ചങ്ങനാശ്ശേരി: മകനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോയ അച്ഛനെയും സഹോദരിയെയും പോലീസ് തടഞ്ഞതായി പരാതി. തിങ്കളാഴ്ച കൊച്ചി എരമല്ലൂരിനു സമീപമാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് തടയുകയും തട്ടിക്കയറി സംസാരിക്കുകയും ചെയ്തു. വാഹനം കസ്റ്റഡിയില്‍ എടുക്കുമെന്നും പിഴയായി അയ്യായിരം രൂപ അടയ്‌ക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. അവസാനം രണ്ടായിരത്തി അഞ്ഞൂറ് രൂപ പിഴ അടച്ചതിന് ശേഷമാണ് പോലീസ് ഇവരെ വിട്ടത്.
ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് മാണിക്കോത്ത് വിശാഖം വീട്ടില്‍ രഘു (52), ഉദരസംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം കൊച്ചിയില്‍ വെച്ച് മരിച്ചു. മരണവിവരം അറിഞ്ഞ സഹോദരി രമണി പ്രായമായ അച്ഛന്‍ രാജന്‍ ആചാരിക്ക് ഒപ്പം അവിടെ പോയി മടങ്ങിവരുമ്പോഴാണ് ഈ ദുരനുഭവം.
രമണി താമസിക്കുന്ന പുളികുന്നിലുള്ള വീട്ടില്‍ നിന്നും കൊച്ചിക്കു പോകാന്‍ വാഹനം കിട്ടാതെ ബുദ്ധിമുട്ടുന്നതറിഞ്ഞ് അയല്‍വാസി തന്റെ ഓട്ടോറിക്ഷയില്‍ പോകാമെന്ന് അറിയിക്കുകയും അതില്‍ പോകുകയുമായിരുന്നു. ഭര്‍ത്താവും മാതാവും ഒരു സഹോദരനും നേരത്തെ മരണപ്പെട്ട രമണി ആകെ ഉള്ള സഹോദരന്റെ വേര്‍പാടില്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു. സമീപവാസികളുടെ സഹായത്തോടെ പുളിങ്കുന്ന് സ്റ്റേഷനില്‍ നിന്നും ആവശ്യമായ യാത്രാരേഖകള്‍ എടുക്കുകയും ചെയ്തിരുന്നു. ഇതുമായി പോയി മടങ്ങി വരവെയാണ് ഈ ദയനീയ അനുഭവം നേരിട്ടത്. പോലീസ് വാഹന ഉടമയെ ഉപദ്രവിക്കും എന്ന ഘട്ടത്തിലാണ് രമണി രണ്ടായിരത്തി അഞ്ഞൂറ് രൂപ നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
പോലീസ് നടപടിയില്‍ വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി യോഗം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. വിഎസ്എസ് ഭാരവാഹികളായ കെ.ആര്‍. രവീന്ദ്രന്‍, കെ.എസ്. ഹരിദാസ്, കെ. ബി. ജയരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: