കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനോടുള്ള നിസഹകരണം തുടര്‍ന്ന് ബിജെപി സംസ്ഥാന ഘടകം. കോഴിക്കോട് തളിയിലെ ജില്ലാ കമ്മിറ്റി ഓഫിസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്നു ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കി. വാര്‍ത്താ സമ്മേളനത്തിന് എത്തിയ വാര്‍ത്താചാനലിന്റെ ലേഖകനോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള നിസഹകരണം പാര്‍ട്ടി ആലോചിച്ചെടുത്ത തീരുമാനമാണെന്നും അതില്‍ തനിക്ക് വെള്ളം ചേര്‍ക്കാന്‍ കഴിയില്ലെന്നും ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ സുരേന്ദ്രന് പറഞ്ഞു.
സംഘി ചത്താല്‍ വാര്‍ത്ത കൊടുക്കാന്‍ കഴിയില്ലെന്ന് പറയുന്നവരോട് മറ്റെന്ത് ചെയ്യാന്‍ കഴിയുമെന്നും സുരേന്ദ്രന് ചോദിച്ചു. സംഘി ചത്താലും ആര് ചത്താലും വാര്‍ത്ത കൊടുക്കണം. ജനാധിപത്യമാര്‍ഗമാണ് നിസഹകരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ കള്ളക്കഥ മെനയാനായി ലേഖകര്‍ക്ക് അയച്ച ഇ-മെയിലിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ദല്‍ഹിയില്‍ അടുത്തിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്നും ഏഷ്യാനെറ്റ് ന്യൂസിനെ ഒഴിവാക്കിയിരുന്നു.
ബിജെപിയുടെ തീരുമാനപ്രകാരമാണ് ഒഴിവാക്കിയതെന്ന് വി മുരളീധരനും മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് തിരക്കി ഫോണില്‍ ബന്ധപ്പെട്ട പ്രേക്ഷകയോട് ചാനല്‍ ലേഖിക മോശമായി പ്രതികരിച്ചതിനെ തുടര്‍ന്നായിരുന്നു ബിജെപി സംസ്ഥാന ഘടകം ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിസഹകരണം പ്രഖ്യാപിച്ചത്. കണ്ട സംഘികള്‍ കൊല്ലപ്പെടുന്നത് കൊടുക്കേണ്ട കാര്യമില്ലെന്നും, ബംഗാള്‍ പാകിസ്താനിലാണെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകയായ പി ആര് പ്രവീണയുടെ മറുപടി.
മാന്യമായ രീതിയില്‍ കാര്യം തിരക്കിയ പ്രേക്ഷകയോട് മോശമായി പെരുമാറിയ പി ആര് പ്രവീണയ്ക്കെതിരെ കണ്ണില്‍ പൊടിയിടുന്ന രീതിയില്‍ നടപടിയെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന് പരസ്യം നല്കുന്ന സ്ഥാപനങ്ങളേയും പ്രതിഷേധമറിയിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആഹ്വാനമുയര്‍ന്നിട്ടുണ്ട്. നിരവധി പേര് ചാനല്‍ കട്ട് ചെയ്തും പ്രതിഷേധം അറിയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: