ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗം ഉപയോഗപ്പെടുത്തി ഇന്ത്യയെയും നരേന്ദ്രമോദി സര്‍ക്കാരിനെയും അപമാനപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ ടൂള്‍കിറ്റ് രഹസ്യപദ്ധതിയെ ബിജെപി തുറന്നുകാണിച്ചെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സമൂഹമാധ്യമമായ ട്വിറ്റര്‍ ശ്രമിക്കുന്നതായി പരാതി.
കോണ്‍ഗ്രസ് ടൂള്‍കിറ്റിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും ഏറ്റുമുട്ടലിന്റെ പാതയിലാണ് ട്വിറ്റര്‍. ഇതോടെ ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സംശയത്തോടെ വീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും.
കോവിഡ് രണ്ടാംതരംഗം ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള “കോണ്‍ഗ്രസ് ടൂള്‍കിറ്റ്” എന്ന രഹസ്യപദ്ധതിയെ ബിജെപി ദേശീയ വക്താവ് സമ്പിത് പാത്ര കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുകൊണ്ടുവന്നിരുന്നു. കുംഭമേളയെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഉത്സവമാക്കി അവതരിപ്പിക്കുക, ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കുള്ള ബെഡുകള്‍ ബ്ലോക്ക് ചെയ്യുക, അന്താരാഷ്ട്രമാധ്യമങ്ങളെ ബിജെപി സര്‍ക്കാരിനെതിരെ തിരിച്ചുവിടുക തുടങ്ങി ഒട്ടേറെ ഗൂഢപദ്ധതികളാണ് കോണ്‍ഗ്രസ് ടൂള്‍കിറ്റിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നത്. മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് ടൂള്‍കിറ്റിന്റെ അന്തിമലക്ഷ്യം. ഒപ്പം പരമാവധി ജേണലിസ്റ്റുകളെയും സമൂഹമാധ്യമ ഇന്ഫ്ലവെന്സേഴ്സിനെയും (സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര് പിന്തുടരുന്ന സുപ്രധാനവ്യക്തികള്‍) കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ മോദിസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കാനും കോണ്‍ഗ്രസിന്റെ ഈ ടൂള്‍കിറ്റ് ആഹ്വാനം ചെയ്യുന്നു.
എന്നാല്‍ സമ്പിത് പാത്രയുടെ ഈ വെളിപ്പെടുത്തള് വ്യാജമാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ട്വിറ്ററിന് കത്തെഴുതിയിരുന്നു. ഇപ്പോള്‍ ഈ കത്ത് കണക്കിലെടുത്ത് ട്വിറ്റര്‍ കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റുമായി ബന്ധപ്പെടുത്തി നടത്തുന്ന ട്വീറ്റുകള്‍ ട്വിറ്റര്‍ ഒന്നുകില്‍ തടയുകയോ അല്ലെങ്കില്‍ ലേബല്‍ ചെയ്യുകയോ ചെയ്യുന്നു. ബിജെപി നേതാക്കളുടെ കോണ്‍ഗ്രസ് ടൂള്‍കിറ്റുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്ക് മുകളില്‍ “കൃത്രിമമായി സൃഷ്ടിച്ച മീഡിയ”(മീഡിയ എന്നാല്‍ ദൃശ്യങ്ങള്‍, ശബ്ദം, ചിത്രം എന്നിവ)
എന്ന ലേബലാണ് ട്വിറ്റര്‍ പതിക്കുന്നത്. അതായത് ബിജെപിയുടെ ഈ ആരോപണം നിഷ്പക്ഷമല്ല എന്ന വരുത്തിതീര്‍ക്കുകയാണ് ഈ ലേബല്‍ പതിക്കുന്നതിന് പിന്നിലെ ലക്ഷ്യം. കഴിഞ്ഞ ദിവസം സമ്പിത് പാത്രയുടെ കോണ്‍ഗ്രസ് ടൂള്‍കിറ്റിനെതിരെ നടത്തിയ ട്വീറ്റിന് മുകളിലും “കൃത്രിമമായി സൃഷ്ടിച്ച മീഡിയ”(മീഡിയ എന്നാല്‍ ദൃശ്യങ്ങള്‍, ശബ്ദം, ചിത്രം എന്നിവ) എന്ന ലേബല്‍ ട്വിറ്റര്‍ പതിച്ചിരുന്നു. മിക്ക ബിജെപി നേതാക്കളുടെയും കോണ്‍ഗ്രസ് ടൂള്‍കിറ്റിനെ വിമര്‍ശിക്കുന്ന ട്വീറ്റുകളുടെ മുകളിലും ട്വിറ്റര്‍ “കൃത്രിമമായി സൃഷ്ടിച്ച മീഡിയ”(മീഡിയ എന്നാല്‍ ദൃശ്യങ്ങള്‍, ശബ്ദം, ചിത്രം എന്നിവ) എന്ന ലേബല്‍ പതിക്കുകയാണ്.
ട്വിറ്ററിന്റെ ഇത്തരം നീക്കങ്ങള്‍ കാണുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒരു അന്താരാഷ്ട്ര ഗൂഡാലോചനയില്‍ ട്വിറ്ററും പങ്കാളിയാണോ എന്ന സംശയം ജനിക്കുകയാണ്. മാത്രമല്ല, ഇന്ത്യയില്‍ ഭരണം അട്ടിമറിക്കാന്‍ നടത്തുന്ന ഈ ഗൂഢപദ്ധതിക്ക് പിന്നില്‍ അമേരിക്കയും പങ്കാളിയാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: