കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ സവിശേഷ സ്ഥാനമുള്ളയാളാണ് ജി.കെ. സുരേഷ് ബാബു. അദ്ദേഹം തന്റെ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചതു മാതൃഭൂമി പത്രത്തിലൂടെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആ പത്രത്തിന്റെ തൃശ്ശിവപേരൂരിലെ ലേഖകനായിരുന്ന കാലത്താണ് ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് അമൃതാ ടിവി ആരംഭിച്ചപ്പോള്‍ അതില്‍ മുഖ്യമായ പങ്കുവഹിച്ചിരുന്നു. ഇപ്പോള്‍ ജനം ടിവിയില്‍ മുഖ്യമാധ്യമപ്രവര്ത്തകനാണ്. അദ്ദേഹം നയിക്കുന്ന ചര്‍ച്ചാ പരിപാടി ഓരോന്നും ഏറെ കനപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ്. അതതു വിഷയങ്ങളില്‍ പ്രഗത്ഭരായവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ളവയാണ്. ആ വിഷയങ്ങളുടെ എല്ലാ വശങ്ങളും ശ്രോതാവിന് തികഞ്ഞ തെളിച്ചത്തോടെ മനസ്സിലാക്കാന്‍ കഴിയുമാറ് ഉള്‍ക്കാഴ്ചയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനും അദ്ദേഹം ശ്രദ്ധിക്കുന്നു. ഭരണ, നീതിന്യായ, രാഷ്ട്രീയ, നീതിനി
ര്‍വഹണ, പത്രപ്രവര്‍ത്തന, വിദ്യാഭ്യാസ, രംഗങ്ങളില്‍ അഗ്രിമസ്ഥാനം വഹിച്ചവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കാണാന്‍ കഴിയുന്നു. മുന്‍ ഡിജിപി സെന്‍കുമാര്‍, കാലടി സംസ്കൃത വിദ്യാപീഠം ഉപകുലപതിയും, പബ്ലിക് സര്‍വീസ് കമ്മീഷന് അധ്യക്ഷനുമായിരുന്ന ഡോ. രാധാകൃഷ്ണന്, പത്രപ്രവര്‍ത്തന രംഗത്തെ പഴക്കം ചെന്ന പി. രാജന്, ഇസ്ലാമിക ചിന്തയുടെ വക്താവായ ഒ.അബ്ദു റഹിമാന്‍ തുടങ്ങി അവരുടെ നിര വളരെ വലിയതാണ്. ഇന്നത്തെ അന്തരീക്ഷത്തില്‍ തൊട്ടാല്‍ പൊള്ളുന്ന സ്ഥിതിവിവരക്കണക്കുകള്‍ നിരത്തുന്ന സെന്‍കുമാറിന്റെ വാദങ്ങള്‍ ആര്‍ക്കും ഖണ്ഡിക്കാന്‍ സാധിക്കാത്തവയാണുതാനും.
സുരേഷ് ബാബുവിനെ അടുത്ത് പരിചയപ്പെട്ടത് ഞാന്‍ ജന്മഭൂമിയിലുണ്ടായിരുന്ന കാലത്താണ്. 1998 ല്‍ ജന്മഭൂമിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പേരാമംഗലത്തെ ദേവീ വിലാസം ഹൈസ്കൂളില്‍ നടന്ന സംഘശിക്ഷാവര്‍ഗിനിടെ ഒരു ബൈഠക് നടന്നിരുന്നു. പത്രം സാമ്പത്തികമായി വളരെ ശോചനീയാവസ്ഥയിലായിരുന്നു. സംഘത്തിന്റെ പ്രമുഖരായ പലരും സ്വാഭാവികമായും ശിബിരത്തിലുണ്ടാവുമല്ലൊ. അന്ന് ജന്മഭൂമിയിലല്ലാത്ത പല സ്വയംസേവക ജേര്‍ണലിസ്റ്റുകളും ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മാതൃഭൂമിയിലെ അറിയപ്പെടുന്ന ജേര്‍ണലിസ്റ്റായിരുന്ന ജികെ വളരെ ശക്തിയായിത്തന്നെ ജന്മഭൂമിയെ ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനായിരുന്നു. പരിപാടി കഴിഞ്ഞു എന്നെ ബൈക്കില്‍ ബസ് സ്റ്റാന്റിലെത്തിച്ചതദ്ദേഹമായിരുന്നു. ഇടയ്ക്ക് പൂങ്കുന്നത്തെ അദ്ദേഹത്തിന്റെ വസതിയില്‍ അല്‍പ്പം വിശ്രമിക്കുകയും ചെയ്തു. വൈദ്യുതി ബോര്‍ഡിലായിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി എന്നാണോര്‍മ്മ.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം അമൃത ടിവിയില്‍ ചേരാന്‍ മാതൃഭൂമിയിലെ സേവനം അവസാനിപ്പിക്കുകയായിരുന്നുവെന്നറിഞ്ഞു. പരമേശ്വര്‍ജിയാണ് അമൃതയില്‍ ചേരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് ഞാന്‍ മനസ്സിലാക്കി. ആ സ്ഥാപനത്തിന് വിശ്വസ്തനായ ഒരാളെ ശുപാര്‍ശ ചെയ്യണമെന്നു ‘അമ്മ’യുടെ ആഗ്രഹം പരമേശ്വര്‍ജിയെ അറിയിച്ചതിന്റെ ഫലമായിരുന്നു അതത്രേ. എന്റെ മകന് അനുവും പ്രസ് അക്കാദമിയില്‍നിന്ന് പാസായശേഷം അമൃതയില്‍ ചേര്‍ന്നു. അവരുടെ ടെസ്റ്റു സമയത്താണ് ഞങ്ങളുടെ ബന്ധം അറിഞ്ഞത്.
ജികെയുടെ ഏറ്റവും കനപ്പെട്ട സംഭാവന കേരളത്തിലെ വര്‍ഗീയതയെക്കുറിച്ച് നടത്തിയ പഠനമാണ് എന്നു ഞാന്‍ കരുതുന്നു. അതിനു തനിക്കു പ്രേരണയും പ്രചോദനവും വന്നതെവിടന്നാണെന്നും പറയുന്നുണ്ട്. വര്‍ഗീയത കേരളീയ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ഗ്രസിച്ചിരിക്കുന്നു. അതിന്റെ പിടിയില്‍നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. വര്‍ഗീയതയുടെ സമവാക്യങ്ങളെ തൊട്ടുകളിച്ചാല്‍ തകരുന്നത് അധികാരത്തിന്റെ സ്വപ്നങ്ങളാണ്. ശബരിമല തീവെപ്പു മുതല്‍ പൂന്തുറ കലാപം വരെയുള്ള അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ സെക്രട്ടറിയേറ്റില്‍ വിശ്രമിക്കുന്നു. 2002 ല്‍ വര്‍ഗീയതയുടെ അടിവേരുകള്‍ തേടിപ്പോയതിന്റെ വിവരങ്ങള്‍ സമാഹരിച്ച് ജി.കെ.എഴുതിയ പുസ്തകം കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ചിരുന്നു. ആ പുസ്തകത്തിന് പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന അപ്പന് മേനോന്റെ പേരിലുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു.
കേരളത്തില്‍ വര്‍ഗീയതയ്ക്കു വിത്തു വിതയ്ക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചത് മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗമാണെന്നും അതിന് കാരണമായ ചരിത്ര വസ്തുതകള്‍ എന്താണെന്നും മറ്റും വിശദമായ ചരിത്രരേഖകളുദ്ധരിച്ചുകൊണ്ട് ജികെ വിവരിക്കുന്നുണ്ട്. അവ അനിഷേധ്യ വസ്തുതകളാണുതാനും. അവ തേടിപ്പിടിക്കുന്നതില്‍ അദ്ദേഹം കാണിച്ച ഉദ്യമശീലവും താല്‍പ്പര്യവും അതീവ പ്രശംസനീയങ്ങളാണ്. കേരളത്തിന്റെ വടക്കന്‍ പകുതിയിലാണ് മുസ്ലിം വര്‍ഗീയത ഏറ്റവും കരുത്താര്‍ജിച്ചത്. മൈസൂര്‍ ആക്രമണകാലത്തും അതിനുശേഷവും അവിടെ വന്ന സാമൂഹ്യ പരിവര്‍ത്തനം ഹിന്ദു സമുദായത്തിന്റെ തകര്‍ച്ചയ്ക്കും മുസ്ലിം മേധാവിത്തത്തിന്റെ കരുത്താര്‍ജിക്കുന്നതിനും വളമായിത്തീര്‍ന്നു. സ്വാതന്ത്ര്യലബ്ധിയോടെ ആ പ്രവണത വര്‍ധിച്ചുവരികയുണ്ടായി. പാക്കിസ്ഥാന് രൂപീകരിക്കാനായി ഭാരതത്തെ വെട്ടിമുറിക്കുമ്പോള്‍ മലബാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ന്ന് മാപ്പിളസ്ഥാന് സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മുസ്ലിംലീഗ് അംഗങ്ങള്‍ മദിരാശി നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്പായിരുന്നല്ലോ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുവായി മാറിയ മാലാപറമ്പിലെ രാമസിംഹന്റെ കുടുംബ വിച്ഛേദം വരുത്തിയത്. അതില്‍ പരസ്യമായ പ്രതിഷേധം പ്രകടിപ്പിക്കാന്‍ മലബാറില്‍ ഹിന്ദുക്കള്‍ക്ക് ധൈര്യമില്ലായിരുന്നു. പാലക്കാട് പ്രചാരകനായിരുന്ന ഭരതേട്ടന്റെ ആഹ്വാനപ്രകാരം സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലും പ്രകടനവുമായിരുന്നു ഏക പ്രതിഷേധം.
മലബാറില്‍ ഇസ്ലാമിക തീവ്രവര്ഗീയതയാണ് രണ്ടരനൂറ്റാണ്ടുകാലം തേരോട്ടം നടത്തിയതെങ്കില്‍ അതിനേക്കാള്‍ തീവ്രമായാണ് ക്രിസ്ത്യന്‍ വര്‍ഗീയത തിരുവിതാംകൂറിലും പ്രവര്‍ത്തിച്ചുവന്നത്. അതു ജനസമൂഹത്തെ അകത്തും പുറത്തും ഒരേപോലെ ആക്രമിച്ചുവന്നു. വിവിധ ക്രൈസ്തവ സഭകള്‍ താന്താങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനായി നടത്തിവന്ന അത്യാപല്‍ക്കരമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വെളിച്ചം കണ്ടില്ല. തെക്കന്‍ തിരുവിതാംകൂറിലെ ലത്തീന്‍ ക്രൈസ്തവരുടെ പ്രവര്‍ത്തനങ്ങള്‍ 18-ാം നൂറ്റാണ്ടില്‍ രാജാധികാരത്തെത്തന്നെ ഭീഷണിപ്പെടുത്തുമെന്നായപ്പോള് ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകന്‍ മാര്‍ത്താണ്ഡവര്‍മ്മ മാര്‍പാപ്പയ്ക്കു കത്തുകളയയ്ക്കുകയും, അദ്ദേഹം അതിനു മറുപടി നല്‍കുകയും ചെയ്തിരുന്നു. എറണാകുളത്തെ കേരള ടൈംസ് പത്രം പ്രസിദ്ധം ചെയ്ത ഷെവലിയര്‍ എല്‍എം പൈലി അഭിനന്ദന ഗ്രന്ഥമായ ‘കാത്തലിക് ക്രിസ്ത്യന്‍സ് ഓഫ് കേരള’യില്‍ അവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളെ ചെറുത്ത്, തെക്കന്‍ തിരുവിതാംകൂറിലെ അതി പിന്നാക്ക ഹിന്ദുക്കള്‍ക്കു മോചനം നല്കിയ അയ്യാ വൈകുണ്ഠസ്വാമിയെപ്പറ്റി ലണ്ടന്‍ മിഷന് സൊസൈറ്റിക്കാരുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങളും ശ്രദ്ധേയങ്ങളാണ്.
തിരുവിതാംകൂറിലെ പിന്നാക്ക ഹിന്ദുക്കളുടെ ഉന്നമനത്തെ ലക്ഷ്യം വച്ചുകൊണ്ട് സി.പി. രാമസ്വാമി അയ്യര്‍ ആരംഭിച്ച ‘നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസ പദ്ധതി’യില്‍ സര്‍ക്കാര്‍ തന്നെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയതിനെതിരെ ക്രൈസ്തവ സഭകള്‍ നടത്തിയ ‘അന്തരീക്ഷ വിദ്യാഭ്യാസ’ പ്രക്ഷോഭം രാജാവിന്റെ അധികാരത്തെ ധിക്കരിക്കുന്നിടംവരെ എത്തിയിരുന്നു. കേസുമായി അവര്‍ പ്രിവി കൗണ്‍സില്‍ വരെ പോയിയെങ്കിലും അതില്‍ വിജയിച്ചില്ല. സിപിക്കും തങ്കത്തകിടില്‍ ഷഷ്ഠിപൂര്‍ത്തി ആശംസകള്‍ സമര്‍പ്പിച്ച കത്തോലിക്കാ നേതാക്കള്‍ പിന്നീട് അദ്ദേഹത്തെ പുറത്താക്കാനുള്ള സമരത്തിന്റെ കുന്തമുനകളായി നിന്നു. (ആ മംഗളം പത്രം സ്വാതന്ത്ര്യലബ്ധിക്കു ശേഷം മ്യൂസിയത്തില്‍നിന്ന് കളവു പോയി. പ്രതിയേ കണ്ടെത്തിയില്ല). സ്റ്റേറ്റ് കോണ്‍ഗ്രസ് ഭരണം സ്ഥാപിതമായ ശേഷം ക്രിസ്ത്യന്‍ വര്‍ഗീയത ആ പ്രസ്ഥാനത്തെ ആകമാനം നിയന്ത്രിക്കുകയുണ്ടായി. ഹിന്ദുക്കളുടെ തിരുവിതാംകൂറിലെ പ്രാഥമ്യം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ശബരിമല ക്ഷേത്രധ്വംസനം. നായര്‍ സര്‍വീസ് സൊസൈറ്റിയും എസ്എന്‍ഡിപിയും സംയുക്തമായി സംഘടിപ്പിച്ച ഹിന്ദുമഹാമണ്ഡലമെന്ന ജനകീയ പ്രസ്ഥാനം തുടര്‍ന്നുണ്ടായി. ഹിന്ദുമഹാമണ്ഡലത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ ചിത്രമെഴുത്തു കെ.എം. വറുഗീസ് ‘ചിത്രോദയം’ എന്ന പത്രം നടത്തിയിരുന്നു. അതില്‍ ഹൈന്ദവ നേതാക്കന്മാരെ അശ്ലീലഭാഷയില്‍ അധിക്ഷേപിക്കുന്ന ലേഖനങ്ങളുടെ ധാരയായിരുന്നു. പിന്നീട് അങ്ങാടിപ്പുറം തളി സമരകാലത്ത് മലപ്പുറത്തുനിന്നും പ്രസിദ്ധീകരിക്കപ്പെട്ട മാപ്പിളനാട് എന്ന മാസികയിലെ ലേഖനങ്ങളെ മാത്രമേ അവയോടു താരതമ്യം ചെയ്യാനാവൂ. ചിത്രോദയത്തെ അന്ന് സര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു.
1950 മേയ് 12 മുതല്‍ ഒരാഴ്ചയാണ് കൊല്ലത്ത് ഹിന്ദുമഹാമണ്ഡല കണ്വെന്ഷന് ചേര്‍ന്നത്. അതേ ദിവസങ്ങളില്‍തന്നെ വിവിധ ക്രൈസ്തവസഭകളുടെ വകയായി പൗരാവകാശ സമ്മേളനമെന്ന പേരില്‍ ചേപ്പാട്ട് പള്ളിയില്‍ ഒരു സമ്മേളനം നടന്നു. ഹിന്ദുക്കള്‍ ഒന്നായി നിന്നാല്‍ ഉണ്ടാകാവുന്ന വിപത്തുകളെപ്പറ്റി ക്രിസ്ത്യാനികളെ ബോധവല്‍ക്കരിക്കുകയായിരുന്നു സമ്മേളനോദ്ദേശ്യം. ഹിന്ദുനേതാക്കളെ പുലഭ്യം പറയുക, ഹിന്ദുമണ്ഡല വാര്‍ത്തകളെ ക്രിസ്ത്യന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ നിര്‍ദ്ദേശിക്കുക എന്നിവയ്ക്കു പുറമേ, ഗവണ്മെന്റിനെ എന്നും പിടിച്ചുമുറുക്കിക്കൊണ്ടിരിക്കണമെന്നും, അതിന് ഉപ്പുപോലെ എവിടെയെങ്കിലും ക്രിസ്ത്യാനി പറ്റിക്കൂടി നില്‍ക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് ചേപ്പാട് സമ്മേളനം പിരിഞ്ഞത്. 20-ാം തീയതി ഇടതുപക്ഷ മന്ത്രിസഭയുടെ രണ്ടാമൂഴം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ടിവിയില്‍ കണ്ടപ്പോള്‍ ഈ കാര്യം ഓര്‍മയില്‍ വന്നു.
വര്‍ഗീയതയുടെ അടിവേരുകള്‍ തേടി അവയെ വെളിപ്പെടുത്തിയ ജികെയുടെ പുസ്തകം വളരെ താല്‍പ്പര്യപൂര്‍വം വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ രേഖപ്പെടുത്തുകയാണിവിടെ ചെയ്തത്. വന്മരങ്ങളില് ‘ചേല’ എന്ന ഒരുതരം പടര്പ്പുകയറിപ്പറ്റുന്നത് കാണാറുണ്ട്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ആ മരത്തെ അതു തിന്നുതീര്‍ക്കും. കാലക്രമേണ ചേല മാത്രം ബാക്കിയാവും. മൂലവൃക്ഷത്തെ ചേല തിന്നുതീര്ത്തിരിക്കും. അതുപോലെയാവും ഹിന്ദുസമാജത്തിന്റെ അവസ്ഥ എന്നതിനെ അവഗണിച്ചുകൂടാ.
ജികെയുടെ ഗവേഷണവും ഗ്രന്ഥനിര്മിതിയും അങ്ങേയറ്റം പ്രശംസനീയമാകുന്നു. ഏഴുനൂറ്റന്പതിലധികം പുറങ്ങള്‍ വരുന്ന ആ ബൃഹദ് സംഹിത സൃഷ്ടിക്കുക എന്ന മഹാപ്രയത്നം ചെയ്തതിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: