നാശത്തിന്റെ പ്രവാചകരെ വീണ്ടും നിരാശപ്പെടുത്തി രാജ്യത്തിന്റെ കൊവിഡ് വളവ് ഒരിക്കല്‍ക്കൂടി നിവര്ന്നുകൊണ്ടിരിക്കുമ്പോള് ഏറെ ശ്രമകരമായ ഈ ദൗത്യത്തില്‍ മുന്നില്‍നില്‍ക്കുന്നത് ഉത്തര്‍പ്രദേശാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ മുക്തകണ്ഠമായ പ്രശംസ നേടിയിരിക്കുന്നു. ഉത്തര്‍പ്രദേശ് അങ്ങേയറ്റം വരെ പോയി കൊവിഡിനെ ചെറുക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെ സംഭവിക്കുന്നതിനാലാവാം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രാഷ്ട്രീയപ്രേരിതമായി അടിസ്ഥാനരഹിതമായ ആരോപണങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുകയാണ് ചിലര്‍. ഗ്രാമപ്രദേശങ്ങളില്‍ വീടുകള്‍ തോറും കയറിയിറങ്ങി പരിശോധന നടത്തി രോഗലക്ഷണമുള്ളവരെയും, അവരുടെ സമ്പര്‍ക്കത്തില്‍ വന്നവരെയും കണ്ടെത്തി ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും, ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയാണ് വിജയം കണ്ടിരിക്കുന്നത്. ഇതിനായി ഒന്നേകാല്‍ ലക്ഷത്തോളം സംഘങ്ങളെയും ഇരുപതിനായിരത്തിലേറെ മേല്നോട്ടക്കാരെയുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയുമ്പോള്‍ ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ വ്യാപ്തി മനസ്സിലാവും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതിനുവേണ്ട പരിശീലനം ലഭിക്കുന്നു. കൃത്യമായ ആസൂത്രണമാണ് മറ്റൊരു കാര്യം.
കുട്ടികള്‍ക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് എല്ലാ ജില്ലകളിലും യോഗി സര്‍ക്കാര്‍ നല്‍കുന്നത്. ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ഇതിനായി കുട്ടികള്‍ക്കുവേണ്ടിയുള്ള ഐസിയുകളും, അതില്‍ നിശ്ചിത തോതില്‍ കിടക്കകളും സജ്ജമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വെന്റിലേറ്ററുകളും ഓക്സിജന്‍ കോണ്‍സന്റേറ്ററുകളും ജില്ലകള്‍ തോറും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ജീവന് രക്ഷാ മരുന്നുകളുടെ കുറവ് ഒരു സമയത്തും ഉണ്ടാവരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. രോഗിക്ക് കുത്തിവയ്പ്പുകള്‍ വേണ്ടിവരുമ്പോള്‍ ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ഉറപ്പാക്കുന്നു. സംസ്ഥാനത്തെ പൗരന്മാരെ എല്ലാവരെയും പ്രതിരോധ കുത്തിവയ്പ്പിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുകയാണ്. ഒന്നേകാല്‍ കോടിയിലേറെ പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കി ഇക്കാര്യത്തിലും രാജ്യത്ത് മുന്നില്‍നില്‍ക്കുകയാണ് ഉത്തര്‍പ്രദേശ്. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാനായി ചികിത്സാരംഗത്ത് മനുഷ്യവിഭവശേഷി ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി മെഡിക്കല്‍-പാരാ മെഡിക്കല്‍ അവസാന വര്‍ഷക്കാരെയും ഇന്റേണ്ഷിപ്പുകാരെയും കണ്ടെത്തി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.
ഇതിന്റെയൊക്കെ ഫലമായി കേവലം 15 ദിവസത്തിനകം പ്രതിദിനം രോഗികളാവുന്നവരുടെ തോത് 11 ശതമാനത്തിലേക്ക് താഴ്ത്തിക്കൊണ്ടുവരാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. ഏപ്രില്‍ 30 ന് ഇത് 25 ശതമാനമായിരുന്നു. രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് രോഗികളാവുന്നവരുടെ എണ്ണം കുതിച്ചുകയറിയിരുന്നു. പല ദിവസങ്ങളിലും 30,000 ലേറെയായിരുന്നു രോഗികളുടെ എണ്ണം. കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് നല്കുന്ന സന്ദേശം വ്യക്തമാണ്. ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെയും, ഭാവിയില്‍ ഒരു മൂന്നാം തരംഗമുണ്ടായാലും രാജ്യത്തിന് അതിജീവിക്കാന്‍ കഴിയും. കേന്ദ്രസര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും യുദ്ധം പ്രഖ്യാപിക്കുന്നത് മാറ്റിവച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആത്മാര്‍ത്ഥമായും ഫലപ്രദമായും പ്രവര്‍ത്തിക്കാന്‍ കഴിയണം. 22 കോടിയോളം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന് കൊവിഡിനെ പിടിച്ചുകെട്ടാനാവുമെങ്കില്‍ അതിന്റെ ആറിലൊന്ന് ജനസംഖ്യയുള്ള കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയേണ്ടതാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് നില്‍ക്കാതെ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടതുപോലെ കൊവിഡ് എന്ന അദൃശ്യനായ ശത്രുവിനെ നേരിടാനുള്ള മികവ് പ്രകടിപ്പിക്കണം. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന് അതിന് കഴിയുന്നത് വലിയ പ്രചോദനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: