ന്യൂദല്‍ഹി: ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടുത്തയാഴ്ച യുഎസ് സന്ദര്‍ശിക്കും. കോവിഡ് 19 വാക്സിന് യുഎസില്‍ നിന്നും സംഭരിക്കാനുള്ള സാധ്യതകളാണ് പ്രധാന ചര്‍ച്ചാവിഷയമാവുക.
മെയ് മൂന്നിന് ലണ്ടനില്‍ ജി7 വിദേശമന്ത്രിമാരുടെ യോഗത്തില്‍ സംബന്ധിക്കവേ, യുഎസ് പ്രതിരോധസെക്രട്ടറി ആന്റണി ബ്ലിങ്കനെ ജയശങ്കര്‍ പ്രത്യേകം കണ്ട് ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളി, വാക്സിന് ഉല്പാദനശേഷി വര്‍ധിപ്പിക്കല്‍, വാക്സിന് കൃത്യമായി എത്തിക്കാനുള്ള വിതരണശൃംഖല എന്നീ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.
ഈയിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് എട്ട് കോടി കോവിഡ് വാക്സിന് ഡോസുകള്‍ ജൂണ്‍ അവസാനത്തോടെ ആവശ്യമുള്ള രാഷ്ട്രങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആറ് കോടി ആസ്ട്ര സെനക വാക്സിന് ഡോസുകളാണെങ്കില്‍ ബാക്കി രണ്ട് കോടി ഫൈസര്‍, മൊഡേണ, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ കമ്പനികളുടെ വാക്സിന് ഡോസുകള്‍ ആയിരിക്കും.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി യുഎസിലെ വാക്സിന് നിര്‍മ്മാതാക്കളുമായി വാക്സിന് സംഭരിക്കാനും പിന്നീട് ഉല്പാദിപ്പിക്കാനുമുള്ള സാധ്യതകള്‍ ആരായും. ഇതുവരെ യുഎസ് 50 കോടി യുഎസ് ഡോളര്‍ കോവിഡ് 19 ആശ്വാസപദ്ധതിയെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്. അതുപോലെ വാക്സിന് ഉള്‍പ്പെടെ കോവിഡ് 19ന് എതിരെ പൊരുതാന്‍ സഹായിക്കുന്ന ഉല്പന്നങ്ങളുടെ ബൗദ്ധിക സ്വത്താവകാശം എടുത്തുകളയുന്നതിന് സഹായിക്കുന്ന ട്രിപ്സ് എടുത്തുമാറ്റല്‍ നിര്‍ദേശത്തെ യുഎസ് പിന്തുണച്ചിട്ടുണ്ട്. ബൗദ്ധികസ്വത്താവകാശം എടുത്തുമാറ്റിയാല്‍ ഏത് രാഷ്ട്രങ്ങള്‍ക്കും വാക്സിന് ഉല്പാദിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: