തിരുവനന്തപുരം: മഴയും കാറ്റും കടലാക്രമണവും കേരളത്തില്‍ വന്‍ നാശം വിതച്ചു. തെക്കുകിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി മാറിയതോടെയാണ് സംസ്ഥാനത്ത് കനത്ത മഴയുണ്ടായത്. ഇടുക്കിയില്‍ രണ്ടു പേര് മരിച്ചു.
തലസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കടലാക്രമണത്തില്‍ വലിയതുറ കടല്പാലം ചരിഞ്ഞു. തുമ്പ, പള്ളിപ്പുറം എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂരകള്‍ പറന്നുപോയി. വര്‍ക്കലയിലും നെടുമങ്ങാടും മരം റോഡിലേക്ക് വീണു. ജില്ലയില്‍ 710 പേര് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിവച്ച വാക്സിനേഷന് വിതരണം ഇന്നലെ 59 കേന്ദ്രങ്ങളില്‍ നടന്നു.
കൊല്ലത്ത് പരവൂര്‍ മുതല്‍ ആലപ്പാടു വരെയുള്ള മേഖലകളില്‍ കടല്‍ കരയിലേക്ക് കയറി. നിരവധി വീടുകളില്‍ വെള്ളം കയറി. തീരദേശ പാതകള്‍ പലയിടങ്ങളിലും കടലെടുത്തു. താഴ്ന്ന പ്രദേശങ്ങളായ മണ്‍ട്രോതുരുത്ത് ഉള്‍പ്പടെ വെള്ളത്തിനടിയിലായി. ഇത്തിക്കര ആറ് കരകവിഞ്ഞു. അടിയന്തര കൊവിഡ് ചികിത്സാ ആവശ്യങ്ങള്‍ക്കായി വ്യവസായ യൂണിറ്റുകള്‍, ചെറുകിട വ്യാപാരികള്‍, വ്യവസായ അസോസിയേഷനുകള്‍ എന്നിവരുടെ കൈവശമുള്ള വ്യവസായ ഓക്സിജന്‍ സിലിണ്ടറുകള്‍ സമാഹരിക്കാന്‍ തുടങ്ങി.
പത്തനംതിട്ടയില്‍ പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കലഞ്ഞൂര്‍, കൂടല്തോട് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുന്നു. പുനലൂര്‍-മൂവാറ്റുപുഴ ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ആലപ്പുഴയിലെ വലിയഴീക്കല്‍ മുതല്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട് വരെയുള്ള തീരമേഖലയില്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായി.
കോട്ടയത്ത് മഴ ശക്തമായിരുന്നു. മീനച്ചല്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കരൂരിലും കുമരകത്തും ശക്തമായ കാറ്റില്‍ മരം വീണ് വീടുകള്‍ തകര്‍ന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്ടില്‍ വീടുകളില്‍ വെള്ളം കയറാനുള്ള സാധ്യതയേറി. മടവീണതിനെ തുടര്‍ന്ന് മൂന്ന് പാടശേഖരം വെള്ളത്തിനടിയിലായി.
എറണാകുളം ജില്ലയില്‍ നാനൂറോളം വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചെല്ലാനത്ത് ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. കൊടുങ്ങല്ലൂരില്‍ തീരമേഖലയില്‍ നിന്നും 135 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊച്ചി പള്ളുരുത്തിയിലാണ് മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഇടുക്കി, കല്ലാര്‍കുട്ടി, മലങ്കര ഡാമുകള്‍ തുറന്നു. മൂന്നാറിലെ തോട്ടം മേഖലയില്‍ മഴ കനത്തതോടെ മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു.
കണ്ണൂരില്‍ നൂറോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. നിരവധി വീടുകളില്‍ വെള്ളം കയറി. കോഴിക്കോട് ശക്തമായ മഴ നഗരത്തിലും ഗ്രാമത്തിലും തുടരുന്നു. തീരദേശത്തെ റോഡുകള്‍ തകര്‍ന്നു. ബേപ്പൂര്‍, കടലുണ്ടി എന്നവിടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായിരുന്നു. കാസര്‍കോട് കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും തുടരുന്നു. കാസര്‍കോട് പെര്‍വാഡ് കടപ്പുറത്ത് കടല്‍ക്ഷോഭം ശക്തമാണ്. മുപ്പതോളം വീടുകളില്‍ കടല്‍വെള്ളം ഇരച്ചുകയറി. തുടര്‍ന്ന് ആളുകളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. നിരവധി മരങ്ങള്‍ കടപുഴകി.
ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും. ഓറഞ്ച് അലര്‍ട്ടുള്ള മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും അതിശക്തമായ മഴയും ലഭിക്കാം. നാളെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. 19 വരെ ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മഴ കേരളത്തിലെമ്പാടും പരക്കെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: