ഓയൂര്‍: ശക്തമായ മഴയിലും, വീശിയടിച്ച കാറ്റിലും വ്യാപക കൃഷിനാശം. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
കരീപ്ര , വെളിയം, പൂയപ്പള്ളി, വെളിനല്ലൂര്‍, ഉമ്മന്നൂര്‍, ഇളമാട് പഞ്ചായത്തുകളിലെ കൃഷിയിടങ്ങളില്‍ നൂറുകണക്കിന് വാഴകളും, മരച്ചീനി തുടങ്ങിയ കാര്‍ഷികവിളകളും ഒടിഞ്ഞ് വീണു. ഏലാകളില്‍ മഴവെള്ളം കെട്ടി കിടക്കുന്നത് വിളകള്‍ നശിക്കുന്നതിന് കാരണമാകുന്നു. ശക്തമായ മഴ തുടരുകയാണെങ്കില്‍ വാഴ, മരച്ചീനി, നെല്ല് എന്നിവ വെള്ളക്കെട്ടില്‍ നശിക്കും. ഇത്തവണ കൊയ്യാന്‍ പാകമായ നെല്ലുകളാണ് നശിക്കുന്നത്.
കഴിഞ്ഞ ദിവസം പൂയപ്പള്ളി മരുതമണ്‍പള്ളി ഏലായില്‍ നെല്ലിവിള വീട്ടില്‍ രാജുവിന്റെ 400ലധികം കുലച്ചതും കുലയ്‌ക്കാറായതുമായ വാഴകളാണ് നിലംപതിച്ചത്. പൂയപ്പള്ളി പഞ്ചായത്തിലെ തന്നെ നെല്ലിപ്പറമ്പ് ഏലായില്‍ കാറ്റിലും മഴയിലും കൃഷി നശിച്ചു.
കഴിഞ്ഞ ദിവസം രാത്രി ചെയ്ത ശക്തമായി പെയ്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ പൂയപ്പള്ളി നെല്ലിപ്പറമ്പ് ഏലായില്‍ അനിത വിലാസത്തില്‍ സുരേഷ്‌കുമാര്‍, അജി വിലാസത്തില്‍ ഗോപാലകൃഷ്ണപിള്ള, സുനില്‍ ഭവനില്‍ ജനാര്‍ദ്ദന പിള്ള എന്നീ കര്‍ഷകരുടെ മരച്ചീനി, ഏത്തവാഴകള്‍, പച്ചക്കറികള്‍ എന്നിവയാണ് ഭാഗികമായി നശിച്ചത്. ഉമ്മന്നൂര്‍ പഞ്ചായത്തിന്റ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയും വെള്ളം കയറി നശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: