ന്യൂദല്‍ഹി: ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച കഴിഞ്ഞവര്‍ഷം മാര്‍ച്ചുമുതല്‍ ഇന്ത്യയില്‍നിന്നും തിരിച്ചുമുള്ള യാത്രാ വിമാന സര്‍വീസുകള്‍ ചില ഇളവുകളോടെ നിര്ത്തിവച്ചരിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഓര്‍മപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സിംഗപ്പൂരിലെ പുതിയ കോവിഡ് വകഭേദം സബന്ധിച്ച ആശങ്കള്‍ക്കിടെ അവിടെന്നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കണമെന്ന് കെജ്രിവാള് കേന്ദ്രസര്‍ക്കാരിനോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഹര്‍ദീപ് സിംഗ് പുരിയുടെ ട്വീറ്റ് എത്തിയത്.
പുതിയ വകഭേദം കുട്ടികളില്‍ വലിയ അപകടകാരിയാണെന്ന് അവകാശപ്പെട്ട ദല്‍ഹി മുഖ്യമന്ത്രി വ്യോമഗതാഗതം നിര്‍ത്തിവയ്ക്കണമെന്നും 18-ല്‍ താഴെയുള്ളവര്‍ക്ക് വാക്സിനേഷന് നല്കാന് വഴികള്‍ കണ്ടെത്തണമെന്നുമായിരുന്നു ട്വീറ്റ് ചെയ്തത്. ‘കെജ്രിവാള് ജി, 2020 മാര്‍ച്ച് മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തിവച്ചരിക്കുകയാണ്. ഒരു എയര്‍ ബബിള്‍ പോലും നമുക്കില്ല. അവിടെ കുടങ്ങിയപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വന്ദേഭാരത് ദൗത്യത്തിന് കീഴില്‍ ഏതാനും വിമാനങ്ങള്‍ മാത്രമാണുള്ളത്. എന്തൊക്കെയായാലും അവര്‍ നമ്മുടെ ആളുകളല്ലേ’- ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററില്‍ കുറിച്ചു.
പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് കെജ്രിവാള് നടത്തിയ പരാമര്‍ശത്തില്‍ സിംഗപ്പൂര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നുവെന്ന് ഇന്ന് രാവിലെ വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ മേഖലയിലെ പ്രധാന പങ്കാളിയാണ് സിംഗപ്പൂരെന്നും പ്രതികരിച്ചു. ‘ദല്‍ഹി മുഖ്യമന്ത്രി ഇന്ത്യക്കുവേണ്ടി സംസാരിക്കേണ്ടതില്ല’ എന്നായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: