രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന് വ്യക്തമായിരിക്കുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ സിപിഎമ്മുകാരില്‍ ഒരാളെ മാത്രം നിലനിര്‍ത്തി ഏറിയ കൂറും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് ഒരര്‍ത്ഥത്തില്‍ പ്രശംസനീയമാണ്. കാരണം ഒരു തലമുറമാറ്റം പ്രകടം. ഇവര്‍ക്ക് മന്ത്രിമാരെന്ന നിലയ്ക്ക് ക്ലീന്‍ ഇമേജില്‍ പുതുതായി തുടങ്ങാം. പുതുതലമുറയില്‍പ്പെടാത്ത ചിലരെ മന്ത്രിമാരാക്കിയിട്ടുണ്ടെന്നതു ശരിതന്നെ. പക്ഷേ അവരും ആദ്യമായാണ് മന്ത്രി സ്ഥാനത്തെത്തുന്നത്. പൊതു മാനദണ്ഡം അനുസരിച്ചാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന വാദമാണ് മുന്നോട്ടുവയ്ക്കുന്നതെങ്കിലും ആര് നിശ്ചയിച്ചതാണ് ഈ മാനദണ്ഡമെന്ന് വ്യക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍നിന്ന് ചിലരെ വെട്ടിനീക്കാന്‍ രണ്ടു തവണ മത്സരിച്ചവരെ ഒഴിവാക്കുന്നുവെന്ന ന്യായം പറഞ്ഞതുപോലെയാണ് മന്ത്രിമാരെ തെരഞ്ഞെടുത്തതിലുള്ള പൊതുമാനദണ്ഡത്തിന്റെ കാര്യവും. രണ്ട് തീരുമാനങ്ങളിലും പൊതുവായുള്ളത് സ്വജനപക്ഷപാതമാണ്. രണ്ട് തവണ എംഎല്‍എയായ പിണറായി വിജയന് വീണ്ടും സ്ഥാനാര്‍ത്ഥിയായതും, പുതുമുഖമോ പുതിയ മുഖമോ അല്ലാത്ത പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടിട്ടുള്ളതും ആര്‍ക്കും നിഷേധിക്കാനാവാത്ത കാര്യമാണല്ലോ.
ആരൊക്കെ ഒഴിവാക്കപ്പെട്ടാലും ആരോഗ്യമന്ത്രി സ്ഥാനത്ത് കെ.കെ. ശൈലജ തുടരുമെന്നാണ് പാര്‍ട്ടിയുടെ അണിയറ രഹസ്യങ്ങള്‍ അറിയാവുന്ന മാധ്യമങ്ങള്‍ പോലും ദിവസങ്ങളോളം ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. കൊവിഡ് കാലത്തെ ‘മഹത്തായ’ പ്രവര്‍ത്തനം ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പക്ഷേ തീരുമാനം വന്നപ്പോള്‍ ‘ടീച്ചറമ്മയും’ പുറത്തായിരിക്കുന്നു. സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെ
ന്ന് പാര്‍ട്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് അങ്ങനെയല്ലെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. പിണറായിയുടെ താളത്തിനു തുള്ളുന്ന പാര്‍ട്ടിയില്‍ വളരെ ആസൂത്രിതമായി നടത്തിയ വെട്ടിനിരത്തലാണിത്. തന്റെ ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് വിജയകരമായി ഒരു വെട്ടിനിരത്തല്‍ കൂടി പിണറായി നടത്തിയിരിക്കുന്നു. മന്ത്രിമാരായി പുതുമുഖങ്ങള്‍ മാത്രം മതിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചതിന്റെ ഏകപക്ഷീയ സ്വഭാവം പ്രകടമാണ്. ഇങ്ങനെയൊരു മാനദണ്ഡം അവതരിപ്പിച്ചതും, സ്റ്റാലിനിസ്റ്റ് രീതിയില്‍ അംഗീകാരം നേടിയെടുത്തതുമൊക്കെ പിണറായിയുടെ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കാനാണ്. പാര്‍ട്ടി തീരുമാനമെന്ന പേരില്‍ നേതാവിന്റെ ഇച്ഛകള്‍ അടിച്ചേല്‍പ്പിക്കുന്നത് സിപിഎമ്മില്‍ ഇത് ആദ്യമല്ല. ഇതിന് ആദര്‍ശ പരിവേഷം നല്കാന് ശ്രമിക്കുന്നത് മാധ്യമ വിധേയന്മാരുടെ സ്ഥിരം കലാപരിപാടി മാത്രം.
കെ.കെ. ശൈലജയെ ഒഴിവാക്കിയ രീതി പരിശോധിച്ചാല്‍ത്തന്നെ മന്ത്രിമാരെ തെരഞ്ഞെടുത്തതിലെ സ്വജനപക്ഷപാതം മനസ്സിലാക്കാനാവും. യഥാര്‍ത്ഥത്തില്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ തന്നെ ശൈലജയുടെ പേര് വെട്ടിയതാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വിജയകരമായി നടത്തിയതിന് ആരോഗ്യമന്ത്രി ശൈലജയ്ക്ക് ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിരിക്കുന്നുവെന്ന് ഒരു വശത്ത് വാഴ്ത്തിപ്പാടിയപ്പോള്‍ തന്നെ, ഈ വനിതാ മന്ത്രിക്ക് ലഭിക്കുന്ന അംഗീകാരത്തില്‍ പിണറായി ഏറെ അസ്വസ്ഥനായിരുന്നുവല്ലോ. അതുവരെ ദിവസേന മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്കിക്കൊണ്ടിരുന്ന ടീച്ചറമ്മയെ നീക്കി ആ സ്ഥാനത്ത് കയറിയിരുന്ന് പിണറായി പ്രസംഗിക്കാന്‍ തുടങ്ങിയത് ഇതുകൊണ്ടാണ്. ഇരിക്കുന്ന കസേരയുടെ ബലത്തില്‍ എന്ത് ചെയ്യാനും പറയാനും മടിയില്ലാത്തയാളാണ് താനെന്ന് തെളിയിക്കുകയായിരുന്നു പിണറായി. ആരോഗ്യമന്ത്രിയെ അരികിലിരുത്തി ഒരക്ഷരം പോലും മിണ്ടാന്‍ അനുവദിക്കാതെയായിരുന്നു ഈ ധാര്‍ഷ്ട്യ പ്രകടനം. അവസരം വന്നപ്പോള്‍ മന്ത്രിസ്ഥാനം നിഷേധിച്ചും ശൈലജയോട് പിണറായി പകരം വീട്ടിയിരിക്കുകയാണ്. മരുമകനെ മന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ളതുകൊണ്ടാണ് ‘പുതുമുഖ കാര്‍ഡ്’ പുറത്തെടുത്തതെന്ന് വിശ്വസിക്കുന്നവരാണ് അധികവും. ചുരുക്കിപ്പറഞ്ഞാല്‍ പിണറായി എന്ന സ്വേച്ഛാധിപതിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമാണ് മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതില്‍ പ്രതിഫലിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: