കണ്ണൂര്‍: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വന്‍ നാശം. 21 വീടുകള്‍ ഭാഗികമായും ഒരു കിണര്‍ പൂര്‍ണമായും തകര്‍ന്നു. തലശേരി താലൂക്കില്‍ 11 വീടുകളും തളിപ്പറമ്പ താലൂക്കില്‍ ഒമ്പത് വീടുകളും ഇരിട്ടി താലൂക്കില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്. തലശ്ശേരി താലൂക്കിലെ കോടിയേരി മുബാറക് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ഇരിട്ടി ഛ4902494910, തളിപ്പറമ്പ് ഛ4602202569 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍. ജില്ലയില്‍ 53.2 ഹെക്ടര്‍ കൃഷി നാശമുണ്ടായി. പലയിടങ്ങളിലും കടല്‍ കയറി. നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
തലശ്ശേരി താലൂക്കില്‍ കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് പെട്ടിപ്പാലം കോളനി നിവാസികളെ മുബാറക് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 24 കുടുംബങ്ങളിലായി 91 പേരെയാണ് മാറ്റി താമസിപ്പിച്ചത്. ഇതില്‍ 37 പുരുഷന്മാരും 54 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരില്‍ 12 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്. കടല്‍ക്ഷോഭമുണ്ടായ പെട്ടിപാലം കോളനി എ എന്‍ ഷംസീര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, റവന്യൂ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.
കടലാക്രമണം രൂക്ഷമായ ന്യൂ മാഹി, തലശ്ശേരി, തിരുവങ്ങാട് വില്ലേജുകളിലെ 11 കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ന്യൂമാഹിയിലെ ആറു കുടുംബത്തെയും തലശ്ശേരിയിലെ രണ്ടു കുടുംബത്തെയും തിരുവങ്ങാട് മൂന്ന് കുടുംബങ്ങളെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ചെരുവാഞ്ചേരി, എരഞ്ഞോളി, ധര്‍മ്മടം, പാടുവിലായി, പാനൂര്‍, പാട്യം, പെരിങ്ങളം, പെരിങ്ങത്തൂര്‍, പുത്തൂര്‍, തലശ്ശേരി പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട 11 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. പാനൂര്‍ കൈവേലിക്കല്‍ ശ്രീനാരായണ മഠത്തിനു സമീപം മരുന്നന്റവിട അച്യുതന്റെ കിണറും, കിണറിനോട് ചേര്‍ന്നുള്ള കുളിമുറിയും ഭൂമിക്കടിയിലേക്ക് താഴ്ന്നു.
തലായിയില്‍ നിന്ന് കടലില്‍ പോയ മൂന്ന് മത്സ്യ ബന്ധന തൊഴിലാളികളെ കോസ്റ്റല്‍ പൊലീസ് ശനിയാഴ്ച രാത്രി 10.30 ഓടെ കണ്ടെത്തി കരയിലെത്തിച്ചു. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ പയ്യന്നൂര്‍ താലൂക്കിലെ മാടായി വില്ലേജിലെ ചൂട്ടാട് ഒരു കുടുംബത്തിലെ എട്ട് പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. കൊവിഡ് ബാധിതരായ മജീദ്, ഭാര്യ, ഉമ്മ എന്നിവരെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ആംബുലന്‍സിലാണ് ബന്ധുവീട്ടിലേക്ക് മാറ്റിയത്.
കുഞ്ഞിമംഗലം പുതിയ പുഴക്കരയിലെ എം യശോദയുടെ ഓടുമേഞ്ഞ വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണു. കടല്‍ക്ഷോഭം മുന്നില്‍ക്കണ്ട് രാമന്തളിയിലെ എം ടി കെ ഖാദിമിന്റെ കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
എരമം നോര്‍ത്തിലെ പത്മാക്ഷിയുടെ വീടിനു മുകളില്‍ കവുങ്ങ് പൊട്ടിവീണ് ഭാഗികമായ നാശനഷ്ടം ഉണ്ടായി. അയ്യായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മരം പൊട്ടിവീണ് കോറോം വടക്കെ പുരയില്‍ കാര്‍ത്യായനിയുടെ വീടിന് പതിനയ്യായിരത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു. കരിവെള്ളൂര്‍ കുണിയന്‍ കിഴക്കെ പുരയില്‍ കല്യാണിയുടെ വീടിന്റെ ചുമര്‍ പൂര്‍ണമായും തകര്‍ന്നു.
ഏഴോം വില്ലേജിലെ അടുത്തിലയില്‍ കാരക്കീല്‍ ഉണ്ണിയുടെ വീട്ടിനു മുകളില്‍ മരം പൊട്ടിവീണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. ചെറുതാഴം വില്ലേജില്‍ വിളയാങ്കോട് പെരിയാട്ട് പുതിവീട് ശ്രീരാഗിന്റെ പറമ്പിലെ മതില്‍ ഇടിഞ്ഞു.പയ്യന്നൂര്‍ താലൂക്കില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെയാണ് ബന്ധുവീടുകളിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുള്ളത്. ഇതുവരെ ദുരിതാശ്വസ ക്യാമ്പുകള്‍ തുറന്നിട്ടില്ല. പ്രശ്നബാധിത പ്രദേശങ്ങള്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
ശക്തമായ മഴയില്‍ പയ്യന്നൂര്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ (തപാല്‍ സ്‌കൂള്‍) മതില്‍ ഇടിഞ്ഞു. നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.വി. ലളിത, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മാടായി മാട്ടൂല്‍ പഞ്ചായത്തുകളില്‍ രൂക്ഷമായ കടലാക്രമണം ഉണ്ടായി.വെള്ളിയാഴ്ച ഉച്ചയോടെയാണ് കടലാക്രമണം ഉണ്ടായത്. പുതിയങ്ങാടി പൂട്ടാട്, നീരൊഴുക്കും ചാല്‍, കക്കാടന്‍ ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലും കടലാക്രമണം രൂക്ഷമാണ്. കക്കാടഞ്ചാല്‍ പ്രദേശത്ത് തെങ്ങ് കടപുഴകി വീണു. തീരദേശ മേഖലയില്‍ കടല്‍ഭിത്തി തകര്‍ത്ത് റോഡിലേക്ക് വെള്ളം കയറി. തീരദേശ മേഖലയിലെ റോഡുകളും തകര്‍ന്നിട്ടുണ്ട്. രാമന്തളി പാലക്കോട് വലിയ കടപ്പുറത്ത് എണ്‍പത് മീറ്ററിലധികം കരയിലേക്ക് കടല്‍ കയറി. തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രതാ നിര്‍ദേശവുമായി പഴയങ്ങാടി പൊലീസ് അനൗണ്‍സ്മെന്റ് നടത്തി. പയ്യന്നൂര്‍ നഗരസഭ കാനായി മീന്‍കുഴി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ശക്തമായ മഴയില്‍ പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകി പ്രദേശങ്ങളിലെക്ക് വെള്ളം കയറിയതിനെ തുടര്‍ന്നാണിത്.
കണ്ണൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വീട്ടുമതില്‍ തകര്‍ന്ന് നാശനഷ്ടം ഉണ്ടായി. കടമ്പൂര്‍ പഞ്ചായത്തില്‍ എടക്കാട് റെയില്‍വേ ഗേറ്റിനു സമീപം രണ്ട് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ കടമ്പൂര്‍ പെര്‍ഫെക്ട് സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം പ്രകാശന്‍ എന്നയാളുടെ വീട്ടു മതില്‍ തകര്‍ന്നു വീണ്ടും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എടക്കാട് കുറുവ ബാങ്കിന് സമീപം റൗലാബിയുടെ വീട്ടു മതില്‍ തകര്‍ന്നു. ചെറുകുന്നില്‍ പത്താം വാര്‍ഡിലെ ഇടുമ്പത്തറിയന്‍ മാധവന്റെ വീട്ടു വരാന്തയിലേക്ക് തെങ്ങ് കടപ്പുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. ചേലോറയില്‍ തിലാനൂര്‍ വൈദ്യര്‍ കണ്ടിക്ക് സമീപം സോന -അനൂപ് ദമ്പതികളുടെ വീടിന്റെ മതില്‍ തകര്‍ന്നു വീടിനു നാശനഷ്ടം സംഭവിച്ചു. കൂടാളി ചക്കരക്കല്‍ റോഡില്‍ കണ്ണന്‍കുന്നില്‍ വീട്ട് മതില്‍ തകര്‍ന്നു പുതുതായി പണിയുന്ന വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പയ്യാമ്പലം, മൈതാനപ്പള്ളി , അഴീക്കല്‍ചാല്‍ എന്നിവിടങ്ങളിലും കടലേറ്റം രൂക്ഷമായി.
തളിപറമ്പ് താലൂക്കിലെ ശ്രീകണ്ഠാപുരം വില്ലേജിലെ ചെരിക്കോട് കോടി വീട്ടില്‍ ശശിധരന്റെ വീട് തകര്‍ന്ന് അപകട ഭീഷണി നേരിടുന്നതിനാല്‍ നാലംഗ കുടുംബത്തെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു . പുലിക്കുരുമ്പ-കുടിയാന്മല റോഡില്‍ ന്യൂനടുവില്‍ വില്ലേജ് പരിധിയിലെ ചപ്പാത്ത് റോഡില്‍ പാലം നിര്‍മ്മാണത്തെ തുടര്‍ന്ന് താല്‍കാലികമായി നിര്‍മ്മിച്ച റോഡ് തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു . ഇവിടെ കാല്‍നട ഗതാഗതം പുന:സ്ഥാപിച്ചു. വാഹനഗതാഗതം വഴി മാറ്റി വിട്ടു. കുറ്റേരി വില്ലേജില്‍ വീടിനുമേല്‍ മരം പൊട്ടി വീണും നാശനഷ്ടമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക