ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് പിന്നാലെ മെയ് രണ്ടിന് ബംഗാളില്‍ നടന്ന അക്രമസംഭവങ്ങളില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐയുടെയോ, പ്രത്യേക സംഘത്തിന്റെയോ അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പരാതിക്കാരുടെ ആരോപണം. അടുത്ത ചൊവ്വാഴ്ച കോടതി വിഷയം വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ വിനീത് സരണ്‍, ബി ആര്‍ ഗവായ് എന്നിവരുടെ അവധിക്കാല ബഞ്ചിന് മുന്‍പിലാണ് അപേക്ഷ എത്തിയത്.
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഇളയ സഹോദരനായ ബിശ്വജിത് സര്‍ക്കാര്‍, മരിച്ച മറ്റൊരാളിന്റെ ഭാര്യ സ്വര്‍ണലത അധികാരി എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് നല്‍കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനിയോട് കോടതി നിര്‍ദേശിച്ചു. ഇത് ഗൗരവമുള്ള കേസ് ആണെന്നും ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ സംസ്ഥാനം ഒരു നടപടിയും എടുക്കുന്നില്ലെന്നും ജഠ്മലാനി വാദിച്ചു.
പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐയുടോയോ, പ്രത്യേക സംഘത്തിന്റെയോ അന്വേഷണം വേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പരാതിയുടെ പകര്‍പ്പ് സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടോയെന്ന് ബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയോട് കോടതി തിരക്കി. ഇല്ലെന്ന് മറുപടി നല്‍കിയപ്പോഴായിരുന്നു പകര്‍പ്പ് നല്‍കാന്‍ പരാതിക്കാരുടെ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചതും മെയ് 25-ലേക്ക് കേസ് മാറ്റിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: