ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിശ്ചയദാര്ഡ്യത്തിനൊടുവില് സത്യന് നീതി ലഭിച്ചു. കാലങ്ങളായി കാത്തിരുന്ന വൈദ്യുതിയും വെള്ളവും എത്തി. സിപിഎം പ്രവര്‍ത്തകനായ സത്യന് നീതി നിഷേധിച്ചത് സിപിഎം നേതാക്കളും അവര്‍ നേതൃത്വം കൊടുത്ത മുന്‍ പഞ്ചായത്ത് ഭരണസമിതിയും ആയിരുന്നു.
സിപിഎം നേതാക്കളുടെ നീതിനിഷേധത്തിനെതീരെ പോരാടാന്‍ കഴിയാതെ ഒറ്റയ്ക്കായ പട്ടികജാതി വിഭാഗത്തില്‍പെട്ട സത്യന് നീതി ലഭിക്കാന്‍ ആദ്യം രംഗത്തിറങ്ങിയത് ബിജെപി പ്രവര്‍ത്തകരാണ്. സിപിഎം നേതാക്കളുടെ വന്‍ നീതിനിഷേധത്തിന്റെയും കൊടും വഞ്ചനയുടെ കഥ പുറം ലോകം അറിയുന്നത് ജന്മഭൂമിയിലൂടെയായിരുന്നു. നടയ്ക്കല്‍ കുഴിവേലി ഭാഗത്തെ മാധവം വീട്ടില്‍ സത്യന് അടിയുറച്ച സിപിഎമ്മുകാരനും പട്ടികജാതി വിഭാഗക്കാരനുമാണ്. തന്റെ വീട്ടിലേക്കുള്ള പൊതുവഴി കൈയേറിയ മുന്‍ സിപിഎം പഞ്ചായത്ത് മെമ്പര്‍ കൂടിയായ പ്രാദേശിക നേതാവിനെ എതിര്‍ത്തതാണ് സത്യന് ദുര്ഗതിയുണ്ടാക്കിയത്. നേതാവിന്റെ പൊതുവഴി കൈയേറ്റത്തിനെതിരെ സത്യന് മുട്ടാത്ത വാതിലുകളില്ല. എല്ലാ സര്‍ക്കാര്‍ രേഖകളും അനുകൂലമായിരുന്നിട്ടും എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടു.
സിപിഎം പ്രാദേശിക നേതാവിന്റെ പ്രബലമായ രാഷ്ട്രീയ സ്വാധീനത്തില്‍ നീതിയും ന്യായവും അട്ടിമറിക്കപ്പെട്ടു. ജില്ലാ ഭരണകൂടത്തെയും റവന്യു പഞ്ചായത്ത് അധികാരികളെയും സ്വാധീനിച്ച് സിപിഎം നേതാവ് വഴി കൈവശപ്പെടുത്തി. ഒടുവില്‍ വഴി കിട്ടിയില്ലെങ്കിലും കുടിവെള്ളവും വൈദ്യുതിയും കിട്ടാന്‍ വേണ്ടി വീണ്ടും സത്യന് അപേക്ഷകള്‍ സമര്‍പ്പിച്ചു. ഒരു പട്ടികജാതിക്കാരന് കൂടിയായിരുന്നിട്ടും അന്ന് കല്ലുവാതുക്കല്‍ പഞ്ചായത്ത് ഭരിച്ച സിപിഎം ഈ വൃദ്ധനെ ആട്ടിപ്പായിച്ചു.
കല്ലുവാതുക്കല്‍ പഞ്ചായത്ത് ബിജെപിയുടെ ഭരണത്തിലായതോടെ സ്ഥിതി മാറി. സത്യന്റെ വിഷയത്തില്‍ പഞ്ചായത്ത് ഇടപെട്ടു. ബിജെപിയുടെ വാര്‍ഡ് മെമ്പര്‍ ദീപ പഞ്ചായത്ത് ഭരണസമിതിയുടെ മുന്നില്‍ വിഷയം അവതരിപ്പിക്കുകയും പ്രസിഡന്റും വൈസ് പ്രസിഡന്റും ഈ വിഷയം വിശദമായി പരിശോധിക്കുകയും ചെയ്തു. പ്രധാനമന്ത്രി ജലജീവന്‍ മിഷനിലൂടെ സത്യന് കുടിവെള്ള കണക്ഷന് എത്തിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പൈപ്പ് ഇടാന്‍ വന്ന വാട്ടര്‍അതോറിറ്റി ജീവനക്കാരെ കൈയേറ്റക്കാരും ഡിവൈഎഫ്ഐക്കാരും വിരട്ടി വിട്ടു. ഒടുവില്‍ പഞ്ചായത്ത് ഭരണസമിതിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് പോലീസ് സഹായത്തോടെയാണ് പ്രശ്നം പരിഹരിച്ചത്.
കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലന്, ഗ്രാമപഞ്ചായത്ത് അംഗം ദീപ എന്നിവരാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: