കൊല്‍ക്കൊത്ത: നാരദാ ഒളിക്യാമറാവിവാദത്തില്‍ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞ നാല് തൃണമൂല്‍ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കാന്‍ കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എ്ന്നിവരെയാണ് വീട്ടുതടങ്കലില്‍ ആക്കാന്‍ ആവശ്യപ്പെട്ടത്. നേരത്തെ സിബി ഐ അറസ്റ്റ് ചെയ്ത ഈ നാല് പേര്‍ക്കും സിബി ഐ പ്രത്യേക കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഈ നാല് പേരുടെയും ജാമ്യം കല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് നാല് പേരും ഇപ്പോള്‍ കൊല്‍ക്കൊത്തയിലെ പ്രസിഡന്‍സി ജയിലിലാണ്.
ഇതില്‍ മദന്‍ മിത്രയും സോവന്‍ ചാറ്റര്‍ജിയും മുന്‍മന്ത്രിമാരാണെങ്കില്‍ ഫിര്‍ഹാദ് ഹക്കിമും സുബ്രത മുഖര്‍ജിയും ഇപ്പോള്‍ മന്ത്രിമാരാണ്. ഇവരുടെ വീട്ടുതടങ്കലിന് സ്‌റ്റേ നല്‍കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ നേതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വി വാദിച്ചു. എന്നാല്‍ ഈ വാദം തള്ളി ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ ആണ് വീട്ടുതടങ്കലിന് ഉത്തരവിട്ടത്. മാത്രമല്ല, ഇടക്കാല ജാമ്യത്തിന്റെ കാര്യത്തില്‍ വിധി പറയാന്‍ വിശാലബെഞ്ചിന് വിടണമെന്നും കോടതി അഭിപ്രായപ്പെട്ടു.
നേരത്തെ ഈ നാല് പേരെയും സിബി ഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് വാര്‍ത്ത അറിഞ്ഞ യുടന്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ പ്രവര്‍ത്തകരുടെ സംഘം സിബിഐ ഓഫീസ് വളഞ്ഞിരുന്നു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ സിബി ഐ ഓഫീസിന് നേരെ കല്ലെറിഞ്ഞു. അസാധാരണ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേസ് മാറ്റണമെന്ന് സിബി ഐ ആവശ്യപ്പെട്ടു. ഈ നാല് പേരെയും കോടതിയില്‍ ഹാജരാക്കാന്‍ സിബി ഐയ്‌ക്ക് ആയില്ലെന്നും ഇതിന് കാരണം സിബി ഐ ഓഫീസിന് മുന്നിലെ തൃണമൂല്‍ പ്രതിഷേധമാണെന്നും സിബി ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: