കാഠ്മണ്ഡു: കഴിഞ്ഞ ദിവസം വിശ്വാസവെട്ടെടുപ്പില് പരാജയപ്പെട്ട കെ.പി. ശര്‍മ്മ ഓലി വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
മറ്റു പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പറ്റാതെ വന്ന സാഹചര്യത്തില്‍ പ്രസിഡന്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) നേതാവ് ഓലിയെ വീണ്ടും ക്ഷണിക്കുകയായിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവാണ് ഓലി. ഇനി ഒരു മാസത്തിനകം അദ്ദേഹം തന്റെ ഭൂരിപക്ഷം തെളിയിക്കണം. കോവിഡ് പ്രതിസന്ധിയില്‍ നേപ്പാള്‍ വലയുന്ന സാഹചര്യത്തിലാണ് അടിയന്തരമായി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ശ്രമിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ നിര്‍ദേശപ്രകാരമാണ് ജനപ്രതിനിധിസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നത്.അന്ന് ശര്‍മ്മ ഓലിയ്ക്ക് 93 വോട്ടുകളാണ് ലഭിച്ചത്. വിശ്വാസവോട്ട് നേടാന്‍ 275 അംഗ സഭയില്‍ ജയിക്കാന്‍ 136 വോട്ടുകളാണ് വേണ്ടത്. 124 അംഗങ്ങള്‍ എതിരായ വോട്ട് ചെയ്തു. ഇതോടെ ശര്‍മ്മ ഓലിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ താഴെവീണു. പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡയുടെ സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) ഒലിയുടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പ് വേണ്ടി വന്നത്.
എന്നാല്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളായ നേപ്പാളി കോണ്‍ഗ്രസ്-മാവോയിസ്റ്റ് സഖ്യത്തിന്റെ നീക്കം പാളി. മഹന്ത താക്കൂറും രാജേന്ദ്ര മഹാതോയും നയിക്കുന്ന ജനതാ സമാജ്ബാദി പാര്‍ട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കിയില്ല. അതോടെയാണ് പ്രതിപക്ഷനീക്കം പൊളിഞ്ഞത്. പ്രതിപക്ഷത്തിന് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതായതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) നേതാവ് ഓലിയെ പ്രസിഡന്റ് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: