ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് തന്നെ മാനക്കേടായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആഭരണങ്ങള്‍ മോഷണം പോകുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുന്ന കൊവിഡ് ബാധിതരുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോകുന്നത്. ഇത്തരത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്കുമ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെടുന്നതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പരാതികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചു. ഇത് സംബന്ധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പോലീസിലും പരാതി നല്കി.
ഏറ്റവും ഒടുവിലായി ഹരിപ്പാട് മുട്ടം സ്വദേശി വത്സലകുമാരിയുടെ ആറര പവന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞ 12ന് വൈകിട്ടാണ് ഹരിപ്പാട് മുട്ടം മണിമല ജങ്ഷനു സമീപം ശ്രീകൈലാസത്തില്‍ സദാശിവന്റെ ഭാര്യ വത്സലകുമാരി (59)യെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ പ്രവേശിപ്പിക്കുമ്പോള്‍ നാലര പവന്റെ മാല ഉള്‍പ്പെടെ ഏഴര പവന് സ്വര്‍ണാഭരണങ്ങള്‍ വത്സലകുമാരിയുടെ ശരീരത്തിലുണ്ടായിരുന്നു. രോഗം മൂര്‍ഛിച്ച വത്സല കുമാരി വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ചു. വൈകിട്ട് ഏഴേ മുക്കാലോടെ മൃതദേഹം പുറത്തിറക്കിയപ്പോള്‍ ഒരു പവന്റെ വള മാത്രമാണ് മുറിച്ച നിലയില്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.
രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന് ശേഷം ബന്ധുക്കള്‍ പലതവണ ആഭരണങ്ങള്‍ ചോദിച്ചെങ്കിലും പിന്നീട് നല്‍കാമെന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാര്‍ ഒഴിഞ്ഞു മാറിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. എല്ലാവരും പിപിഇ കിറ്റ് ഉപയോഗിക്കുന്നതിനാല്‍ ആശുപത്രി ജീവനക്കാരെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണം ആരോട് ചോദിക്കുമെന്നറിയാത്ത ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി.
കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച അവലൂക്കുന്ന് വാലയില്‍ വീട്ടില്‍ ബി.എല്‍. ജോസഫിന്റെ ഭാര്യ ആനി ജോസഫി (55)ന്റെ രണ്ടരപ്പവന്റെ സ്വര്‍ണമാലയും മൊബൈല്‍ഫോണും നഷ്ടപ്പെട്ടിരുന്നു, പട്ടണക്കാട് സ്വദേശി പ്രഭാവതി അമ്മയുടെ ആറു പവന് സ്വര്‍ണം, ഹരിപ്പാട് സ്വദേശി ലിജോ ബിജുവിന്റെ പേഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. പരാതികള്‍ അമ്പലപ്പുഴ പോലിസിന് കൈമാറിയിരിക്കുകയാണ്.
ആശുപത്രിയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആഭരണങ്ങള്‍ നഷ്ടമായ സംഭവം ആവര്‍ത്തിച്ചതോടെ പോലീസ് നിരീക്ഷണം ശക്തമാക്കി. കൊവിഡ് വാര്‍ഡില്‍ പ്രവേശിപ്പിക്കും മുന്‍പ് രോഗിയുടെ ആഭരണങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കാന്‍ നിര്‍ദേശിച്ചതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ.ആര്.വി. രാംലാലും പറഞ്ഞു.
കൊവിഡ് വിഭാഗത്തില്‍ സ്വര്‍ണാഭരണം ധരിക്കുകയോ, വിലകൂടിയ വസ്തുക്കള്‍ കൊണ്ടുവരികയോ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപിയില്‍ വച്ചുതന്നെ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും കൂട്ടിരിപ്പുകാരെ ഏല്പിച്ച് രജിസ്റ്റര്‍ ചെയ്യും. രോഗിയുടെ ശരീരത്തില്‍ ആഭരണങ്ങളില്ലെന്ന് ഉറപ്പുവരുത്താന്‍ സുരക്ഷാജീവനക്കാരെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: