കാസര്‍കോട്: കൊവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുമ്പോള്‍ വ്യത്യസ്ത ബോധവത്കരണം നടത്തുകയാണ് ജില്ലയിലെ ക്ഷേത്ര ഭരണസമിതികള്‍. ഉത്തര മലബാറിലെ പ്രശസ്തമായ ശ്രീവയല്‍ക്കര ഭഗവതി ക്ഷേത്രത്തില്‍ രണ്ടു നേരം ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങള്‍ക്ക് കൊവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്.
പടന്ന ശ്രീമുണ്ട്യ ക്ഷേത്രത്തിലും പ്രഭാതസന്ധ്യ പ്രാര്‍ഥനകളുടെ സമയത്ത് ഉച്ചഭാഷിണിയിലൂടെ കൊവിഡ് ജാഗ്രതാനിര്‍ദേശവും ഉയര്‍ന്നുകേള്‍ക്കാം. മഹാമാരിയെ നാട് എത്ര ഗൗരവത്തിലാണ് കാണേണ്ടത് എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ക്ഷേത്രഭാരവാഹികളുടെ സമയോചിത ഇടപെടലിലൂടെ ഉയര്‍ന്നു കേള്‍ക്കുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മുഖാവരണം ധരിക്കേണ്ടതിന്റെയും പ്രാധാന്യം ആരാധനാലയത്തില്‍ നിന്നുതന്നെ ഉയര്‍ന്നുകേള്‍ക്കുമ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ വലിയ സ്വാധീനം സൃഷ്ടിക്കുന്നു.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തും ദേവസ്വം കമ്മറ്റി കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. വീടുകളില്‍ ഭക്ഷ്യക്കിറ്റ് എത്തിച്ചും ക്ഷേത്രത്തോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ ആന്റിജന്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയും ക്ഷേത്രഭാരവാഹികള്‍ കൊവിഡ് പോരാട്ടത്തില്‍ സജീവ പങ്കാളികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: