ന്യൂദല്‍ഹി: നടന് കമല്‍ഹാസന്റെ പാര്‍ട്ടിയ്ക്ക് വീണ്ടും തിരിച്ചടി. പ്രധാനനേതാക്കളിലൊരാളായ സി.കെ. കുമാരവേല്‍ വ്യാഴാഴ്ച മക്കള്‍ നീതി മയ്യം വിട്ടു. തന്റെ പ്രിയ നേതാവിനോട് കുമാരവേലിന് പറയാന്‍ ഇത്രമാത്രം: ‘ഇനി താരാരാധന ഇല്ല.’
കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം 200ല്‍പരം സീറ്റുകളില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരൊറ്റ സീറ്റിലും വിജയിച്ചില്ല. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നും മത്സരിച്ച കമലഹാസന് പോലും തോറ്റു. ഇതേ തുടര്‍ന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ മക്കള്‍ നീതി മയ്യം ഇപ്പോള്‍ ഒരു അതിജീവനപ്രതിസന്ധി നേരിടുകയാണ്.
മക്കള്‍ നീതി മയ്യം വിട്ട ആറ് പ്രധാന നേതാക്കളില്‍ ഒരാളാണ് സി.കെ. കുമാരവേല്‍. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന ടീമിന്റെ കഴിവ് കേടാണ് തിരഞ്ഞെടുപ്പിലെ പരാജയകാരണമെന്നും അദ്ദേഹം പറഞ്ഞു.
മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് ആര്. മഹേന്ദ്രന്, ജനറല്‍ സെക്രട്ടറി സന്തോഷ് ബാബു, പരിസ്ഥിതി പ്രവര്‍ത്തക പദ്മപ്രിയ എന്നിവര്‍ പാര്‍ട്ടി വിട്ടവരില്‍ പെടുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുരുഗാനന്ദന്‍ പാര്‍ട്ടി വിട്ടത് ജനാധിപത്യവും ആത്മാര്‍ത്ഥതയും പാര്‍ട്ടിയിലില്ലെന്ന് ആരോപിച്ചാണ്. ദുര്‍ബലമായ പാര്‍ട്ടികളോട് ചേര്‍ന്ന് കൂട്ടുമുന്നണി രൂപീകരിച്ചത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തുവെന്നും മുരുഗാനന്ദന്‍ പറഞ്ഞു. എസ്ഡിപിഐ ഒരു പ്രധാന സഖ്യകക്ഷിയായിരുന്നു.
ഡോ. മഹേന്ദ്രനെ കമല്ഹാസന് തന്നെയാണ് പുറത്താക്കിയത്. ‘വഞ്ചകരെ പുറന്തള്ളണമെന്നത് എല്ലാവരുടെയും ഒരേ ശബ്ദമായിരുന്നു. മഹേന്ദ്രന് അക്കാര്യത്തില്‍ തലപ്പത്തുള്ള ആളായിരുന്നു,’ കമലഹാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: