കൊല്ലം: ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം മാറി സംസ്കരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ. ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്കാന് ഇന്നലെ കൂടിയ യോഗം തീരുമാനിച്ചു. സര്‍ക്കാരിനും കളക്ടര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആര്‍എംഒ, പോലീസ് സര്ജന് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം കൂടിയത്. ഗുരുതരമായ വീഴ്ചയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിലയിരുത്തല്‍.
വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കിളികൊല്ലൂര്‍ കണിയാംപറമ്പില്‍ ശ്രീനിവാസന്റെ (75) മൃതദേഹം മാറി നല്‍കിയത്. കച്ചേരി പൂന്തല്‍ പുരയിടത്തില്‍ സുകുമാരന്റെ (64) മൃതദേഹത്തിന് പകരമാണ് ശ്രീനിവാസന്റെ മൃതദേഹം നല്‍കിയത്. ശ്രീനിവാസന്റെ ബന്ധുക്കള്‍ എത്തിയപ്പോഴെക്കും മൃതദേഹം സംസ്കരിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത് എത്തുകയായിരുന്നു. നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍.
അതേസമയം ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറിനല്കാനിടയായ സാഹചര്യത്തില്‍ പോലീസ് സര്‍ജന്റെ അഭാവവും ചര്‍ച്ചയാകുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം മോര്‍ച്ചറിയിലെ ജീവനക്കാരുടെ അറ്റന്‍ഡന്‍സ് അടക്കമുള്ള ദൈനംദിന കാര്യങ്ങള്‍ക്ക് താല്‍ക്കാലിക ഡോക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിയമനത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. കഴിഞ്ഞ കാലങ്ങളിലൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള സംഭവമാണ് മൃതദേഹം മാറിപോകല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: