അമ്പലപ്പുഴ: സാനിറ്റൈസര്‍, മാസ്ക് എന്നിവയുടെ ഓര്‍ഡര്‍ സിപിഎമ്മുകാരന് നല്‍കിയില്ല, പഞ്ചായത്ത് ഓഫീസില്‍ കയറി ഡിവൈഎഫ്ഐ നേതാവ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. മര്‍ദനമേറ്റ സീനിയര്‍ ക്ലാര്‍ക്ക് ജിതീഷ് നാഥിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ അമ്പലപ്പുഴയിലെ ഡിവൈഎഫ്ഐ നേതാവ് പ്രശാന്ത് കുട്ടിയാണ് ജീവനക്കാരനെ മര്‍ദിച്ചത്.
കൊവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യുന്ന സാനിറ്റൈസര്‍, മാസ്ക് എന്നിവയുടെ വിതരണ ചുമതല നല്കിയ ആളുമായി ബന്ധപ്പെടാന്‍ ജിതീഷ് നാഥിന് പഞ്ചായത്ത് സെക്രട്ടറി ചുമതല നല്‍കിയിരുന്നു. ഇതിന് പ്രകാരം ജിതീഷ്നാഥ് ഇവരെ വിളിക്കുകയും ചെയ്തു. ഇതിനു ശേഷം പ്രശാന്ത്കുട്ടി, ജിതീഷ് നാഥിനെ വിളിക്കുകയും സിപിഎമ്മുകാരാണ് കഴിഞ്ഞ പ്രാവശ്യം വരെ സാനിറ്റൈസര്‍ നല്‍കിയതെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ഭീഷണിപ്പെടുത്തി.
പിന്നീട് പഞ്ചായത്ത് ഓഫീസില്‍ എത്തുകയും ഓഫീസിനുള്ളില്‍ കയറി സെക്രട്ടറിയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന ജിതീഷ് നാഥിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സിപിഎം അനുഭാവി കൂടിയായ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ അറിയിക്കുവാനോ പ്രതിക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെടുവാനോ തയാറായില്ല. സംഭവം നടക്കുമ്പോള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ള സിപിഎം നേതാക്കളും മൗനം പാലിച്ചു.
നിലവില്‍ പഞ്ചായത്തില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സിപിഎം രാഷ്ട്രീയവത്കരിച്ചു. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്കു പോലും സ്വാതന്ത്രമായി ജോലി ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ സിപിഎം സംഘം പഞ്ചായത്ത് ഓഫീസിന് അകത്തു പോലും ഗുണ്ടാവിളയാട്ടം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: