മാവേലിക്കര: കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ നൂറുകണക്കിനു താറാവു കര്‍ഷകര്‍ക്ക് ആശ്വാസകരമാകുമായിരുന്ന ഇന്‍ഷ്വന്‍സ് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങുന്നു. താറാവുകള്‍ കൂട്ടത്തോടെ ചത്തുപോകുന്ന പ്രവണത ആവര്‍ത്തിക്കുമ്പോള്‍ ഇന്‍ഷ്വറന്‍സ് പദ്ധതി നിലവിലില്ലാത്തത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമാകുകയാണ്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പക്ഷിപ്പനി ബാധിച്ച് ആയിരക്കണക്കിനു താറാവുകള്‍ ചത്തുപോയ വേളയില്‍ സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച മൃഗസംരക്ഷണ വകുപ്പു മന്ത്രി താറാവുകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കര്‍ഷകര്‍ ഏറെ ആശ്വാസത്തോടെയാണ് മന്ത്രിയുടെ പ്രഖ്യാപനം കേട്ടത്. എന്നാല്‍ മന്ത്രിസഭയുടെ കാലാവധി തീരും മുന്‍പ് പദ്ധതി നടപ്പാക്കുവാന്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഒരു ശ്രമവുമുണ്ടായില്ല. താറാവുകള്‍ കൂട്ടത്തോടെ ചത്തുപോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരെങ്കിലും പദ്ധതി നടപ്പില്‍ വരുത്തുമെന്ന് കര്‍ഷകര്‍ പ്രത്യാശിക്കുന്നു. താറാവുകള്‍ക്ക് മുന്‍കാലങ്ങളില്‍ ഇന്‍ഷ്വറന്‍സ് നിലവിലുണ്ടായിരുന്നുവെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പിന് വാങ്ങിയതോടെ പദ്ധതി നിലച്ചുപോവുകയായിരുന്നു.
ഇന്‍ഷ്വര്‍ ചെയ്യുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് തിരിച്ചറിയല്‍ അടയാളമായി ചെവിയില്‍ കമ്മലിടുന്നതു പോലെ താറാവുകള്‍ക്ക് അടയാളമിടുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പദ്ധതിയില്‍ നിന്ന് മുന്‍പ് പിന്‍വാങ്ങിയത്. എന്നാല്‍ ഈ സാങ്കേതിക പ്രശ്നത്തിന് പരിഹാരം കണ്ടെത്തി ഇന്‍ഷ്വറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ഇപ്പോള്‍ താറാവുകള്‍ ചത്തുപോകുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നിസ്സാര നഷ്ടപരിഹാരം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കന്നത്. വന്‍സാമ്പത്തിക ബാധ്യത വരുന്നതുമൂലം താറാവു കര്‍ഷകര്‍ ഈ രംഗത്തു നിന്നും പിന് വാങ്ങുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: