ഇടുക്കി: ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് വേനല്‍മഴ. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഇത്രയും അധികം മഴ ഈ സീസണില്‍ ലഭിച്ചിട്ടില്ലെന്ന് കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഇന്നലെ രാവിലെ 8.30ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം സംസ്ഥാനത്താകെ 52.4 സെ.മീ. മഴ ശരാശരി ലഭിച്ചു. സാധാരണ ലഭിക്കുന്ന മഴയുടെ 130 ശതമാനം കൂടുതലാണ്. അതേസമയം, ലക്ഷദ്വീപില്‍ 323 ശതമാനം മഴ കൂടി. 40 സെ.മീ. ആണ് ഇവിടെ ലഭിച്ച മഴ. കണ്ണൂര്‍- 224, എറണാകുളം-189, കാസര്‍കോട്- 177, പത്തനംതിട്ട-170, കോട്ടയം -168, തിരുവനന്തപുരം-148, തൃശൂര്‍ -137, കോഴിക്കോട്- 122, ആലപ്പുഴ-107, മലപ്പുറം-106, വയനാട് -108, പാലക്കാട്- 92, ഇടുക്കി-88, കൊല്ലം -79 ശതമാനം വീതം ജില്ലകളില്‍ മഴ കൂടി. രണ്ട് ദിവസം കൊണ്ട മാത്രം 89 ശതമാനം മഴയാണ് ലഭിച്ചത്.
മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയാണ് സാധാരണ വേനല്‍മഴ അഥവാ പ്രീ മണ്‍സൂണ്‍ മഴ ലഭിക്കുക. ഏറ്റവും കൂടുതല്‍ മഴ ഈ സമയത്ത് ലഭിക്കുക കാലവര്‍ഷം എത്തുന്നതിന്റെ ഭാഗമായി മെയ് അവസാനത്തോടെയുമാണ്. ചുഴലിക്കാറ്റ് ദുര്‍ബലമായാലും സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടവിട്ടുള്ള മഴ ലഭിക്കും.
കരുതണം കാലാവസ്ഥ വ്യതിയാനത്തെ
കഴിഞ്ഞ ഏതാനം ദിവസമായി മഴയുടേയും കാറ്റിന്റേയും രൂപത്തിലുണ്ടായ പ്രശ്നങ്ങള്‍ സംസ്ഥാനത്ത് ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണ്. കാലവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം ബംഗാള്‍ ഉള്‍ക്കടലിനെ അപേക്ഷിച്ച് അറബിക്കടല്‍ ചൂടുപിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് മൂലം ന്യൂനമര്‍ദം, ചുഴലിക്കാറ്റ് എന്നിവ സമയത്തും അസമയത്തും രൂപം കൊള്ളാം. അത് കേരളത്തെ ബാധിക്കാനും തീവ്രമായ മഴ പോലുള്ളവ ഏത് സമയത്തും എത്തിയേക്കാം. ചെറിയ ഡാമുകളടക്കം വേഗം നിറയാനും പ്രളയ ഭീഷണിക്കും ഇതിനാല്‍ സാധ്യതയുണ്ട്. സംസ്ഥാനത്തെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഇതിന് അനുസരിച്ച് വലിയ രീതിയില്‍ ശക്തിപ്പെടുത്തണം.
ഡോ. ഗോപകുമാര്‍ ചോലയില്‍
(കാലാവസ്ഥ ഗവേഷകന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: