍ കാലങ്ങളുണ്ട് ജീവിതവും ജീവിത പ്രണയവുമുണ്ട്. സര്‍ഗാത്മകമായ വിപ്ലവത്തിന്റെ കനല്‍ത്തരികളും അപൂര്‍വാനുഭവങ്ങളിലേക്ക് ചിറകിലെടുത്തു പറക്കുന്ന ദര്‍ശനങ്ങളുമുണ്ട്. ഏത് ഊഷരഭൂമിയേയും നനച്ചുണര്‍ത്താന്‍ കിനിയുന്ന ആര്‍ദ്രതയുമുണ്ട്.” ഈ വാക്കുകള്‍ക്കു വ്യാഖ്യാനം വേണ്ട. സ്വയം അര്‍ത്ഥക്ഷമമാണ് അതിലെ പദങ്ങള്‍. എന്നുമാത്രമല്ല അനീഷ് എന്ന കവിയുടെ കാവ്യസര്‍ഗ ഹൃദയത്തിലേക്കുള്ള സുഗമ സഞ്ചാരപാത കൂടിയാണ് ആ വാക്കുകള്‍.
മലയാള കാവ്യസാഹിത്യത്തില്‍ ശ്രദ്ധേയമായ ഒരു സപര്യ തന്നെയാണ് കളിപ്പാട്ടക്കണ്ണ്. അതിലെ ഓരോ കവിതയും എടുത്തുദ്ധരിച്ച് ഈ അഭിപ്രായം സമര്‍ഥിക്കാന്‍ തെല്ലും വിഷമമില്ല. എന്നാല്‍ സ്ഥലത്തിന്റെ പരിമിതി ബോദ്ധ്യപ്പെടേണ്ടതുണ്ട്. കളിപ്പാട്ടക്കണ്ണ് എന്ന കവിതയടക്കം ഓരോ കവിതയും ആസ്വാദകന്റെ മനസ്സില്‍ സൃഷ്ടിക്കുന്ന ഒരു ദര്‍ശന സാന്നിദ്ധ്യമുണ്ട്. അതിതാണ്: അപൂര്‍വ വസ്തു നിര്‍മാണക്ഷമതയാണ് പ്രതിഭയെന്നും, അപാരമായ കാവ്യസംസാരത്തില്‍ സര്‍വത്ര സ്വതന്ത്രനായ പ്രജാപതിയാണ് കവിയെന്നുമുള്ള സത്യം. അനീഷ് എന്ന കവിയെ സ്വതന്ത്രനാക്കുന്നത് സാമൂഹ്യമായ അസ്തിത്വമാണ്. ഈ അസ്തിത്വം ഓരോ കവിതയുടേയും സ്പന്ദനമാക്കാന്‍ കഴിഞ്ഞതാണ് കവിയുടെ വിജയം. കളിപ്പാട്ടക്കണ്ണ്, വേഷങ്ങള്‍, അപൂര്‍ണ്ണം, വേഴാമ്പല്‍, നിനക്കായ്, മകനോട്, അടഞ്ഞ വീട് തുടങ്ങിയ ഏത് കവിത പരിശോധിച്ചാലും ഈ അസ്തിത്വത്തിന്റെ നനവാര്‍ന്നതെങ്കിലും ദൃഢമായ പൊരുള്‍ നമുക്കനുഭവിക്കാന്‍ കഴിയും. ഇത് അനീഷിന്റെ വിജയം തന്നെയാണ്.
രചനയുടെ ദൈവശാസ്ത്രകാരനായി അനീഷ് മാറുന്നത് കാലത്തെ കവിതകളിലേക്ക് ആവാഹിച്ചുകൊണ്ടാണ്. കവിത കവിയുടെ പ്രപഞ്ചസൃഷ്ടിയാണ്. കേവലം വാക്കുകളോ അക്ഷരങ്ങളോ ചിഹ്നങ്ങളോ അല്ല. അത് സ്വാതന്ത്ര്യവും ദര്‍ശനവും കലാപവും സമ്മേളിക്കുന്ന ആഖ്യാനമാണ്. എഴുത്തുകാരന്റെ ആത്മചൈതന്യമായി സൃഷ്ടിയെ വിലയിരുത്തുമ്പോഴാണ് ധ്യാനബോധം ആസ്വാദകന് അനുഭവിക്കാനാവുക. കളിപ്പാട്ടക്കണ്ണിലെ ആ പേരുള്ള കവിത മാത്രം മതി ഈ സത്യത്തെ വിളിച്ചു പറയുവാന്‍. കാലം മനുഷ്യനിലുണ്ടാക്കുന്ന മാറ്റങ്ങളും അസ്വസ്ഥതകളും മിക്ക കവിതകളിലും നന്നായി ഇഴചേര്‍ന്നിട്ടുണ്ട്.
”ഇവിടെയെന്റെ വയലുതോറും
വില്ല പൂക്കുമ്പോള്‍
ഭരണവര്‍ഗ്ഗം വികസനത്തിന്‍
വീമ്പിളക്കുമ്പോള്‍
കണ്ണുപൊത്തിയ നീതിപീഠം
മൗനിയാകുന്നു.
ആളൊഴിഞ്ഞൊരു കാവിലേതോ
തെയ്യ മുറയുമ്പോള്‍
പടയണിപ്പാട്ടെവിടെയോയെന്‍
ഹൃത്തിലൂറുമ്പോള്‍
നിഴലുവീണ കിനാവിലാരോ
കവിത ചൊല്ലുന്നു.
കവിതയില്‍ കനലാട്ടമാടി
വരികള്‍ തുള്ളുന്നു.”
ഈ വരികളില്‍ ഭൂപ്രണയമാകുന്ന കവിത സൃഷ്ടിയുടെ സ്വാതന്ത്ര്യവും കനലാട്ടവും വെളിപ്പെടുത്തുന്നു. അവബോധാത്മകമായ സ്വാതന്ത്ര്യ ബോധമാണിത്. ജനത്തിന്റെ പക്ഷത്തുനിന്നു കവിതയെ ചരിത്രവല്‍ക്കരിക്കുന്ന ഒരു കവിക്കു മാത്രമേ ഇങ്ങനെ എഴുതാനാകൂ. കളിപ്പാട്ടക്കണ്ണില്‍ അനീഷ് കെ.അയിലറ അവലംബിച്ച സര്‍ഗസ്വാതന്ത്ര്യം വായനയുടെ സ്വാതന്ത്ര്യം കൂടിയാണ്. ഇതിലെ ഓരോ കവിതയും മികവുറ്റതാകുന്നത് വായനക്കാരന്റെ സ്വാതന്ത്ര്യബോധത്തെ ഉന്മിഷത്താക്കുന്നതിലൂടെയാണ്.
മരണത്തിനപ്പുറം, അടഞ്ഞ വീട് തുടങ്ങിയ പല കവിതകളിലും മൃതി ഒരു ബിംബമായി കടന്നുവരുന്നുണ്ട്. കാലസ്വാതന്ത്ര്യത്തെ സമാശ്ലേഷിക്കുന്നതു പോലെയാണ് കവി മൃതിബിംബത്തേയും വാരിപ്പുണരുന്നത്. ‘മൃതി’ കാലംപോലെ എല്ലാവര്‍ക്കും തുല്യത അവകാശപ്പെടാവുന്ന ഒരു ബിംബമാണ്. കവിയുടെ മൃതിബിംബം ‘സമത്വം’ എന്ന അനിഷേധ്യ പ്രവാഹത്തെ സ്വാംശീകരിക്കുന്നതാണ്. പ്രപഞ്ചത്തില്‍ ശാശ്വതമായതും എല്ലാവര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതും മൃതിയെന്ന ശാശ്വത സത്യമാണെന്ന കവിയുടെ തിരിച്ചറിവ് ഭാരതീയ സംസ്‌കൃതിയുടെ ആകെത്തുകയെ പ്രകടീകരിക്കുന്നു. കപടതകളും കലാപങ്ങളും അമൂര്‍ത്തതകളും ഒഴിവാക്കി സ്വയം തിരിച്ചറിഞ്ഞ് തന്റെ തന്നെ ഉള്‍ബോധത്തിലേക്ക് ആസ്വാദകനെ നടത്താന്‍ കളിപ്പാട്ടക്കണ്ണിലെ ഒട്ടുമിക്ക കവിതകളും പര്യാപ്തമാണ്. ഇതുതന്നെയാണ് ഈ കവിതാ പുസ്തകത്തിന്റെ വിജയവും. വിവേകശാലിയായ ഒരു വായനക്കാരനെ സൃഷ്ടിക്കാന്‍ പര്യാപ്തമാണ് കളിപ്പാട്ടക്കണ്ണിലെ കവിതകള്‍ എന്നു മനഃശുദ്ധിയോടെ പറയാന്‍ കഴിയുന്നുവെന്നത് ഈ കൃതിയുടെ വിജയമായി കണക്കാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: