തൃശൂര്‍: ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍ കോവിലിനുള്ള മന്ത്രി സ്ഥാനം തന്റെ രണ്ടാംവരവിന് പോപ്പുലര്‍ ഫ്രണ്ടിന് നല്കിയ പാരിതോഷികമെന്ന് വിമര്‍ശിച്ച് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ഭാരവാഹിയാണ് ഐഎന്‍എല്ലിന്റെ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍. അഹമ്മദ് ദേവര്‍ കോവില്‍ ഐഎന്‍എല്ലിന്റെ ജന സെകട്ടറിയും പ്രസിഡന്റിനോടപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ സാന്നിദ്ധ്യവുമാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
സിമിയില്‍ നിന്ന് വേഷം മാറി തീവ്രവാദ കേസില്‍ കാണ്‍പൂര്‍ ജയിലില്‍ കഴിഞ്ഞ വ്യക്തി ഐഎന്‍എല്ലിന്റെ ദേശീയ പ്രസിഡന്റും പോപ്പുലര്‍ ഫ്രണ്ടില്‍ ദേശീയ നേതാവായും മാറി. എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ഞങ്ങള്‍ക്ക് ബന്ധമില്ലന്ന് ആണയിടുമ്പോഴാണ് ഈ മന്ത്രി സ്ഥാനം പിണറായി വെച്ചുനീട്ടിയിരിക്കുന്നതെന്ന് ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി. അച്ചുതാനന്ദന് കഴിഞ്ഞ 27 വര്‍ഷം പടിക്ക് പുറത്ത് നിര്‍ത്തിയ ഐഎന്എല്ലിനേയാണ് മന്ത്രി സ്ഥാനം കൊടുത്ത് പിണറായി സ്വീകരിച്ചിട്ടുള്ളത്. ഇത് മതേതര കേരളത്തോടുള്ള വഞ്ചനയാണെന്ന് ഗോപാലകൃഷ്ണന് ആരോപിച്ചു.
ഒരു എംഎല്‍എയുള്ള ഐഎന്‍എല്ലിന് രണ്ടര വര്‍ഷം ടേമിലാണ് ഇടതുമുന്നണി മന്ത്രി സ്ഥാനം നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് മുസ്ലീം ലീഗില്‍ നിന്ന് വേര്‍പിരിഞ്ഞ ഐഎന്‍എല്ലിന് സംസ്ഥാന മന്ത്രി സഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: