ന്യൂദല്‍ഹി: കൊവിഡിനോട് പോരാടാന്‍ സേവാഭാരതിക്ക് സഹായവുമായി ട്വിറ്റര്‍. രണ്ടര മില്യണ്‍ ഡോളറാണ്(18,31,97,750 രൂപ) സേവാഭാരതിയുടെ സ്ഥാപനമായ സേവാ ഇന്റര്‍നാഷണലിന് ട്വിറ്റര്‍ സംഭാവന നല്‍കിയത്. ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സേ അറിയിച്ചതാണിത്. ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങാനാണ് പണം നല്‍കുക. ഹെല്‍പ്പ് ഇന്ത്യ ഡിഫീറ്റ് കൊവിഡ് ക്യാമ്പയിനു വേണ്ടിയാണ് സംഭാവന.
ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി നേരിടാന്‍ മൊത്തം 100 കോടിയിലേറെ രൂപയാണ് നല്‍കുന്നത്. 74 കോടി രൂപ (പത്തു മില്യണ്‍ ഡോളര്‍) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സന്നദ്ധ സംഘടനയായ കെയറിനും 18 കോടി വീതം സേവ ഇന്റര്‍നാഷണലിനും എയ്ഡ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയ്ക്കും. ഈ പണം വിനിയോഗിച്ച് വാങ്ങുന്ന ഉപകരണങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കൊവിഡ് സെന്ററുകള്‍ക്കും വിതരണം ചെയ്യും, ട്വിറ്റര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സേവാ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. സേവാ ഇന്റര്‍നാഷണല്‍ ഫണ്ട് ഡെവല്പ്മെന്റ് വൈസ് പ്രസിഡന്റ് സന്ദീപ് ഖാഡേക്കര്‍ പ്രതികരിച്ചു. വെറും അഞ്ചു ശതമാനം മാത്രമാണ് പ്രവര്‍ത്തന ചെലവ്. ബാക്കി 95 ശതമാനവും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടാന്‍ കഴിയും, അദ്ദേഹം പറഞ്ഞു. ഹൂസ്റ്റണിലാണ് സേവാ ഇന്റര്‍നാഷണല്‍ ആസ്ഥാനം. ഇതോടെ ഇതിനകം സേവാ ഇന്റര്‍നാഷണല്‍ കൊവിഡ് പോരാട്ടത്തിന് സംഭരിച്ചത് 128 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: