ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി വിദേശമദ്യ വില്പനശാലകള്‍ അടച്ചതോടെ വ്യാജവാറ്റും വിപണനവും വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് എക്‌സൈസ് വകുപ്പ്. പരിശോധന കര്‍ശനമാക്കി എക് സൈസ് രംഗത്തുണ്ട്.
ജില്ലയില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അന്പതുശതമാനം പേര്‍ ജോലിക്കു ഹാജരായാല്‍ മതിയെന്ന ക്രമീകരണം തല്‍ക്കാലം എക്‌സൈസില്‍ വേണ്ടെന്നും മുഴുവന്‍ ജീവനക്കാരും ജോലിയില്‍ ഉണ്ടാവണമെന്നും നിര്‍ദേശം നല്‍കിയതായി എക്‌സൈസ് അറിയിച്ചു. വാറ്റുകേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലയില്‍ പ്രത്യേകം സ്‌ക്വാഡുകളെ രൂപികരിച്ചിട്ടുണ്ട്. ജില്ലയുടെ വടക്കന്‍ മേഖലയിലെ ദ്വീപുകള്‍ കേന്ദ്രീകരിച്ചും ഒഴിഞ്ഞുകിടക്കുന്ന വീടുകളിലും വാറ്റ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെയെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മുന്‍കാല വാറ്റുകാരെയും കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് പിടിയിലായവരെയും നിരീക്ഷിച്ചു വരികയാണ്. അബ്കാരി നിയമ പ്രകാരം പത്തുവര്‍ഷത്തെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണെന്നറിയാതെയാണ് പലരും ചാരായം വാറ്റുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ചിലര്‍ വന്‍തോതില്‍ ശര്‍ക്കര വാങ്ങിക്കൂട്ടിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് വ്യാജവാറ്റിന് ഉപയോഗിക്കാനാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
വ്യാജവാറ്റു കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ എക്‌സൈസ് ഇന്റലിജന്‍സിനു പുറമേ ഡപ്യൂട്ടി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ എക്‌സൈസും രംഗത്തുണ്ട്. അന്യ സംസ്ഥാനങ്ങളില്‍നിന്നു ജില്ലയിലേക്കു കടത്തുന്നതു തടയാനും നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: