ചെന്നൈ: ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപാര്‍ട്മെന്റിന്റെ (എച്ച്ആര്‍ ആന്റ് സിഇ) പരിധിയില്‍ നിന്നും തമിഴ്നാട്ടിലെ ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കി യഥാര്‍ത്ഥ ഭക്തര്‍ക്ക് കൈമാറണമെന്ന ആവശ്യമുയര്‍ത്തിയ ഈഷ ഫൗണ്ടേഷന് സ്ഥാപകനും സന്യാസിയുമായി ജഗ്ഗിവാസുദേവിനെ വേട്ടയാടി ഡിഎംകെ സര്‍ക്കാര്‍.
ജഗ്ഗി വാസുദേവ് പ്രശസ്തിയോട് ആര്‍ത്തിയുള്ള വ്യക്തിയാണന്നും വാണിജ്യരീതിയില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്നും കഴിഞ്ഞ ദിവസം ഡിഎംകെ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് കുറ്റപ്പെടുത്തിയിരുന്നു. അഞ്ച് ലക്ഷം, 50,000, 5,000 രൂപ വീതവമുള്ള ശിവരാത്രി ടിക്കറ്റ് വില്ക്കുകയല്ല ദൈവത്തിന്റെ ആള് ചെയ്യേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെയാണ് ജഗ്ഗി വാസുദേവിനെതിരെ പ്രസ്താവനായുദ്ധം തുടങ്ങിയത്. ജഗ്ഗി വാസുദേവ് നിയമലംഘകനാണെന്നും ഇന്നല്ലെങ്കില്‍ നാളെ ഫലം അനുഭവിക്കേണ്ടിവരുമെന്നും പളനിവേല്‍ ഭീഷണിപ്പെടുത്തുന്നു. ജഗ്ഗി വാസുദേവിന്റെ ചില ബിജെപി അനുകൂല നിലപാടുകളും ഡിഎംകെയെ ചൊടിപ്പിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളെയും നിയന്ത്രിക്കുന്ന എച്ച്ആര്‍ ആന്റ് സിഇയ്ക്ക് ക്ഷേത്രങ്ങള്‍ നല്ലൊരു വരുമാനമാര്‍ഗ്ഗം കൂടിയാണ്. ക്ഷേത്രങ്ങള്‍ സ്വതന്ത്രമാക്കി, ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്താല്‍ ഈ വരുമാനമാര്‍ഗ്ഗം അടയുമെന്ന ഭയവും ഡിഎംകെ സര്‍ക്കാരിനുണ്ട്. അതിനപ്പുറം, ജഗ്ഗിവാസുദവേിന്റെ സാന്നിധ്യം ദ്രാവിഡ ശക്തികള്‍ക്ക് ഭീഷണിയാകുമെന്ന ഭയവും ഉണ്ട്. ഹിന്ദു പത്രത്തിന്റെ ചെയര്‍പേഴ്സണായ മാലിനി പാര്‍ത്ഥസാരഥി ജഗ്ഗി വാസുദേവിന്റെ ആരാധികയാണ്. കഴിഞ്ഞ ദിവസം അവര്‍ ട്വിറ്ററില്‍ ജഗ്ഗിവാസുദേവിനെ പുകഴ്ത്തിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും പോസ്റ്റ് ഇട്ടിരുന്നു. ഇതിനെയും ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് ശക്തമായി വിമര്‍ശിച്ചിരുന്നു. ജഗ്ഗി വാസുദേവിനെ അനുകൂലിക്കുന്ന മാലിനി പാര്‍ത്ഥസാരഥിയ്ക്ക് കൗണ്‍സലിംഗ് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
മോദി വിരുദ്ധനെന്ന് പേര് കേട്ട പ്രശാന്ത് ഭൂഷണും വ്യാഴാഴ്ച ജഗ്ഗി വാസുദേവിനെതിരെ ട്വിറ്റര്‍ കുറിപ്പിലൂടെ രംഗത്ത് വന്നിട്ടുള്ളതും ശ്രദ്ധേയമാണ്. ജഗ്ഗി നഗ്നമായി നിയമം ലംഘിച്ചാണ് കോയമ്പത്തൂരില്‍ ഇഷ ഫൗണ്ടേഷന്റെ 150 ഏക്കര്‍ കാമ്പസ് സ്ഥാപിച്ചതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം ഹിന്ദു ചെയര്‍പേഴ്സണ്‍ മാലിനി പാര്‍ത്ഥസാരഥി ജഗ്ഗി വാസുദേവിനെ അനുമോദിച്ച് ട്വിറ്ററില്‍ കുറിപ്പിട്ടതിങ്ങിനെ:
‘തെരഞ്ഞെടുക്കപ്പെട്ട വിവിധ സര്‍ക്കാരുകളുമായി ചേര്‍ന്ന് സദ്ഗുരുവും ഇഷ ഫൗണ്ടേഷനും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും തമിഴ്നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഈ പ്രവര്‍ത്തനം തുടരും. സഹകരണവും പി്നതുണയുമാണ് ഓരോ സര്‍ക്കാരുമായുള്ള ബന്ധത്തിന്റെ സ്വാഭാവമായിരുന്നത്’.
തമിഴ്നാട്ടില്‍ ക്രിസ്തീയ സുവിശേഷകന് പോള്‍ ദിനകരനും അദ്ദേഹത്തിന്റെ സഭയായ ജീസസ് കോള്‍സും ഇഷ ഫൗണ്ടേഷനുമായി ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ദിനകരന്റെ ഉടമസ്ഥതയിലുളള കാരുണ്യ എഞ്ചിനീയറിംഗ് കോളെജ് സ്ഥിതിചെയ്യുന്നത് ഇഷ ഫൗണ്ടേഷന് കാമ്പസിനരികെയാണ്. പോള്‍ ദിനകരന്റെ സഭ പല രീതിയിലും ഭൂമി വെട്ടിപ്പിടിച്ചത് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നില്‍ ഇഷ ഫൗണ്ടേഷനാണെന്ന ആരോപണവും പോള്‍ ദിനകരന് ഉയര്‍ത്തുന്നു. ഇതും ഡിഎംകെ സര്‍ക്കാരിന് ജഗ്ഗി വാസുദേവിനെതിരെ തിരിയാനുള്ള പ്രേരണയാണെന്നും ആരോപിക്കപ്പെടുന്നു. പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതും ജഗ്ഗി വാസുദേവിനെതിരെ തിരിയാന്‍ ഡിഎംകെയെ പ്രേരിപ്പിക്കുന്നു.
ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ തമിഴ്നാട്ടില്‍ ആരംഭിച്ചിരുന്നു. ‘സര്‍ക്കാരിന് കീഴില്‍ ഏറ്റവുമധികം ക്ഷേത്രങ്ങളുള്ള സംസ്ഥാനം തമിഴ്നാടാണെന്നും ഈ ക്ഷേത്രങ്ങളെ കിരാതനിയമങ്ങളുപയോഗിച്ച് ഭരിയ്ക്കുകയാണെന്നും ജഗ്ഗി വാസുദേവ് ആരോപിച്ചിരുന്നു. എച്ച്ആര്‍ ആന്റ് സിഇ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം തമിഴ്നാട്ടില്‍ 38,655 ക്ഷേത്രങ്ങള്‍ ഈ സര്‍ക്കാര്‍ വകുപ്പിന് കീഴിലുണ്ട്. അതില്‍ 34,102 ക്ഷേത്രങ്ങളില്‍ 10,000 രൂപയില്‍ താഴെ മാത്രമാണ് വാര്‍ഷിക വരുമാനം. ഈ നിലയ്ക്ക് പോയാല്‍ അടുത്ത 100 വര്‍ഷങ്ങള്‍ക്കുള്ളില്‍ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളെല്ലാം നാമാവശേഷമാകുമെന്ന നിലപാടാണ് ജഗ്ഗി വാസുദേവിന്. അതിനാല്‍ ക്ഷേത്രങ്ങളുടെ ഭരണച്ചുമതല അതത് സമുദായത്തിനോ അവിടുത്തെ ഭക്തര്‍ക്കോ കൈമാറണമെന്നതാണ് ജഗ്ഗിവാസുദേവിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: