തിരുവല്ല: കൊവിഡ് പ്രതിസന്ധി മൂലം ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ ക്ലാസ് കയറ്റം വൈകുന്നു. രോഗവ്യാപനത്തിന് മുമ്പ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠന മികവ് നിശ്ചയിക്കാന്‍ സ്കോര്‍ കാര്‍ഡുകള്‍ നല്കാന് തീരുമാനിച്ചിരുന്നു. ഫസ്റ്റ് ബെല്‍ ക്ലാസുകളിലൂടെ ആര്‍ജിച്ച അറിവ് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ബിആര്‍സികളില്‍ നിന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര്മാര് മുഖേന ലഭിക്കുന്ന പുസ്തക രൂപത്തിലുള്ള കാര്‍ഡുകളില്‍ കുട്ടികള്‍ പൂര്‍ത്തിയാക്കുന്ന അഞ്ചെണ്ണം വിലയിരുത്തി ഗ്രേഡ് നല്കാന് തീരുമാനിച്ചത്. സ്കോര്‍ കുറഞ്ഞാലും എല്ലാവരെയും ജയിപ്പിക്കാനായിരുന്നു നിര്‍ദേശം.
എന്നാല്‍ കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഠന മികവ് രേഖ ഒമ്പതാം ക്ലാസുകാര്‍ക്ക് മാത്രമായി ചുരുക്കി. സ്കൂളുകളില്‍ എത്തിയ സ്കോര്‍ കാര്‍ഡുകള്‍ ഇതുവരെ ഒമ്പതാം ക്ലാസുകളിലെ കുട്ടികള്‍ക്ക് കൈമാറാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ പത്താം ക്ലാസിലേക്കുള്ള സ്ഥാനക്കയറ്റവും സാങ്കേതിക കുരുക്കിലായി. അവധിക്കാല ഓണ്‍ലൈന്‍ ക്ലാസുകളും ത്രിശങ്കുവിലായി. ഇതിനിടെ ചില സ്കൂളുകള്‍ എല്ലാവര്ക്കും ക്ലാസ് കയറ്റം ലഭിക്കുമെന്നതിനാല്‍ സ്വന്തം നിലയ്ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി.
പ്രമോഷന് പട്ടിക തയാറാകാത്തതിനാല്‍ കുട്ടികളുടെ ടിസി കൊടുക്കാനും കഴിയുന്നില്ല. ഇതു മൂലം അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള കുട്ടികളുടെ അഡ്മിഷനും പ്രതിസന്ധിയിലാണ്. ഡിവിഷന് നഷ്ടപ്പെടാതെയിരിക്കാന്‍ അധ്യാപകര്‍ സ്വന്തം നിലയ്ക്ക് അഞ്ച്, എട്ട് ക്ലാസുകളിലേക്ക് കുട്ടികളെ കണ്ടെത്തുകയാണ്. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളെ ടിസി ഇല്ലാത്തതിനാല്‍ അഡ്മിഷന് രജിസ്റ്ററില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ ഒരു സ്കൂള്‍ കണ്ടുവയ്ക്കുന്ന കുട്ടികളെ വാഗ്ദാനം നല്കി തൊട്ടടുത്ത സ്കൂളുകാര്‍ക്ക് എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. ഈ കൊവിഡ് മഹാമാരി കാലത്തും സ്കൂള്‍ അധികൃതര്‍ കുട്ടികളെ പിടിക്കാനുള്ള ഓട്ടത്തിലാണ്. ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും വാഗ്ദാനപ്പെരുമഴയാണ്. ചിലര്‍ എട്ടാം ക്ലാസുകാര്‍ക്കും അവധിക്കാല ഓണ്‍ലൈന്‍ ക്ലാസ് നല്കി ഉറപ്പിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: