ന്യൂദല്‍ഹി: ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ലോക്ഡൗണിനിടയിലും ആയിരങ്ങള്‍ ടിക്കായത്തിനൊപ്പം ചേര്‍ന്നത് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തലവേദനയാകുന്നു. പ്രൊട്ടോക്കോള്‍ ലംഘിച്ചാണ് കര്‍ഷകസമരത്തിന്റെ പേരില്‍ ഇടനിലക്കാര്‍ ഹിസാറില്‍ തടിച്ചുകൂടിയിരിക്കുന്നത്.
കര്‍ഷകസമരം തുടങ്ങി ആറുമാസം തികയുന്ന മെയ് 26ന് കരിദിനം ആചരിക്കാനാണ് ഇത്രയും പേര് ലോക്ഡൗണിനിടയിലും ഒത്തുചേര്‍ന്നിരിക്കുന്നത്. ഹരിയാനയിലും ദല്‍ഹിയിലും മെയ് 31വരെ ലോക്ഡൗണാണ്. ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലാണ് കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചുള്ള സമരക്കാരുടെ കൂട്ടംചേരല്‍.
അക്രമം തടയാന്‍ 4,000 പൊലീസുകാരെ ഇവിടെ ഹരിയാന സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. മെയ് 26ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 350 പേര്‍ക്കെതിരെ ചുമത്തിയ പൊലീസ് കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പലരും മാസ്ക് പോലും ധരിക്കുകയോ സാമൂഹ്യഅകലം പാലിക്കുകയോ ചെയ്യാതെയാണ് പങ്കെടുക്കുന്നത്.
കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്നുണ്ടെങ്കിലും സമരം പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് പറയുമ്പോള്‍ ലക്ഷ്യം സമരം നീട്ടിക്കൊണ്ടുപോകുക മാത്രമാണ്. 40 സംഘടനകളുടെ സംയുക്തസംഘടനയായ സംയുക്ത കിസാന്‍ മോരച്ച (എസ് കെഎം) ചര്‍ച്ച പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇതിനിടെ മെയ് 26ന്റെ കരിദിന സമരത്തിന് 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതും ആശങ്ക ഉളവാക്കുന്നു. കോവിഡ് രണ്ടാം തരംഗത്തെ മുതലെടുത്ത് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ചൊരിയുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രോഗം കൂടുതല്‍ വ്യാപിപ്പിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍, ഇടത് പാര്‍ട്ടികള്‍, എസ്പി, എന്‍സിപി, ഡിഎംകെ എന്നിവയാണ് കരിദിന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: